സകാക: നാട്ടിൽ കൊട്ടിക്കലാശത്തിലേക്കു നീങ്ങുന്ന പൊതുതെരഞ്ഞെടുപ്പിൻെറ വീറും വാശിയും അതേ ചൂടിൽ ആവാഹിച്ച സൗദിയിലെ പ്രവാസലോകത്തുനിന്നു മലയാളിയുടെ രാഷ്ട്രീയാതിപ്രസരത്തിന് ഒരു ബലിയാട്. ഇടത്തും വലത്തും നിന്നു പോരടിച്ച രണ്ടു മലയാളികളുടെ രാഷ്ട്രീയ അങ്കക്കലി കൈയാങ്കളിയിലത്തെിയപ്പോൾ യു.ഡി.എഫുകാരന് നാടുവിടാൻ എക്സിറ്റ്. എൽ.ഡി.എഫുകാരന് ലോക്കപ്പും. വടക്കൻ സൗദിയിലെ സകാകയിൽ തിങ്കളാഴ്ചയാണ് സംഭവം. കോൺഗ്രസ് പ്രവ൪ത്തകനായ തൃശൂ൪ കൊടുങ്ങല്ലൂരിലെ രവികുമാറും സി.പി.എമ്മുകാരനായ കോഴിക്കോട് വടകരയിലെ മുജീബും സൗദിയിലത്തെിയിട്ട് വ൪ഷം ഒന്നു തികഞ്ഞിട്ടില്ല. സകാകയിൽ നിന്നു 30 കിലോമീറ്റ൪ അകലെ റഹ്മാനിയ്യയിൽ സൗദി ടെലഫോൺസിൻെറ കേബിളിനു കുഴിക്കുന്ന ജോലിയിലാണ് ഇരുവരും. മുജീബ് കേബിൾ ഓപറേറ്റ൪, രവി പൊകൈ്ളൻ ഓപറേറ്ററും. നാട്ടിൽ തെരഞ്ഞെടുപ്പായതോടെ ഇരുവരുടെയും രാഷ്ട്രീയാവേശം ഉണ൪ന്നു. അന്യോന്യം ആശയസമരവും വാദപ്രതിവാദവും മൂത്തു. ഫേസ്ബുക്ക് ആയിരുന്നു ഇവരുവരുടെയും പോ൪ക്കളം. വടകര സ്ഥാനാ൪ഥി മുല്ലപ്പള്ളി മുതൽ ഉമ്മൻചാണ്ടി വരെയുള്ള എല്ലാ യു.ഡി.എഫ് നേതാക്കളെയും സരിത വിവാദം ചേ൪ത്തുവെച്ചുള്ള ആക്ഷേപകാ൪ട്ടൂണുകളും ശകാരവുമായി മുജീബ് സജീവമായി. പാഞ്ചാലി വസ്ത്രാക്ഷേപം ഇതിവൃത്തമാക്കിയുള്ള കാ൪ട്ടൂണിന് വി.എസ്-പിണറായി വെളിച്ചപ്പാടും ചോരകുടിയുമായി രവിയുടെ മറുപടി.
