അമേരിക്കന്‍ സ്ഥാനപതി രാജിവെച്ചത് ‘മോദികോപം’ പേടിച്ചെന്ന് കെട്ടുകഥ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി നാൻസി പവലിൻെറ രാജി മുതലാക്കാൻ ബി.ജെ.പിയും പാ൪ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്ര മോദിയും വിഫല ശ്രമം നടത്തി. ദേവയാനി കോബ്രഗഡെയെ അറസ്റ്റു ചെയ്തതിനെ തുട൪ന്ന് ഇന്ത്യയും അമേരിക്കയുമായി നയതന്ത്രതലത്തിൽ ഉണ്ടായ ഉരസൽ മാറ്റി ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് അംബാസഡറെ മാറ്റിയതെന്ന പ്രചാരണവും ഇതിനൊപ്പം ഉയ൪ന്നു. എന്നാൽ, രണ്ടും അമേരിക്കൻ കേന്ദ്രങ്ങൾ തള്ളി.
ഗുജറാത്ത് അതിക്രമം തടയുന്നതിന് ഫലപ്രദമായി ഇടപെടാതിരുന്നതു ചൂണ്ടിക്കാട്ടി മോദിയെ അമേരിക്കയിൽ വിലക്കിയിട്ടുണ്ട്. ഇതു നീക്കിക്കിട്ടാൻ മോദിയും ബി.ജെ.പിയും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനു കാരണം നാൻസി പവലിൻെറ നിലപാടത്രേ. പവലിനെ മാറ്റി മോദിയുമായുള്ള ബന്ധം ഊഷ്മളമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് മോദി ക്യാമ്പ് പ്രചരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്നും അതിനു മുമ്പ് ബന്ധം മെച്ചപ്പെടുത്താനുള്ള കളമൊരുക്കലാണ് നടന്നതെന്നുമാണ് മോദിക്യാമ്പ് പ്രചരിപ്പിച്ചത്.
നാൻസി പവൽ സ്ഥാനമൊഴിഞ്ഞതിൻെറ പിന്നിൽ ഇന്ത്യയിൽ പ്രചരിക്കുന്ന രീതിയിലുള്ള കാരണങ്ങളൊന്നുമില്ളെന്നും അഭ്യൂഹങ്ങളെല്ലാം തീ൪ത്തും തെറ്റാണെന്നും യു.എസ് സ്റ്റേറ്റ് ഡിപാ൪ട്ട്മെൻറ് വക്താവ് മാരീ ഹാഫ് വാഷിങ്ടണിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് നാൻസി പവൽ രാജിവെച്ചത്. അമേരിക്കൻ നയതന്ത്ര വൃത്തങ്ങളിൽ ഗാംഭീര്യമുള്ള വ്യക്തിത്വമല്ല നാൻസി പവലിൻേറത്. ഇന്ത്യ-അമേരിക്ക ബന്ധത്തിൻെറ ഊഷ്മളത നിലനി൪ത്തുന്നതിൽ കാര്യമായ സംഭാവനയൊന്നും നൽകാൻ അവ൪ക്ക് കഴിഞ്ഞിട്ടുമില്ല. ഇതത്രയും രാജിയെ തുട൪ന്ന പുതിയ വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കി.
മോദിക്ക് വിസ നൽകേണ്ടതില്ളെന്ന തീരുമാനം നാൻസി പവലിൻേറതല്ല, അമേരിക്കൻ ഭരണകൂടത്തിൻേറതാണ്. മോദിയുടെ ന്യൂനപക്ഷ വിരുദ്ധത മുൻനി൪ത്തി രാജ്യാന്തര തലത്തിൽ ഉയ൪ന്ന സമ്മ൪ദങ്ങളാണ് തീരുമാനത്തിനു പിന്നിൽ. ബി.ജെ.പി പ്രസിഡൻറ് രാജ്നാഥ്സിങ് മാസങ്ങൾക്കു മുമ്പ് നടത്തിയ അമേരിക്കൻ സന്ദ൪ശനത്തിനിടയിൽ, വിസ വിലക്ക് നീക്കാൻ തീവ്രശ്രമം നടത്തിയിരുന്നു.
അമേരിക്കയിലെ ഗുജറാത്തികളും വൻകിട ബിസിനസുകാരും മോദിക്ക് വേണ്ടി ശ്രമിച്ചു. ഇതിനെല്ലാമിടയിലും അമേരിക്ക നിലപാട് മാറ്റിയില്ല.
പുതുതായി അപേക്ഷിച്ചാൽ വിസ കൊടുക്കുമെന്നോ ഇല്ളെന്നോ പറഞ്ഞിട്ടില്ല. വിസ കിട്ടണമെങ്കിൽ, വ്യവസ്ഥാപിത രീതിയിൽ അപേക്ഷ നൽകണമെന്നും, അന്നേരം പരിശോധിച്ച് തീരുമാനമെടുക്കുമെന്നും പലവട്ടം അമേരിക്കൻ നയതന്ത്ര കാര്യാലയം വാഷിങ്ടണിൽ വ്യക്തമാക്കുകയും ചെയ്തതാണ്. നാൻസി പവലിനോ, ഡൽഹിയിലെ എംബസിക്കോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ളെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
ദേവയാനി കോബ്രഗഡെയെ അറസ്റ്റു ചെയ്തതിനെ തുട൪ന്നുണ്ടായ നയതന്ത്ര ഉരസൽ വാഷിങ്ടൺ കേന്ദ്രീകരിച്ചാണ് തുടങ്ങിയത്. ഡൽഹിയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിൽ എംബസി ഉണ൪ന്നു പ്രവ൪ത്തിച്ചില്ളെന്ന ആക്ഷേപം അമേരിക്കൻ ഭരണകൂടത്തിനില്ല. വാഷിങ്ടണിലെ തീരുമാനങ്ങൾ അനുസരിച്ച് എംബസിയെ ചലിപ്പിക്കുകയാണ് ചെയ്തുവരുന്നത്. പരസ്പര ബന്ധം മോശമായതിന് ഉയ൪ന്ന ഉദ്യോഗസ്ഥയെ രാജിവെപ്പിക്കുന്ന രീതി അമേരിക്കക്ക് ഇല്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘അമേരിക്കൻ അഭിമാനം’ തന്നെ കാരണം.
‘രാജിക്കു കാരണമായി പറയുന്നതെല്ലാം വസ്തുതാവിരുദ്ധമാണ്. മോദി പ്രധാനമന്ത്രിയായാൽ സ്വാഭാവികമായും വിസ വിലക്ക് നീങ്ങും. ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ വിലക്കാൻ മറ്റൊരു ജനാധിപത്യ രാജ്യത്തിന് കഴിയില്ല. അതിന൪ഥം, മോദി പ്രധാനമന്ത്രിയാകാൻ പോവുന്നുവെന്നല്ല. വിസ നിഷേധിച്ച നിലപാട് പുന$പരിശോധിക്കുന്നുവെന്നുമല്ല.
നാൻസി പവലിൻെറ രാജിക്കാര്യത്തിൽ നേരത്തേതന്നെ തീരുമാനമായിരുന്നു. അവ൪ മേയ് അവസാനം സ൪വീസിൽനിന്ന് വിരമിക്കുകയാണ്. അതിൻെറ മുന്നൊരുക്കങ്ങൾക്കായി നേരത്തേ രാജിവെച്ചുവെന്നു മാത്രം’ -അമേരിക്കൻ നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
