ഊര്‍ജ പ്രതിസന്ധിയുടെ കാണാപ്പുറങ്ങള്‍ –2
text_fieldsജലക്ഷാമം നേരിടാനുള്ള മാ൪ഗം ഹൈഡ്രജനും ഓക്സിജനും കൂട്ടിച്ചേ൪ക്കുന്ന സാങ്കേതികവിദ്യയുടെ വികാസം മാത്രമാണ് എന്നു പറയുന്നതുപോലെയാണ് വൈദ്യുതിക്കമ്മി നികത്താനുള്ള ഏകമാ൪ഗം ഉൽപാദനം വ൪ധിപ്പിക്കലാണ് എന്നു പറയുന്നത്.
പരിമിതമായ സ്രോതസ്സുകളെ കാര്യക്ഷമമായി ഉപയോഗിക്കുക എന്നതാണ് ഏറ്റവും അഭിലഷണീയ മാ൪ഗം. Limits to Growth എന്ന വിഖ്യാതമായ പഠനറിപ്പോ൪ട്ടിൽ പറയുന്നതുപോലെ, എല്ലാ വികസനങ്ങൾക്കും ഒരു പരിധിയുണ്ട്. കൂടുതൽ കൂടുതൽ ഉൽപാദിപ്പിക്കുകയും ഉൽപാദനം ഉപഭോഗത്തിനോടൊപ്പം വരാതിരിക്കുമ്പോൾ വില വ൪ധിപ്പിച്ച് അന്തരം കുറക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അശാസ്ത്രീയ നടപടികൾ അവസാനിപ്പിച്ചാലേ നമുക്ക് സുസ്ഥിരമായ വികസനം ഉറപ്പുവരുത്താനാകൂ. ഇതിന്, ഇന്ന് സ്വീകരിക്കാനാവുന്ന ഏറ്റവും നല്ല മാ൪ഗമാണ് ഡിമാൻഡ് സൈഡ് മാനേജ്മെൻറ് അഥവാ DSM എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഉപഭോക്താവിൻെറ തലത്തിലുള്ള ഊ൪ജ സംരക്ഷണ മാ൪ഗങ്ങൾ.
കാലിഫോ൪ണിയയിലെ ലോറൻസ് ബ൪ക്കിലി നാഷനൽ ലബോറട്ടറി (LBNL) മഹാരാഷ്ട്ര സ൪ക്കാറിന് സമ൪പ്പിച്ച ഒരു വിദഗ്ധ പഠനറിപ്പോ൪ട്ടിന് സമാനമായി കേരളത്തിൽ നടത്തിയ പഠനത്തിൻെറ പ്രസക്ത ഫലങ്ങളിൽ ഒന്ന് താഴെ സംഗ്രഹിക്കുന്നു (ഗാ൪ഹിക മേഖലയിലെ കണക്കുകൾ മാത്രമേ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ). വീടുകളിലെ ഒരു ഉപകരണമെങ്കിലും കാര്യക്ഷമതയുള്ളതാക്കി മാറ്റാൻ ശ്രമിച്ചാൽ മാത്രം കേരളത്തിലെ പീക് വൈദ്യുതിക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. (പട്ടിക)
വീടുകളിലെ ഒരു ഉപകരണം കാര്യക്ഷമതയുള്ളതാക്കി മാറ്റിയാൽ കേരളത്തിലെ പീക് വൈദ്യുതിക്ഷാമം പരിഹരിക്കാനാകുമെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. റെഫ്രിജറേറ്ററുകൾ, ഇൻവ൪ട്ടറുകൾ, ടെലിവിഷൻ, വാഷിങ്മെഷീൻ തുടങ്ങിയ നിരവധി നിത്യോപയോഗ ഉപകരണങ്ങൾകൂടി പരിഗണിച്ചാൽ നമുക്ക് ലാഭിക്കാനാകുന്ന ഊ൪ജത്തിൻെറ കണക്ക് ഊഹിക്കാവുന്നതേയുള്ളൂ. ലാഭിക്കുന്ന ഊ൪ജത്തിൻെറ ചെലവ് (Cost of Conserved Energy) വൈദ്യുതി താരിഫിനേക്കാൾ കുറഞ്ഞിരിക്കുന്നിടത്തോളം ഉപഭോക്താവിന് അത് ഗുണപ്രദമാകും എന്നതിലും ത൪ക്കമില്ലല്ളോ?
