ലക്ഷ്യമിട്ടത് വി.എസിനെ; അകപ്പെട്ടത് രാഷ്ട്രീയ പത്മവ്യൂഹത്തില്‍
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധത്തിൽ ചോദ്യങ്ങളുമായി കേന്ദ്ര, സംസ്ഥാന നേതൃത്വത്തെ വലക്കുന്ന വി.എസ്. അച്യുതാനന്ദനെ തളക്കുന്നതിന് അന്വേഷണ കമീഷൻ റിപ്പോ൪ട്ട് പുറത്തുവിട്ട സി.പി.എം അകപ്പെടുന്നത് രാഷ്ട്രീയ പ്രതിരോധത്തിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൻെറ അജണ്ടതന്നെ സ്വയം മാറ്റിക്കുറിക്കുന്ന വിഷയമാണ് ഇത് വഴി സി.പി.എം നേതൃത്വം രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്. നവംബ൪ 13 ലെ വിവാദ ഉത്തരവ് റദ്ദാക്കി കസ്തൂരിരംഗൻ റിപ്പോ൪ട്ടിൻെറ പേരിൽ നേരിട്ട തിരിച്ചടികളിൽ നിന്ന് യു.ഡി.എഫും കോൺഗ്രസും തിരിച്ച് വരവിന് കളമൊരുക്കിയതോടെ മലയോര മേഖലയിൽ നേടിയ മുൻതൂക്കം നഷ്ടപ്പെട്ട സി.പി.എമ്മിന് ഇനി തെരഞ്ഞെടുപ്പിൽ ഉത്തരം പറയേണ്ടിവരിക സ്വന്തം അന്വേഷണ റിപ്പോ൪ട്ടിലെ ധാ൪മികതയെ കുറിച്ചാവും.
ടി.പി വധത്തിൽ സംസ്ഥാന, ജില്ലാ, ഏരിയ നേതൃത്വത്തിൻെറ അറിവോ ആലോചനയോ ഉണ്ടായിരുന്നില്ളെന്നും കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രൻെറ വ്യക്തി വിരോധം മാത്രമാണ് കാരണമെന്നുമാണ് പി.ബിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ കണ്ടത്തെിയതെന്നാണ് സി.പി.എം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രം പറഞ്ഞിരുന്ന സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ റിപ്പോ൪ട്ട് പരസ്യപ്പെടുത്തണമെന്ന വി.എസിൻെറ പരസ്യമായ ആവശ്യമാണ് പ്രതിരോധത്തിലാഴ്ത്തിയിരുന്നത്. പാ൪ട്ടി സംസ്ഥാന, ജില്ലാ, ഏരിയ നേതൃത്വങ്ങളെ കുറ്റ വിമുക്തമാക്കിയും വ്യക്തി വിരോധം മാത്രം കൊലപാതക പ്രേരണയുമായും കുറ്റപത്രം തയാറാക്കിയ നേതൃത്വം അത് പരസ്യപ്പെടുത്തുക വഴി വി.എസിൻെറ പരസ്യ പ്രസ്താവനകൾക്കും വിഭാഗീയതക്കും കൂടിയാണ് കടിഞ്ഞാണിടാൻ ശ്രമിക്കുന്നത്.
