കുഞ്ഞനന്തനെ കുടുക്കിയത് സാക്ഷി ബാബുവിന്‍െറ ശക്തമായ മൊഴി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചനക്കുറ്റത്തിന് സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാൻ കാരണം 19ാം സാക്ഷി ഇ. ബാബുവിൻെറ ശക്തമായ മൊഴി. 2012 ഏപ്രിൽ 20ന് രാവിലെ 7.30നും എട്ടിനും ഇടയിൽ കുഞ്ഞനന്തൻെറ പാറാട്ടെ വസതിയിൽ എട്ടാംപ്രതി കെ.സി. രാമചന്ദ്രൻ, 11ാം പ്രതി ട്രൗസ൪ മനോജൻ എന്നിവ൪ ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്നായിരുന്നു ആശാരിയായ കണ്ണങ്കോട് തുവ്വക്കുന്ന് ഇളവൻറവിട വീട്ടിൽ ഇ. ബാബുവിൻെറ (36) മൊഴി. ക്രോസ് വിസ്താരത്തിൽ മൊഴി ഖണ്ഡിക്കാൻ പ്രഗല്ഭരായ പ്രതിഭാഗം അഭിഭാഷകൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബാബുവിൻെറ മൊഴി വിശ്വസനീയമാണെന്ന് കോടതി കണ്ടത്തെിയതാണ് കുഞ്ഞനന്തനൊപ്പം ട്രൗസ൪ മനോജനും ജീവപര്യന്തം ലഭിക്കാൻ കാരണമായത്.
പാറാട് ടൗണിലേക്ക് കുഞ്ഞനന്തൻെറ വീടിനു മുന്നിലൂടെയാണ് സ്ഥിരമായി പോകുന്നതെന്നായിരുന്നു ബാബുവിൻെറ മൊഴി. വിവാഹിതനെങ്കിലും ബാബുവിന് കുട്ടികളില്ല.
അതിനാൽ എല്ലാ മാസവും ഭാര്യയുടെ ജന്മനക്ഷത്ര നാളിൽ രാവിലെ തിരുവങ്ങാട് ക്ഷേത്രത്തിലത്തെി ‘സന്താനഗോപാല’ പൂജ നടത്താറുണ്ട്. അതിനായി 2012 ഏപ്രിൽ 20ന് രാവിലെ 7.30നും എട്ടിനും ഇടയിൽ ക്ഷേത്രത്തിൽ പോകവെ കുഞ്ഞനന്തൻെറ വീടിനു മുന്നിൽവെച്ച് മുൻപരിചയക്കാരനായ ട്രൗസ൪ മനോജനും വെള്ളവസ്ത്രം ധരിച്ച താടിയുള്ള ഒരാളും ബൈക്കിൽ വരുന്നതുകണ്ടു. വെള്ള വസ്ത്രം ധരിച്ച അപരിചിതനാണ് ബൈക്ക് ഓടിച്ചിരുന്നത്.
ട്രൗസ൪ മനോജൻ പിൻസീറ്റിലായിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ ക്രോസ് വിസ്താരത്തിൽ, തിരുവങ്ങാട് ക്ഷേത്രത്തിലേക്ക് പോകാൻ തലശ്ശേരി ബസിലാണ് യാത്രചെയ്തിരുന്നതെന്ന് ബാബു മൊഴി നൽകി.
പാറാട് ടൗണിലേക്ക് പോകാൻ മറ്റു പല വഴികൾ ഉണ്ടായിട്ടും കുഞ്ഞനന്തൻെറ വീടിനു മുന്നിലൂടെ പോയെന്ന ബാബുവിൻെറ മൊഴി അവിശ്വസനീയമാണെന്ന് പ്രതിഭാഗം വാദിച്ചു. ഒരു സ്ഥലത്തേക്ക് പോകാൻ നിരവധി കുറുക്കുവഴികളുണ്ടാവാമെങ്കിലും ഏതുവഴി തെരഞ്ഞെടുക്കണമെന്നത് യാത്രചെയ്യുന്നവരുടെ ഇഷ്ടാനുസരണമാവുമെന്നും ബാബുവിൻെറ മൊഴി വിശ്വസിക്കാതിരിക്കാൻ ഒരു കാരണവുമില്ളെന്നും ജഡ്ജി വിധിയിൽ എടുത്തുപറയുന്നുണ്ട്.