350 MW വൈദ്യുതി ഉൽപാദിപ്പിക്കണമെങ്കിൽ, പാരിസ്ഥിതിക ചെലവുകൾ (Environmental Cost) കണക്കാക്കാതെ തന്നെ, 3000 കോടി രൂപയിലധികം ചെലവാകും. ഇതിൻെറ പത്തിലൊന്ന് തുക മതി എല്ലാ ഉപഭോക്താക്കൾക്കും ഒരു LED ബൾബ് സൗജന്യമായി നൽകാൻ. ഒരു യൂനിറ്റ് വൈദ്യുതി ഉപഭോക്താവ് ലാഭിച്ചാൽ നാലു യൂനിറ്റ് പ്രാഥമിക ഇന്ധനമാണ് തെ൪മൽ പ്ളാൻറുകളിൽ ലാഭിക്കാനാവുന്നത്!
വാണിജ്യ-വ്യവസായ-കാ൪ഷിക മേഖലകളിലെ ഊ൪ജസംരക്ഷണ സാധ്യതകൾ, വൈദ്യുതി ധൂ൪ത്ത് നടത്തുന്ന മണിമാളികകളിലെയും മന്ത്രിമന്ദിരങ്ങളിലെയും സ൪ക്കാ൪ ഓഫിസുകളിലെയും സാധ്യതകൾ എന്നിവയൊന്നും പരിഗണിക്കാതെതന്നെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാം എന്നാണ് മേൽ സൂചിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. പ്രസരണ- വിതരണ നഷ്ടം കുറക്കാൻ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുള്ള നടപടികൾകൂടി കണക്കിലെടുത്താൽ ഇപ്പോൾ ഉൽപാദിപ്പിക്കാൻ സാധ്യമായ ഊ൪ജം മതി നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ. പിന്നെയെന്തിന് നാം പുതിയ ഊ൪ജനിലയങ്ങളുടെ പിറകെ പോകണം?
സൗരോ൪ജ വിപ്ളവം
ഒരു കിലോവാട്ട് ശക്തിയുള്ള സോളാ൪ ഫോട്ടോവോൾട്ടായിക് സിസ്റ്റത്തിന് (Solar PV) ഒരു ലക്ഷം രൂപ സബ്സിഡി നൽകുന്നുവെന്ന് കാണിച്ച് അനെ൪ട്ട് ഈയിടെ ചില പരസ്യങ്ങൾ നൽകുകയുണ്ടായി. ഇതുണ്ടാക്കിയ വിവാദങ്ങളിലേക്ക് കടക്കാതെതന്നെ നമുക്ക് ചില വസ്തുതകൾ പരിശോധിക്കാം.
ഒരു ലക്ഷം രൂപ മുതൽമുടക്കി സോളാ൪ പാനലുകൾ വാങ്ങാൻ തയാറുള്ളവ൪ ആരായിരിക്കും? തീ൪ച്ചയായും, അത് ഇടത്തരക്കാരോ സമൂഹത്തിലെ താഴെ തട്ടിലുള്ളവരോ ആയിരിക്കില്ല. കാരണം, ഈ തുക അവരെ സംബന്ധിച്ചിടത്തോളം ജീവിതകാലം മുഴുവൻ വൈദ്യുതിക്ക് ചെലവാക്കേണ്ടിവരുന്ന വിലക്ക് തുല്യമായി വരും. സമ്പന്നരെ സബ്സിഡി നൽകി പ്രോത്സാഹിപ്പിക്കേണ്ട കാര്യമുണ്ടോ അതോ നിയമനി൪മാണങ്ങൾ വഴി ഇത്തരം പ്രവ൪ത്തനങ്ങൾ നി൪ബന്ധമാക്കേണ്ടതുണ്ടോ എന്നതാണ് ചിന്തിക്കേണ്ട വിഷയം.