വധത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞ ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കുകയും കോടതി ഗൂഢാലോചനയിൽ കുറ്റക്കാരനെന്ന് കണ്ടത്തെി ജീവപര്യന്തം തടവിന് ശിക്ഷിച്ച പാനൂ൪ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനും മുൻ ബ്രാഞ്ച് സെക്രട്ടറി ട്രൗസ൪ മനോജ് എന്നിവരെ കുറ്റവിമുക്തരാക്കുകയും ചെയ്തത് വഴി വി.എസിനും പൊതുസമൂഹത്തിനും മുന്നിൽ മറുപടി നൽകുക കൂടിയാണ് കേന്ദ്രനേതൃത്വം ചെയ്തത്. പാ൪ട്ടി അന്വേഷണ കമീഷൻ റിപ്പോ൪ട്ടിന് എതിരെ ഇനി പരസ്യ നിലപാട് വി.എസ് എടുക്കുകയാണെങ്കിൽ കടുത്ത അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കുന്നതിന് സാധിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
അതേസമയം റിപ്പോ൪ട്ട് പുറത്തുവിട്ടത് വഴി നി൪ണായക ലോക്സഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ടി.പി വധം പ്രധാന അജണ്ടയായി സി.പി.എം നേതൃത്വംതന്നെ അവതരിപ്പിച്ചിരിക്കുകയാണ്. പിണറായി വിജയൻറ കേരള രക്ഷാമാ൪ച്ച് അവസാനിക്കുന്നതിന് ദിവസങ്ങൾ മുമ്പുവരെ ടി.പിയുടെ സ്ത്രീ ബന്ധമുൾപ്പെടെ ഉയ൪ത്തിയായിരുന്നു സി.പി.എം കൊലപാതകത്തിൻെറ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞത്. ഇക്കാര്യത്തിൽ വിശ്വാസയോഗ്യമായ വിശദീകരണം നൽകാൻ ഇനി നേതൃത്വത്തിന് ഏറെ വിയ൪ക്കേണ്ടിവരും. കെ.സി. രാമചന്ദ്രൻെറയും ക്വട്ടേഷൻ എടുത്ത കൊലപാതക സംഘത്തിൻെറയും കേസ് ഇതുവരെ നടത്തിയതും നിലവിൽ നടത്തുന്നതും സി.പി.എമ്മാണ്. പാ൪ട്ടിക്ക് ബന്ധമില്ലാത്തവരുടെ കേസ് നടത്തിയത് എന്തിനെന്ന ചോദ്യമാവും നേതൃത്വം അഭിമുഖീകരിക്കുക.
മാത്രമല്ല ഉപജീവനത്തിന് ചെറിയ കരാ൪പണി ഏറ്റെടുക്കാൻ മാത്രം കഴിവുള്ള കെ.സി. രാമചന്ദ്രന് ക്വട്ടേഷൻ സംഘത്തെ കൊണ്ടുവരുന്നതിനും അവരെ ഉപയോഗിച്ച് കൊല നടത്താനും സാമ്പത്തിക, രാഷ്ട്രീയ സഹായം സി.പി.എം നേതാക്കളിൽനിന്ന് ലഭിച്ചുവോയെന്ന് പരിശോധിക്കാൻ സി.ബി.ഐ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് യു.ഡി.എഫ് ഉൾപ്പെടെ വാദം ഉന്നയിച്ചാൽ പ്രതിരോധിക്കുക ഏറെ പ്രയാസമായിരിക്കുമെന്ന് നേതൃത്വത്തിൽതന്നെ അഭിപ്രായമുണ്ട്.
എന്നാൽ പി.കെ. കുഞ്ഞനന്തനെയും ട്രൗസ൪ മനോജിനെയും ഒഴിവാക്കിയത് വഴി അന്ത൪ ജില്ലാ ബന്ധവും സി.പി.എം നേതൃത്വത്തിന് കൊലയിൽ ബന്ധമുണ്ടെന്ന വാദത്തെയും തള്ളി സംസ്ഥാന നേതൃത്വത്തിന് ‘ജാമ്യം’ നൽകുക കൂടിയാണ് പി.ബി അന്വേഷണ റിപ്പോ൪ട്ട്. എന്നാൽ കോടതി കുറ്റക്കാരെന്ന് കണ്ടത്തെിയവരെ വെള്ളപൂശുന്നതിലെ ‘പാ൪ട്ടി ധാ൪മികത’ പൊതുസമൂഹത്തിന് മുന്നിൽ വിചാരണക്ക് യു.ഡി.എഫ് വെക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മറുപടി നൽകേണ്ട ബാധ്യത സി.പി.എം നേതൃത്വത്തിൻേറത് മാത്രമാകും.
മാ൪ച്ച് 16 മുതൽ കാസ൪കോട്ടുനിന്ന് കെ.കെ. രമയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന രാഷ്ട്രീയ പ്രചരണയാത്ര ടി.പി അന്വേഷണ കമീഷൻ റിപ്പോ൪ട്ട് ആയുധമാക്കുന്നതോടെ വടകര ഉൾപ്പെടെ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് അതീവ നി൪ണായകമായി സി.പി.എമ്മിന് മാറും.
അന്വേഷണ റിപ്പോ൪ട്ടിൽ പി.കെ. കുഞ്ഞനന്തനെയും മനോജിനെയും കുറ്റവിമുക്തരാക്കുന്നതിൽ ഉൾപ്പെടെ വി.എസിൻെറ നിലപാടും തെരഞ്ഞെടുപ്പ് കാലത്തെയും സി.പി.എമ്മിൻെറ ആഭ്യന്തര രാഷ്ട്രീയത്തെയും നി൪ണയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
