അമ്പത്തിനാലാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
text_fieldsപാലക്കാട്: ഒമ്പതിനായിരം കനവുകളിൽ പ്രഭ ചൊരിഞ്ഞ് കലാരഥമുരുണ്ടു. ഇനിയാ പ്രകാശത്തിൽ പാലക്കാട് നഗരം ഏഴു നാൾ നിന്ന് ജ്വലിക്കും.
അനാരോഗ്യം മൂലം വിശ്രമത്തിലായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരുവനന്തപുരത്തുനിന്ന്, മുഖ്യവേദിയായ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ 54ാമത് സംസ്ഥാന സ്കൂൾ കലോൽസവം ഉദ്ഘാടനം ചെയ്തു. നി൪ഭയം, സന്തുഷ്ടം, ബാല്യം എന്നതാണ് ഇത്തവണത്തെ കലോൽസവ പ്രമേയം.
വിക്ടോറിയ കോളജ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര മുഖ്യവേദിയിൽ എത്തിയതോടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. വിജയിക്കുക എന്നതിലുപരി കലോൽസവത്തിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മാന്വൽ പരിഷ്കരണം നടപ്പിലാക്കി അടുത്ത കലോൽസവം കുറ്റമറ്റതാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. ചലച്ചിത്ര നടൻ ബാലചന്ദ്രമേനോൻ മുഖ്യാതിഥിയായിരുന്നു. ഘോഷയാത്രാ വിജയികൾക്ക് മന്ത്രി കെ.സി. ജോസഫും ലോഗോ രൂപകൽപന ചെയ്ത ഷിഹാബുദ്ദീൻ ഹുദവി കുമ്പിടിക്ക് മന്ത്രി എ.പി. അനിൽകുമാറും ഉപഹാരങ്ങൾ സമ്മാനിച്ചു. എം.പിമാരായ എം.ബി.രാജേഷ്, പി.കെ.ബിജു, എം.എൽ.എമാരായ അഡ്വ. എൻ. ഷംസുദ്ദീൻ, ഷാഫി പറമ്പിൽ, എ.കെ.ബാലൻ, കെ. അച്യുതൻ, എം.ചന്ദ്രൻ, എം.ഹംസ, വി.ടി.ബൽറാം, വി.ടി. സലീഖ, കെ.വി. വിജയദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ.കണ്ടമുത്തൻ, മുനിസിപ്പൽ ചെയ൪മാൻ എ. അബ്ദുൽ ഖുദ്ദൂസ്, പൊതുവിദ്യാഭ്യാസ ഡയറക്ട൪ ബിജു പ്രഭാക൪, കലക്ട൪ കെ. രാമചന്ദ്രൻ, ജില്ലാപൊലീസ് മേധാവി സോമശേഖ൪, വി.എച്ച്.സി ഡയറക്ട൪ സി.കെ. മോഹനൻ തുടങ്ങിയവ൪ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ സ്വാഗതവും ഹയ൪ സെക്കൻഡറി ഡയറക്ട൪ കേശവേന്ദ്രകുമാ൪ നന്ദിയും പറഞ്ഞു.
രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ട൪ ബിജു പ്രഭാക൪ പതാക ഉയ൪ത്തിയശേഷം ആറ് വേദികളിൽ കലാമൽസരങ്ങൾക്ക് തുടക്കമായി. ഇന്ന് 17 വേദികളിലായി മൽസരങ്ങൾ നടക്കും. അപ്പീലുകളുടെ തള്ളിക്കയറ്റം ഇത്തവണയും കലോൽസവത്തിൻെറ സമയക്രമത്തെ തകിടം മറിക്കുമെന്ന സൂചനയാണ് ആദ്യദിവസം തന്നെ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.