സന്തോഷ് ട്രോഫി: കേരളത്തിന് ഇന്ന് മരണക്കളി
text_fieldsചെന്നൈ: സന്തോഷ് ട്രോഫി ഫുട്ബാളിലെ ആദ്യ അങ്കത്തിൽ തോൽവി വഴങ്ങിയ കേരളത്തിന് ഇന്ന് ജീവന്മരണ പോരാട്ടം. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ തമിഴ്നാടിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങിയ കേരളം ഇന്ന് മരണപ്പോരാട്ടത്തിൽ കരുത്തരായ ആന്ധ്രപ്രദേശിനെ നേരിടും.
ഇന്ന് ജയിച്ചില്ളെങ്കിൽ കഴിഞ്ഞ വ൪ഷത്തെ റണ്ണേഴ്സ് അപ്പുകാ൪ക്ക് സന്തോഷ് ട്രോഫി യോഗ്യതയില്ലാതെ വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങാം. എന്നാൽ, സ൪വസന്നാഹങ്ങളുമായി ഒരുങ്ങിയ ടീം ജയിക്കാൻ മാത്രമാണ് കളത്തിലിറങ്ങുന്നതെന്ന് കോച്ച് എ.എം. ശ്രീധരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഞായറാഴ്ച ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ 30ാം മിനിറ്റിൽ എ. രംഗൻ നേടിയ ഗോളാണ് കേരളത്തെ തോൽപിച്ചത്. കളിയുടെ ആദ്യ മിനിറ്റ് മുതൽ തമിഴ്നാട് പ്രതിരോധക്കോട്ടയെ വിറപ്പിച്ച് കേരളം തുടങ്ങിയെങ്കിലും മികച്ച ഫോമിലായിരുന്ന തമിഴ്നാടിൻെറ മലയാളി ഗോൾ കീപ്പ൪ എ. അരുൺ പ്രദീപിനു മുന്നിൽ എല്ലാം തക൪ന്നു.
കേരളത്തിൻെറ വി.വി. സു൪ജിതും പകരക്കാരനായി കളത്തിലിറങ്ങിയ സ൪വകലാശാലാ താരം പി.വി. സുഹൈറും നടത്തിയ മികച്ച മുന്നേറ്റങ്ങളെല്ലാം ഫിനിഷിങ്ങിലെ പാളിച്ചകൊണ്ടും എതി൪ ഗോൾകീപ്പറുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനംകൊണ്ടും വഴിമാറി.
സ൪വകലാശാലാ താരം ജിജോ ജോസഫും ആദ്യ മത്സരത്തിൽ തന്നെ കേരളത്തിൻെറ കുപ്പായത്തിൽ കളത്തിലിറങ്ങി. ഗോളെന്നുറപ്പിച്ച നാലോളം അവസരങ്ങളാണ് അരുൺ പ്രദീപ് തടുത്തിട്ടത്. സ്വന്തം ഗ്രൗണ്ടിൻെറ ആനുകൂല്യവും കളം നിറഞ്ഞു കളിക്കാൻ ആതിഥേയ൪ക്ക് സഹായമായി. 3-5-2 ശൈലിയിൽ കളിച്ച തമിഴ്നാടിൻെറ നീക്കങ്ങളെല്ലാം പി. സുധാക൪, ചാൾസ് ആനന്ദ് രാജ്, ശാന്തകുമാ൪ ത്രയങ്ങളിലൂടെയായിരുന്നു.
കളി ചൂടുപിടിക്കുന്നതിനിടെ 30ാം മിനിറ്റിൽ സുധാക൪ പെനാൽറ്റി ബോക്സിനു മുന്നിൽനിന്ന് ചിപ്ചെയ്തു നൽകിയ പന്ത് രംഗൻ, കേരള ക്യാപ്റ്റൻ കുടിയായ ഗോളി ജീൻ ക്രിസ്റ്റ്യനെ വെട്ടിച്ച് വലയിലേക്ക് അടിച്ചുകയറ്റി. മറ്റൊരു മത്സരത്തിൽ ആന്ധ്രപ്രദേശ് 5-0ത്തിന് ആന്തമാൻ നിക്കോബാറിനെ കീഴടക്കി.
തമിഴ്നാട്, ക൪ണാടക, ആന്ധ്രപ്രദേശ്, ആന്തമാൻ ടീമുകളാണ് ഗ്രൂപ്പിൽ കേരളത്തിനൊപ്പം. ആദ്യ രണ്ടുസ്ഥാനങ്ങൾ നേടുന്ന ടീമുകളാവും ഫൈനൽറൗണ്ടിലേക്ക് യോഗ്യത നേടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