മുമ്പ് ആ൪.എസ്.എസിൽ പ്രവ൪ത്തിച്ചിരുന്ന താൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാ൪ഥിയുടെ ബൂത്ത് ഏജൻറാണെന്ന് ക്രോസ് വിസ്താരത്തിൽ ബാബുവിന് സമ്മതിക്കേണ്ടിവന്നു. എന്നാൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കെ.സി. രാമചന്ദ്രനോടോ നേരത്തേ അറിയാവുന്ന കുഞ്ഞനന്തനോടോ ട്രൗസ൪ മനോജനോടോ ബാബുവിന് ഒരു വിദ്വേഷവും ഉണ്ടാകേണ്ട കാര്യമില്ളെന്ന് കോടതി നിരീക്ഷിച്ചു. പകൽ വെളിച്ചത്തിൽ കണ്ട കെ.സി. രാമചന്ദ്രനെ കോടതിയിൽ നടന്ന തിരിച്ചറിയൽ പരേഡിൽ ബാബു തിരിച്ചറിയുകയും ചെയ്തു. ഭാര്യയുടെ ജന്മനക്ഷത്രം ‘രേവതി’ ആണെന്നായിരുന്നു ബാബുവിൻെറ മൊഴി. 2012 ഏപ്രിൽ 20ന് രേവതി നക്ഷത്രമല്ളെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല.
ബാബുവിൻെറ മൊഴി ഖണ്ഡിക്കാൻ പ്രതിഭാഗം തിരുവങ്ങാട് ക്ഷേത്രത്തിലെ എക്സിക്യൂട്ടിവ് ഓഫിസറെ ഹാജരാക്കുകയുണ്ടായി. ഏപ്രിൽ 20ന് ക്ഷേത്രത്തിൽ നടത്തിയ വഴിപാടുകളുടെ ലിസ്റ്റും ഇദ്ദേഹം ഹാജരാക്കി. തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിൽ ‘സന്താനഗോപാല’ പൂജ നടത്തിയിട്ടില്ളെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടിവ് ഓഫിസ൪ കോടതിയിൽ സമ൪ഥിക്കാൻ ശ്രമിച്ചു. എന്നാൽ, ‘സന്താനഗോപാല പൂജ’ താൻ നടത്താറുള്ള വഴിപാട് മാത്രമാണെന്നും ഒരു കുഞ്ഞിനെ ലഭിക്കാനാണ് പൂജ നടത്തിയതെന്നുമുള്ള ബാബുവിൻെറ മൊഴി കോടതി ശരിവെച്ചു. തിരുവങ്ങാട് ക്ഷേത്രത്തിൽ ശിവനെ പ്രസാദിപ്പിക്കാനുള്ള ദമ്പതിപൂജയാണ് നടത്തുന്നത് എന്നതിൻെറ രേഖയും പ്രതിഭാഗം ഹാജരാക്കി. കിഴക്കേടം ശിവക്ഷേത്രം, ശ്രീരാമസ്വാമി ക്ഷേത്ര സമുച്ചയത്തിൽ ഉൾപ്പെടുന്നതാണെന്നും എക്സിക്യൂട്ടിവ് ഓഫിസ൪ മൊഴി നൽകി. ദമ്പതിപൂജ, സുഖകരമായ ദാമ്പത്യജീവിതത്തിനും സന്താനലബ്ധിക്കുമായി നടത്തുന്ന പൂജയാണെന്ന് പ്രോസിക്യൂഷൻെറ ക്രോസ്വിസ്താരത്തിൽ എക്സിക്യൂട്ടിവ് ഓഫിസ൪ സമ്മതിച്ചു. ഇതോടെ ബാബു അന്ന് സന്താനഗോപാല പൂജ നടത്തിയില്ളെന്ന പ്രതിഭാഗം വാദം കോടതി തള്ളി. 2012 ഏപ്രിൽ 24ന് ഉച്ചക്ക് 12ഓടെ കി൪മാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവ൪ കെ.എൽ50/13 5151 നമ്പ൪ ടാറ്റാസുമോ കാറിൽ കുഞ്ഞനന്തൻെറ വീട്ടിൽ എത്തുന്നത് കണ്ടെന്ന 20ാം സാക്ഷി കെ. വത്സൻെറ (40) മൊഴി കോടതി അംഗീകരിച്ചില്ല. 19ാം സാക്ഷിയായ ഇ. ബാബുവിൻെറ ഉറച്ചമൊഴി കണക്കിലെടുത്താണ് പി.കെ. കുഞ്ഞനന്തനും ട്രൗസ൪ മനോജനും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ടി.പിയുടെ കൊലക്കുശേഷം ഒളിവിലായിരുന്ന നാളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും കുഞ്ഞനന്തന് വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.