കുറഞ്ഞ ചെലവില്‍ മരുന്നുല്‍പാദനം: ഇന്ത്യക്കുമേല്‍ അമേരിക്ക വ്യാപാര ഉപരോധത്തിന് തയാറെടുക്കുന്നു
text_fieldsതിരുവനന്തപുരം: ജീവൻരക്ഷാമരുന്നുകൾ കുറഞ്ഞചെലവിൽ ഉൽപാദിപ്പിക്കുന്നതിനെതിരെ ഇന്ത്യക്കുമേൽ അമേരിക്ക കടുത്ത നിയന്ത്രണത്തിനൊരുങ്ങുന്നു. പേറ്റൻറ് സുരക്ഷയുള്ള മരുന്നുകൾ കുറഞ്ഞചെലവിൽ ജനറിക് മരുന്നുകളായി വ്യാപകമായി ഉൽപാദിപ്പിക്കുന്നെന്ന് ശ്രദ്ധയിൽപെട്ടതിൻെറ അടിസ്ഥാനത്തിലാണ് അമേരിക്ക വ്യാപാര ഉപരോധത്തിന് തയാറെടുക്കുന്നത്. ഒപ്പം പേറ്റൻറ് നിയമത്തിൽ പിടിമുറുക്കാനും യു.എസ് സ൪ക്കാ൪ തീരുമാനിച്ചു. ബയോഫാ൪മസ്യൂട്ടിക്കൽ മേഖലയിൽ ഇന്ത്യൻ നയം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയിലെ കുത്തക മരുന്നുൽപാദകരുടെ സംഘടനയായ യു.എസ് ചേംബ൪ ഓഫ് കൊമേഴ്സ്, യു.എസ് ട്രേഡ് റെപ്രസൻേററ്റീവ് (യു.എസ്.ടി.ആ൪) മുഖേന സബ്മിഷനിലൂടെയാണ് വിവരങ്ങൾ യു.എസ് സ൪ക്കാറിനെ ധരിപ്പിച്ചത്.
അതിൻെറ അടിസ്ഥാനത്തിലാണ് നടപടിക്ക് തയാറെടുക്കുന്നത്. യു.എസ് ട്രേഡ് റെപ്രസൻേററ്റീവിനോട് ഇന്ത്യയെ സ്ഥിരം നിരീക്ഷിക്കണമെന്നും നി൪ദേശിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ചൈന, റഷ്യ, ഈജിപ്ത്, അ൪ജൻറീന തുടങ്ങി രാജ്യങ്ങളും ഉൾപ്പെടും.
രോഗങ്ങളുടെ കാര്യത്തിലും മരുന്നു വിപണിയുടെ കാര്യത്തിലും ഇന്ത്യ വളരെ മുന്നിലാണ്. 2017 ആകുമ്പോഴേക്കും 3000 കോടി യു.എസ് ഡോള൪ മരുന്ന് ഇന്ത്യയിൽ വിറ്റഴിക്കപ്പെടുമെന്നാണ് അമേരിക്ക കണക്കുകൂട്ടിയിരിക്കുന്നത്. ഇതാണ് പ്രധാനമായും അമേരിക്കയെ അങ്കലാപ്പിലാക്കിയത്. കാൻസ൪, പ്രമേഹം, ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി എന്നീ രോഗങ്ങൾക്കുള്ള മരുന്ന് വിപണനമാണ് ഇന്ത്യൻ മാ൪ക്കറ്റിൽ വൻതോതിൽ നടക്കാൻ പോകുന്നതെന്നും വിലയിരുത്തിയിട്ടുണ്ട്.
കേരളത്തിൽ മെഡിക്കൽകോളജുകൾ ഉൾപ്പെടെ സ൪ക്കാ൪ ആശുപത്രികളിൽ ജനറിക് മരുന്നുകളും 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമരുന്നുകളും വിതരണം ചെയ്യുന്നു. ഒപ്പം ജീവൻരക്ഷാ മരുന്നുകളുടെ വിലയും സ൪ക്കാ൪ കുറച്ചിട്ടുണ്ട്. ജനറിക് മരുന്നുകളുടെ വിതരണവും ജീവൻരക്ഷാമരുന്നുകൾ വിലകുറച്ചതും കുത്തക മരുന്ന് കമ്പനികൾക്ക് വൻതിരിച്ചടിയാണ്. അതും യു.എസ് ചേംബ൪ ഓഫ് കൊമേഴ്സിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യയുൾപ്പെടെ 25 രാജ്യങ്ങൾ വളരെ പിന്നിലാണ്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യക്കാ൪ ജാഗ്രത പുല൪ത്തുന്നതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധക്കുറവുണ്ടാകാൻ കാരണം.
എന്നാൽ, അമേരിക്കയുടെ കാഴ്ചപ്പാടിൽ അതൊരു കുറ്റമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അതിൻെറ അടിസ്ഥാനത്തിൽ ‘പ്രയോറിറ്റി ഫോറിൻ കൺട്രി’ എന്ന് ഇന്ത്യയെ മുദ്രകുത്തണമെന്നും ചേംബ൪ ആവശ്യപ്പെട്ടു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് വ്യാപാര ഉപരോധത്തിലേക്ക് നയിക്കാവുന്ന പ്രയോഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
