റയലിന് സമനില; അത് ലറ്റികോ നമ്പര്‍ വണ്‍
text_fieldsമഡ്രിഡ്: സാൻ മാമസ് ബറിയയിൽ അത്ലറ്റികോ ബിൽബാവോ ഒരുക്കിയ കെണിയിൽ റയൽ വീണു. എട്ട് തുടരൻ ജയങ്ങളുടെ കുതിപ്പിന് സമനിലയോടെ അന്ത്യം കുറിച്ചതിനൊപ്പം തുറുപ്പ്ചീട്ട് ലോകഫുട്ബാള൪ ക്രിസ്റ്റ്യനോ റൊണാൾഡോക്ക് ചുവപ്പ്കാ൪ഡും.
എവേ മാച്ചിൽ അത്ലറ്റികോ ബിൽബാവോയോട് റയൽ 1-1ന് സമനില വഴങ്ങിയതോടെ അവസരം മുതലെടുത്ത് നഗര വൈരികളായ അത്ലറ്റികോ മഡ്രിഡ് 18 വ൪ഷത്തെ ഇടവേളക്കു ശേഷം പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.
മുമ്പന്മാരായിരുന്ന ബഴ്സലോണയുടെ തോൽവിയും റയൽ മഡ്രിഡിൻെറ സമനിലയും മുതലെടുത്താണ് അത്ലറ്റികോ 4-0ത്തിന് റയൽ സൊസീഡാഡിനെ തോൽപിച്ച് നേടിയ പോയൻറുമായി മുന്നേറിയത്. ബാഴ്സലോണയെ വലൻസിയ 3-2ന് തോൽപിച്ചിരുന്നു.
22 കളിയിൽ 57 പോയൻറുമായാണ് 1996നുശേഷം അത്ലറ്റികോ മഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 54 പോയൻറ് പങ്കിട്ട് ബാഴ്സലോണ രണ്ടും റയൽ മഡ്രിഡ് മൂന്നും സ്ഥാനത്താണുള്ളത്.
എതിരാളികളുടെ തട്ടകത്തിലിറങ്ങിയ റയൽ മഡ്രിഡിനെ അടിമുടി വിറപ്പിച്ചുകൊണ്ടായിരുന്നു അത്ലറ്റികോ ബിൽബാവോയുടെ തുടക്കം.
ക്രിസ്റ്റ്യനോ റൊണാൾഡോ-ബെൻസേമ, ജെസെ റോഡ്രിഗസ് എന്നിവരുടെ മുന്നേറ്റത്തെ കടുത്ത പ്രതിരോധവും എണ്ണപ്പെട്ട നീക്കങ്ങളുമായാണ് അരിറ്റ്സ് സുബെൽഡിയയുടെ കീഴിലുള്ള ബിൽബാവോ നേരിട്ടത്. ഗോൾ രഹിതമായ ഒന്നാം പകുതിക്കു ശേഷം ആദ്യം ഗോളടിച്ചത് റയൽ മഡ്രിഡ്.
65ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ ക്രിസ്റ്റ്യാനോ നടത്തിയ മനോഹര മുന്നേറ്റത്തിനുള്ള സുന്ദരമായ ഫിനിഷിങ്ങായിരുന്നു 20കാരൻ ജെസെയിലൂടെ പിറന്ന ഗോൾ.
അധികം വൈകും മുമ്പ് ബിൽബാവോ തിരിച്ചടിച്ചു. പകരക്കാരനായിറങ്ങിയ എൽബായ് ഗോമസിൻെറ ബൂട്ടിൽ നിന്നായിരുന്നു ഗോൾ. അത്ലറ്റികോക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് പെനാൽറ്റിബോക്സിനകത്തുനിന്നും റാമോസ് ഹെഡറിലൂടെ അകറ്റിയെങ്കിലും 25 വാരഅകലെ നിന്ന് ലഭിച്ച പന്ത് ഗോമസ് ഗോളാക്കിമാറ്റി. തൊട്ടുപിന്നാലെ, 75ാം മിനിറ്റിൽ എതി൪താരങ്ങളുമായുണ്ടായ ഉന്തിനും തള്ളിനുമൊടുവിൽ റഫറി ക്രിസ്റ്റ്യാനോക്ക് മാ൪ചിങ് ഓ൪ഡ൪ നൽകി.
അത്ലറ്റികോയുടെ ഗു൪പെഗിക്കെതിരെ ക്രിസ്റ്റ്യാനോ ഹാൻഡ്ബാൾ വിളിക്കുന്നതിനിടെ മുഖത്ത് പിടിച്ചുതള്ളിയതാണ് ഏറ്റുമുട്ടലിന് വഴിയൊരുങ്ങുന്നത്.
പിന്നാലെ,റാസ്പെയുമായി ഉന്തും തള്ളുമായി. ഒടുവിൽ ചുവപ്പുകാ൪ഡും. ചുവപ്പുകാ൪ഡിനെതിരെ റയൽ താരങ്ങളും കോച്ച് ആൻസിലോട്ടിയും പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്.
ഇതോടെ, മൂന്നു മത്സരങ്ങളിൽ റയലിൻെറ സൂപ്പ൪ താരത്തിന് പുറത്തിരിക്കേണ്ടിവരും.
സൊസീഡാഡിനെതിരെ ഡേവിഡ് വിയ്യ, ഡീഗോ കോസ്റ്റ, മിറാൻഡ, റിബസ് കുൻഹ എന്നിവരാണ് അത്ലറ്റികോയുടെ ഗോളുകൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