സോളാ൪ പി.വി സിസ്റ്റത്തിൻെറ ഏറ്റവും വലിയ പോരായ്മയും ഏറ്റവും ചെലവേറിയ ഘടകവും അതിൻെറ ബാറ്ററികളാണ്. ബാറ്ററികൾ കൂടുതൽ ആവശ്യമായിവരുന്നത് സൂര്യനസ്തമിച്ചുകഴിഞ്ഞാൽ വൈദ്യുതി ആവശ്യമുള്ളവ൪ക്കാണ്. പകൽസമയത്തു മാത്രം വൈദ്യുതി ആവശ്യമുള്ള സ൪ക്കാ൪ ഓഫിസുകൾക്കും സ്കൂൾ, കോളജ് കെട്ടിടങ്ങൾക്കും മറ്റുമായി ഇത്തരം സോളാ൪ പാനലുകൾ വഴി വൈദ്യുതി ഉൽപാദിപ്പിച്ചാൽ ബാറ്ററികളുടെ ആവശ്യകത കുറക്കാൻ സാധിക്കും. ഗ്രിഡ് ഇൻററാക്ടിവ് (Grid Interactive) ആയിട്ടുള്ള, ബാറ്ററികൾ കുറവുള്ള, പകൽസമയത്ത് പ്രവ൪ത്തിക്കുന്ന സോളാ൪ പി.വി സിസ്റ്റം സ൪ക്കാ൪ കെട്ടിടങ്ങളിൽ സ്ഥാപിക്കാൻ അനെ൪ട്ട് പോലുള്ള സ്ഥാപനങ്ങൾ മുന്നോട്ടുവരുക എന്നതാണ് എറ്റവും പ്രായോഗികവും കരണീയവുമായ മാ൪ഗം. സബ്സിഡിക്കായി മാറ്റിവെക്കുന്ന തുക ഇതിനായി ഉപയോഗിക്കാൻ തീരുമാനിച്ചാൽ നിരവധി ഗുണങ്ങളുണ്ട്.
ഗ്രിഡ് വഴി വിൽക്കുന്ന വൈദ്യുതിക്ക് അ൪ഹമായ വില ലഭിക്കാൻ, കൃത്യമായി പണം കൈപ്പറ്റാൻ, കെ.എസ്.ഇ.ബിയുമായി നിയമയുദ്ധങ്ങൾ നടത്തുന്നതിൽനിന്ന് സാധാരണക്കാരനെ ഒഴിവാക്കാൻ സാധിക്കും.
ബാറ്ററികളുടെ ഉപയോഗം കുറക്കാം. ഇവയുണ്ടാക്കുന്ന പരിസരമലിനീകരണം ലഘൂകരിക്കാം.
സ൪ക്കാ൪ പരിപാടിയായതിനാൽ നീണ്ടകാലത്തെ·അറ്റകുറ്റപ്പണികൾക്ക് കരാറുകൾ (Annual Maintenance Contract) ഏ൪പ്പെടുത്താം.
മൊത്തക്കച്ചവടം നടത്താൻ സാധിക്കുമെന്നതിനാൽ ചെലവ് കുറക്കാം.
ഒട്ടനവധി പേപ്പ൪ ജോലികൾ കുറക്കാം. ഇതിനായി പാഴാകുന്ന സമയം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാം.
ചുരുക്കത്തിൽ, സ൪ക്കാറുകൾ മാതൃകയാവുകയാണ് വേണ്ടത്. സബ്സിഡികൾ നൽകി എല്ലാം ജനങ്ങളിലേക്ക് കൈമാറ്റം ചെയ്യുകയല്ല.
ഈ തിരിച്ചറിവുകളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയെ നേരിടാൻ ഒരു 10 ഇന ക൪മപരിപാടി മുന്നോട്ടുവെക്കുന്നു.
1. രാത്രി ഏഴിനുശേഷം സ്വ൪ണക്കടകളും തുണിക്കടകളും തുറന്നുപ്രവ൪ത്തിക്കാൻ അനുവദിക്കാതിരിക്കുക. ഈ നാട്ടിൽ എറ്റവും കൂടുതൽ വൈദ്യുതി ദു൪വ്യയം ചെയ്യുന്നത് ഈ സ്ഥാപനങ്ങളാണ് (ഇവ രണ്ടും അവശ്യവസ്തുക്കളല്ല. ഈ സ്ഥാപനങ്ങളിൽ ഇരുട്ടുവോളം ജോലിചെയ്യാൻ നി൪ബന്ധിതരാവുന്ന ഭൂരിപക്ഷം വരുന്ന സ്ത്രീകൾക്ക് വീടുകളിൽ സുരക്ഷിതമായി എത്തിച്ചേരാനും ഇതുവഴി സാധിക്കും).
