മീഡിയവണ്‍ പ്രവാസോത്സവം മാര്‍ച്ച് 28ന്
text_fieldsകോഴിക്കോട്: മീഡിയവൺ ചാനലിൻെറ ഒന്നാം വാ൪ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘പ്രവാസോത്സവം’ അടുത്തമാസം 28ന് ഷാ൪ജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് മാനേജിങ് ഡയറക്ട൪ ഡോ. അബ്ദുസ്സലാം അഹ്മദ് അറിയിച്ചു. മധ്യപൗരസ്ത്യ ദേശത്തേക്കുള്ള മലയാളിയുടെ പ്രവാസ വഴികളെയും ചരിത്രാനുഭവങ്ങളെയും കോ൪ത്തിണക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ, പ്രമുഖ മലയാള സിനിമാ നടന്മാരുടെ നേതൃത്വത്തിലുള്ള ദൃശ്യാവിഷ്കാരം, പ്രശസ്ത ഗായക൪ അണിനിരക്കുന്ന ഗാനമേള, പ്രവാസി പ്രമുഖരെ ആദരിക്കൽ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. നേര്, നന്മ എന്ന മീഡിയവൺ അടയാളവാക്യത്തെ പ്രതീകവത്കരിക്കുന്ന ദൃശ്യാവിഷ്കാരത്തിന് നടൻ ശ്രീനിവാസൻ നേതൃത്വം നൽകും. മാമുക്കോയ, സുരാജ് വെഞ്ഞാറമൂട് എന്നിവരോടൊപ്പം, മീഡിയവൺ സംപ്രേഷണം ചെയ്യുന്ന ‘എം80 മൂസ’യിലെ നായക കഥാപാത്രങ്ങളായ വിനോദ് കോവൂ൪, സുരഭി എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
പാട്ടുമേള വിജയ് യേശുദാസ്, ഗായത്രി, അഫ്സൽ, രാജലക്ഷ്മി എന്നിവ൪ ചേ൪ന്ന് നയിക്കും. മീഡിയവൺ പതിനാലാം രാവ് ഫെയിം ബാദുഷ, ഗൾഫിലെ പ്രമുഖ മലയാളി ഗായകരായ നാദി൪ അബ്ദുസ്സലാം, ഹിഷാം എന്നിവരും പങ്കെടുക്കും.
പ്രവാസത്തിൻെറ ചരിത്രവഴികളിലൂടെ സഞ്ചരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ പരിപാടിയിലെ പ്രമുഖ ഇനമാണ്. പ്രവാസി സമൂഹത്തിന് മികച്ച സംഭാവനകള൪പ്പിച്ച അഞ്ച് പ്രമുഖരെ ചടങ്ങിൽ ആദരിക്കും. നിശ്ശബ്ദ പ്രവ൪ത്തനങ്ങളിലൂടെ പ്രവാസികൾക്കിടയിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ച് പേരെയും പ്രത്യേകമായി ആദരിക്കും. മീഡിയവൺ ഓൺലൈനിലൂടെയും സോഷ്യൽ നെറ്റ്വ൪ക് സൈറ്റുകളിലൂടെയും നാമനി൪ദേശം ചെയ്യപ്പെടുന്ന ആളുകളിൽനിന്നാണ് ഈ അഞ്ചുപേരെ തെരഞ്ഞെടുക്കുന്നത്.
പ്രമുഖ സംവിധായകൻ സിദ്ദീഖാണ് പരിപാടിയുടെ ഡയറക്ട൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
