പ്രതിഷേധവുമായി ഓട്ടോറിക്ഷക്കാരും കച്ചവടക്കാരും
text_fieldsകോഴിക്കോട്: നഗരത്തിലെ ഗതാഗത പരിഷ്കാരത്തിൻെറ ആദ്യദിനം പരാതിക്കുരുക്കിലമ൪ന്നു.ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തി.
പരിഷ്കാരത്തിൻെറ ഭാഗമായി ചില ജങ്ഷനുകളിൽ ഗതാഗതക്കുരുക്കും തടസ്സവുമുണ്ടായി. അതേസമയം, പാളയം ജങ്ഷൻ മുതൽ പുഷ്പ ജങ്ഷൻ വരെ ഭാഗങ്ങളിൽ പതിവായി കാണാറുള്ള ഗതാഗത സ്തംഭനം ഒഴിവായി. റെയിൽവേ സ്റ്റേഷൻ റോഡിൽ പതിവിലേറെ ഗതാഗതസ്തംഭനം അനുഭവപ്പെട്ടു. മിഠായിതെരുവ് മേലേപാളയം റോഡ് ജങ്ഷനിലാണ് കുരുക്ക് രൂക്ഷമാവുന്നത്. ഇന്നലെ ഉച്ചക്ക് ഇവിടെ അനുഭവപ്പെട്ട കുരുക്കഴിക്കാൻ പൊലീസും പാടുപെട്ടു.
മേലേ പാളയം റോഡിൽ പാ൪ക്കിങ് തീരെ അനുവദിക്കാത്തത് ഈ മേഖലയിലെ കച്ചവടക്കാരെ കാര്യമായി ബാധിച്ചു. ഓട്ടോറിക്ഷകൾ വൺവേ പാലിക്കാൻ കൂടുതൽ ദൂരം ഓടേണ്ടിവരുന്നത് യാത്രക്കാ൪ക്ക് ഇരുട്ടടിയായി.
15 രൂപക്ക് ഓടിയെത്താവുന്ന ലക്ഷ്യത്തിലെത്താൻ 20ലധികം രൂപ ചെലവായി. ഇതുകാരണം ആളുകൾ ഓട്ടോക്കാരെ ആശ്രയിക്കുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
പാളയം ജങ്ഷൻ വഴിയല്ലാതെ വലിയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കല്ലായ് റോഡിലേക്ക് പ്രവേശിക്കാനാവാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
മിഠായിതെരുവ് വഴി റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ളാറ്റ് ഫോമിലേക്ക് വരുന്ന വാഹനങ്ങൾ മേലേ പാളയം റോഡുവഴി കല്ലായ് റോഡിൽ പ്രവേശിച്ച് ലിങ്ക്റോഡ് വഴി വേണം ലക്ഷ്യത്തിലെത്താൻ.
ലിങ്ക് റോഡിൽനിന്ന് റെയിൽവേ സ്റ്റേഷൻ അങ്കണത്തിലേക്കെത്തുന്നതിനും പ്രായോഗിക തടസ്സമുണ്ട്. നിലവിൽ പടിഞ്ഞാറു ഭാഗത്തെ ഗേറ്റ്വഴി സ്റ്റേഷനിലേക്ക് കയറണമെന്നാണ് നിയമം. അതേസമയം പരിഷ്കാരം വന്നതോടെ കിഴക്ക് ഭാഗത്തെ ഗേറ്റ് വഴിവേണം അകത്തുകയറാൻ. ഇത് പുറത്തേക്കുള്ള വഴിയാണ്.
കല്ലായ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുഷ്പ ജങ്ഷനിലേക്ക് വരാതെ വട്ടാംപൊയിൽ ജങ്ഷന് സമീപത്തെ കലക്ടറേഴ്സ് റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കുന്ന പരിഷ്കാരത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പാളയം മുതൽ പുഷ്പ ഭാഗത്തേക്ക് വൺവേ ആക്കിയതാണ് നഗരത്തിൽ വരുത്തിയ പ്രധാന പരിഷ്കാരത്തിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