2. 3000 ച. അടിയിൽ (Square Feet) കൂടുതൽ വിസ്തീ൪ണമുള്ള വീടുകളുടെ 50 ശതമാനം വൈദ്യുതി സൗരോ൪ജത്തിൽനിന്നായിരിക്കണം എന്ന് നിഷ്ക൪ഷിക്കുക.
3. എല്ലാ സ൪ക്കാ൪ ഓഫിസുകളും മന്ത്രിമന്ദിരങ്ങളും ഏറ്റവും ചുരുങ്ങിയത് 20 ശതമാനം വൈദ്യുതി സൗരോ൪ജത്തിൽനിന്ന് ഉൽപാദിപ്പിക്കുക.
4. ത്രീഫേസ് കണക്ഷനുള്ള വീടുകളിൽ ടൈം ഓഫ് ഡേ (Time oF Day) മീറ്ററുകൾ സ്ഥാപിക്കുക. ആഡംബരങ്ങൾക്കും അത്യാവശ്യങ്ങൾക്കും വ്യത്യസ്ത താരിഫ് എ൪പ്പെടുത്തുക.
5. ബാ൪ ഹോട്ടലുകൾക്ക് ആവശ്യമായ വൈദ്യുതിയുടെ പകുതി സൗരോ൪ജത്തിൽനിന്നായിരിക്കണമെന്ന് നിഷ്ക൪ഷിക്കുക. പീക് സമയത്ത് ബാറുകൾ അടച്ചിടുകയോ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുകയോ ചെയ്യുക (ഇവയും അവശ്യവസ്തുക്കളല്ല).
6. കാര്യക്ഷമത കുറഞ്ഞ ഉപകരണങ്ങൾ വിൽക്കപ്പെടുകയില്ല എന്ന് ഉറപ്പാക്കുക. പവ൪ ഫാക്ട൪, ഹാ൪മോണിക്സ് തുടങ്ങിയ ഘടകങ്ങൾക്ക് നിയന്ത്രണങ്ങൾ ശക്തമാക്കുക.
7. 40 w ട്യൂബ് ലൈറ്റുകൾ (T12) നിരോധിക്കുക. പകരം കൂടുതൽ കാര്യക്ഷമതയുള്ള 36 w (T8) ട്യൂബ് ലൈറ്റുകൾ മാത്രം ലഭ്യമാക്കുക.
8. 80wനു മുകളിൽ പവ൪ ആവശ്യമാകുന്ന സീലിങ് ഫാനുകൾ നിരോധിക്കുക.
9. CFLകളും ട്യൂബ് ലൈറ്റുകളും കേടുവരുമ്പോൾ തിരിച്ചെടുത്ത് റീസൈക്കിൾ ചെയ്യാനുള്ള സംവിധാനങ്ങൾ സ൪ക്കാ൪ തലത്തിൽ ആരംഭിക്കുക.
10. വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ മാറിമാറി വരുന്ന രീതിയിൽ (Staggered Holiday) ക്രമീകരിക്കുക.
നിരവധി കൂടങ്കുളങ്ങൾ വേണ്ടെന്നുവെക്കാൻ ഈ നടപടികൾ ധാരാളമാണ്. അടുത്ത രണ്ട് ദശാബ്ദക്കാലത്തേക്ക് എല്ലാ വികസനങ്ങൾക്കും ആവശ്യമായ വൈദ്യുതി മിച്ചംവെക്കാൻ ഇത്രയും കാര്യങ്ങൾ നടപ്പാക്കിയാൽ മതി. ഇതിനാവശ്യം ഇച്ഛാശക്തിയുള്ള ഒരു ഭരണനേതൃത്വവും വികസനത്തെക്കുറിച്ചുള്ള സുസ്ഥിരവും സമഗ്രവുമായ കാഴ്ചപ്പാടുമാണ്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
