ബൈക്ക് ഉപേക്ഷിച്ച് മുങ്ങിയ യുവാവ് കഞ്ചാവ് ലോബി അംഗമെന്ന് സൂചന
text_fieldsകൊടുങ്ങല്ലൂ൪: മോട്ടോ൪ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ പിടിയിലായപ്പോൾ കഞ്ചാവ് ഇല ആലേഖനം ചെയ്ത ബൈക്ക് ഉപേക്ഷിച്ച് മുങ്ങിയ യുവാവ് കഞ്ചാവ് ലോബിയിൽ പെട്ടയാളാണെന്ന് സൂചന. കരൂപ്പടന്നയിൽ വാഹന പരിശോധന നടത്തിയിരുന്ന കൊടുങ്ങല്ലൂ൪ എ.എം.വി.ഐ സ്റ്റാൻലിയുടെ മുന്നിലാണ് കഞ്ചാവ് ചെടിയുടെ ചിഹ്നമുള്ള ബൈക്കിൽ ചീറിപ്പാഞ്ഞ് വന്ന യുവാവ് പെട്ടത്. ഡ്രൈവിങ് ലൈസൻസോ മറ്റുരേഖകളോ ഇല്ലാതിരുന്ന യുവാവ് എല്ലാം കൊണ്ടുവരാമെന്ന് പറഞ്ഞ് മുങ്ങിയിട്ട് ഒരാഴ്ചയായി.
കഞ്ചാവ് വിൽക്കുന്നവരും വാങ്ങുന്നവരുമായ യുവാക്കളും കൗമാരപ്രായക്കാരും വിദ്യാ൪ഥികളും പരസ്പരം തിരിച്ചറിയാനും സംഘമായി ലഹരി ആസ്വദിക്കാനും ഉപയോഗിക്കുന്ന പ്രധാന അടയാളങ്ങളിലൊന്നാണ് കഞ്ചാവിൻെറ ഇല. ‘ബോബ് മെ൪ലി’യുടെ പേരിലാണ് ഈ ലോബി. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളുള്ള മാലയും വളകളും റിബണും ലഹരി നുണയുന്നവരുടെ സംഘബോധത്തിൻെറ അടയാളങ്ങളാണ്. കഞ്ചാവ് വിപണനം ചെയ്യുന്നവരും കൂട്ടായി ഉപയോഗിക്കുന്നവരും അവരുടെ ബൈക്കുകളിൽ ഇത്തരം അടയാളങ്ങൾ ആലേഖനം ചെയ്യാറുണ്ട്. ചില൪ മൂന്ന് നിറങ്ങളുള്ള മാല കഴുത്തിലണിയുമ്പോൾ മറ്റു ചില൪ ചുവപ്പ്, പച്ച, മഞ്ഞ എന്നീ നിറങ്ങളിലുള്ള റിബൺ കൈയിൽ ചുറ്റും. അല്ലെങ്കിൽ വളകൾ അണിയും.
കൗമാരക്കാ൪ക്കിടയിൽ കഞ്ചാവ് ഉപയോഗം അനുദിനം വ൪ധിക്കുന്നെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നതിനിടെയാണ് ബോബ് മെ൪ലി ഗാങ് പോലെ ലഹരി ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ രൂപപ്പെടുന്നത്. പ്രശസ്ത ജമൈക്കൻ സംഗീതജ്ഞനായ ബോ൪ മെ൪ലി ലഹരിയുടെ ഇരയായി ജീവിച്ച് 36ാം വയസ്സിൽ മരണത്തിന് കീഴടങ്ങിയ വ്യക്തിയാണ്. മെ൪ലിയുടെ പ്രശസ്തമായ റഗ്ഗെബാൻഡ് ചിഹ്നമായി കാണിച്ചിരുന്നത് കഞ്ചാവ് ചെടികളുടെ ഇലകളാണത്രേ. അദ്ദേഹത്തിൻെറ ഇൻറ൪നെറ്റ് പോസ്റ്റിങ്ങിൽ ചിത്രത്തോട് ചേ൪ന്ന് കഞ്ചാവ് ഇതളുകളും ജമൈക്കൻ പതാകയിലെ ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങളുമുണ്ട്. ഇതെല്ലാം കഞ്ചാവ് വിപണനത്തിൻെറയും ഉപയോഗത്തിൻെറയും ചിഹ്നങ്ങളും കോഡുകളുമാണിപ്പോൾ. മെ൪ലി ഫോട്ടോ പതിച്ച ലോക്കറ്റുകൾ ഉപയോഗിക്കുന്നവരുമുണ്ടത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
