സ്വകാര്യ ബസ് സര്‍വീസുകളുടെ പെര്‍മിറ്റ് വെട്ടിച്ചുരുക്കി റദ്ദാക്കുന്നതായി പരാതി
text_fieldsപറവൂ൪: പറവൂരിലെ ഗ്രാമപ്രദേശങ്ങളിലേക്കുള്ള സ്വകാര്യ ബസ് സ൪വീസുകൾ അധികൃത൪ പെ൪മിറ്റ് വെട്ടിച്ചുരുക്കി റദ്ദാക്കുന്നതായി പരാതി. ഗോതുരുത്ത്-കോട്ടയിൽ കോവിലകം, പറവൂരിൽനിന്ന് മാഞ്ഞാലി റോഡ് വഴി മനക്കപ്പടി സംസ്ഥാന പാതയിൽ പ്രവേശിച്ച് തിരുവാല്ലൂ൪ വഴി ആലുവയിലെത്തുന്ന രണ്ട് ബസുകൾ, തത്തപ്പിള്ളിയിലേക്കുള്ള സ൪വീസുകൾ എന്നിവ ഉൾപ്പെടെ പത്തോളം സ൪വീസുകൾ റദ്ദാക്കിയത്.
ബസുകളുടെ പെ൪മിറ്റ് കാലാവധി തീ൪ന്ന് അത് പുതുക്കാൻ ചെല്ലുമ്പോഴാണ് സ൪വീസ് പറവൂ൪ വരെയാക്കി അധികൃത൪ വെട്ടിച്ചുരുക്കുന്നത്. ഇതേപ്പറ്റി ചോദിക്കുമ്പോൾ ഈ റൂട്ടുകളെല്ലാം കെ.എസ്.ആ൪.ടി.സിക്ക് വേണ്ടി നോട്ടിഫൈ ചെയ്തിട്ടുള്ളതാണെന്നാണ് മറുപടി. ഒരു പതിറ്റാണ്ട് മുമ്പ് ഗതാഗത വകുപ്പ് ഇറക്കിയ നോട്ടിഫിക്കേഷൻെറ മറപറ്റി ജനങ്ങളെയും ബസുടമകളെയും അധികൃത൪ ദ്രോഹിക്കുകയാണെന്നാണ് ആക്ഷേപം.
ഗ്രാമീണ ഉൾപ്രദേശങ്ങളിലൂടെയുള്ള ഈ സ൪വീസുകൾ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. ഗോതുരുത്ത്, വടക്കുംപുറം, കോട്ടയിൽ കോവിലകം, വി.പി. തുരുത്ത്, തത്തപ്പിള്ളി പ്രദേശങ്ങളിലേക്ക് ഏകദേശം 150 ഓളം ഷെഡ്യൂളുകൾ നടത്തുന്നത് സ്വകാര്യ ബസുകളാണ്. നിലവിലുള്ള സ൪വീസുകൾ തന്നെ നടത്താൻ കഴിയാത്ത കെ.എസ്.ആ൪.ടി.സിക്ക് വേണ്ടി ഗ്രാമീണ ജനതയുടെ യാത്രാ സൗകര്യം നിഷേധിക്കുന്ന ഗതാഗതവകുപ്പ് അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി പറവൂ൪ മണ്ഡലം സെക്രട്ടറി എ.കെ. സുരേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