ഫേസ്ബുക്കിലൂടെ അസഭ്യവും ശകാരവ൪ഷവുമായി കത്തിക്കയറിയ ത൪ക്കം ചൊവ്വാഴ്ച തൊഴിൽസ്ഥലത്തേക്കും വ്യാപിച്ചു. ചായ കുടിക്കുന്നതിനിടെ വക്കാണം മൂത്ത് കപ്പെടുത്തു ഒരാൾ അപരനെ എറിഞ്ഞു. പിന്നീട് ജോലി സ്ഥലത്ത് കേബിളിനു കീറിയ സ്ഥലം മണ്ണിട്ടു നികത്തുന്നതിനു മേൽനോട്ടം വഹിച്ച് മുജീബ് കുഴിയിൽ ഇറങ്ങി. പൊകൈ്ളനിൽ മണ്ണെടുത്തു കുഴിയിലത്തെിക്കാൻ രവി വണ്ടിയിലും കയറി. അവിടെയും ത൪ക്കം തുട൪ന്നു. അരിശം മൂത്ത രവി പൊകൈ്ളനിലെടുത്ത മണ്ണ് മുജീബിൻെറ ദേഹത്ത് ചൊരിഞ്ഞു. സംഭ്രമിച്ചു പോയ മുജീബ് കുഴിയിൽ നിന്നു കയറി രവിയെ തല്ലാൻ ഓടിയടുത്തു. മറ്റു തൊഴിലാളികൾ ഇരുവരെയും പിടിച്ചുമാറ്റി. അതിനിടെ പട്രോളിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സ്ഥലത്തത്തെി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സൗദിയിൽ പുതുക്കക്കാരായതിനാൽ ഇരുവ൪ക്കും ഭാഷ വശമുണ്ടായിരുന്നില്ല. സകാകയിൽ മരണപ്പെട്ട കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലത്തെിക്കുന്നതുമായി ബന്ധപ്പെട്ട് മലയാളി സാമൂഹികപ്രവ൪ത്തകൻ നൗഷാദ് പോത്തൻകോട് സ്റ്റേഷനിലുണ്ടായിരുന്നു. ഇരുവരെയും വിസ്തരിക്കാൻ പൊലീസ് നൗഷാദിൻെറ സഹായം തേടി. അവ൪ സംഭവം വിശദീകരിച്ചു. പൊലീസ് രണ്ടു പേരുടെയും ഫേസ് ബുക്ക് പേജുകൾ പരിശോധിച്ചു കാര്യങ്ങൾ മനസ്സിലാക്കി. രണ്ടു പേരും മോശമായ ഭാഷയാണ് പ്രയോഗിച്ചിരുന്നത്. മുജീബ് നാട്ടിലുള്ളവ൪ക്ക് രവിയുടെ നമ്പ൪ നൽകി അവിടെ നിന്നും വിളിപ്പിച്ച് ശകാരം കേൾപ്പിച്ചിരുന്നുവെന്ന് രവി കുറ്റപ്പെടുത്തി. പാലീസ് രണ്ടുപേരുടെയും സ്പോൺസ൪മാരെ വിളിച്ചുവരുത്തി. ഇഖാമ പരിശോധിച്ചപ്പോൾ രവി സ്പോൺസ൪ മാറി ജോലി ചെയ്യുന്നത് വെളിപ്പെട്ടതോടെ ആ കേസിലും കുടുങ്ങുമെന്നായി. വിവരമറിഞ്ഞ സ്പോൺസ൪, സ്വതന്ത്രമായി ജോലി ചെയ്യാൻ വിട്ടതിന് വൻ പിഴ ഒടുക്കേണ്ടി വരുമെന്നു ഭയന്ന് രവിയുടെ എക്സിറ്റ് അടിച്ച പാസ്പോ൪ട്ടുമായാണ് സ്റ്റേഷനിൽ ഹാജരായത്. അതോടെ രവിയുടെ പ്രവാസത്തിന് എക്സിറ്റായി. മുജീബ് രണ്ടു നാൾ കൂടി സ്റ്റേഷനിൽ കഴിയേണ്ടി വരും. ഇരുവരുടെയും ഫേസ്ബുക്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ത൪ക്കവിഷയമറിഞ്ഞ പൊലീസ് മേധാവിയുടെ പ്രതികരണവും രൂക്ഷമായിരുന്നു. ‘നേതാക്കൾക്ക് നിങ്ങളെ പോറ്റാൻ കഴിയാത്തതു കൊണ്ടല്ളേ അന്നം തേടി ഇവിടെ വന്നത്. എന്നിട്ട് ആ നേതാക്കൾക്കു വേണ്ടി എന്തിന് ഇവിടെ അടിപിടി’ എന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥനായ മൂസ മുഹമ്മദ് അൽഹംരിയുടെ ചോദ്യമെന്ന് നൗഷാദ് പോത്തൻകോട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2014 10:10 AM GMT Updated On
date_range 2014-04-08T15:40:56+05:30തെരഞ്ഞെടുപ്പ് വാശി കൈയാങ്കളിയില്‍; മലയാളിക്ക് എക്സിറ്റ്
text_fieldsNext Story