നിഷ്ഫലം പ്രവാസി ഭാരതീയ ദിവസ്
text_fieldsകോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ 12ാം പ്രവാസി ഭാരതീയ ദിവസ് എന്ന മാമാങ്കംകൊണ്ട് എന്ത് നേട്ടമെന്ന് ആരെങ്കിലും ചോദിച്ചുപോയാൽ അവരെ കുറ്റപ്പെടുത്തുക വയ്യ. ലോകത്തിൻെറ നാനാഭാഗത്തുനിന്നും പറന്നുവന്ന 1000ത്തിലേറെ വരുന്ന പ്രവാസികൾക്ക് പ്രതീക്ഷനൽകുന്ന പ്രമേയങ്ങളോ മനസ്സിൽ കാത്തുസൂക്ഷിക്കേണ്ട അനുഭവങ്ങളോ ഇല്ലാതെയാണ് ഇക്കുറി ഡൽഹിയിലെ മരംകോച്ചുന്ന തണുപ്പിൽ പ്രവാസി സംഗമം ഉറഞ്ഞുപോയത്.
പ്രതീക്ഷകളൊന്നും നൽകാതെ അവസാനിച്ച സമ്മേളനം ഉയ൪ത്തിയ തലക്കെട്ട് ‘പ്രവാസികളെ ക൪മനിരതരാക്കുക, തലമുറകളെ ബന്ധിപ്പിക്കുക’ എന്നതായിരുന്നു. ഡൽഹിയിൽ പ്രവാസി മന്ദിരം ഉയരുന്നതിനെക്കുറിച്ചും സംസ്ഥാനങ്ങളിൽ അതേമാതൃകയിൽ പ്രവാസി കാര്യാലയങ്ങൾ വരുമെന്നതിനെക്കുറിച്ചും പറഞ്ഞതല്ലാതെ മുൻ സമ്മേളനപ്രഭാഷണങ്ങളുടെ ആവ൪ത്തനങ്ങളായിരുന്നു പ്രധാനമന്ത്രിയുടെ വ൪ത്തമാനം. ഭരണചക്രം യുവതലമുറക്ക് കൈമാറുന്നതിനെക്കുറിച്ച സൂചനകളാകട്ടെ പ്രവാസികളുടെ പ്രശ്നവുമല്ല. സാമ്പത്തിക വള൪ച്ചയെ കുറിച്ചുപോലും പ്രതീക്ഷ പ്രകടിപ്പിച്ചതല്ലാതെ പ്രവാസി നിക്ഷേപകരെ ആക൪ഷിക്കുന്ന സ൪ക്കാ൪ നയങ്ങളെക്കുറിച്ച പ്രഖ്യാപനങ്ങളുമുണ്ടായില്ല. നവമാധ്യമങ്ങൾ സൃഷ്ടിച്ച സാമൂഹിക അവബോധവും തദ്വാരാ യുവതലമുറയിൽ വന്ന ഉണ൪വും അംഗീകരിച്ച പ്രഭാഷണത്തിൽ അമേരിക്കൻ ആണവ ശക്തിക്ക് മാത്രമല്ല, കുറ്റിച്ചൂലിനും ചില ശക്തികളൊക്കെയുണ്ടെന്ന ധ്വനി ഒഴിച്ചുനി൪ത്തിയാൽ മാറ്റത്തിൻെറ മാറ്റൊലിയൊന്നും അതിൽ ദ൪ശിക്കാനാവില്ല. നിരവധി കരം പിരിവുകളും ചുങ്കപ്പിരിവുകളും നികുതിപിഴിച്ചിലുകളും കൊണ്ട് നാടുഭരിക്കുന്ന ഒരു ഭരണസംവിധാനത്തിൽ പ്രവാസികൾക്ക് മാറ്റം പ്രതീക്ഷിക്കേണ്ടതില്ളെന്ന യാഥാ൪ഥ്യം തുടക്കത്തിൽതന്നെ വ്യക്തമാകുകയായിരുന്നു.
ഇന്ത്യാ മഹാരാജ്യത്തിൻെറ ഭൂഗ൪ഭ ഖനിജ നിക്ഷേപങ്ങളും പ്രകൃതിവിഭവങ്ങളും അനുഗൃഹീത ഊ൪ജസ്രോതസ്സുകളും യഥാവിധി പ്രയോജനപ്പെടുത്തി, പ്രവാസി നിക്ഷേപങ്ങളുടെ സഹായത്തോടെ അഴിമതിരഹിത സംരംഭങ്ങൾ വ്യവസായിക, വാണിജ്യ, കാ൪ഷിക മേഖലയിൽ ആരംഭിക്കുന്നതിനെക്കുറിച്ച സജീവ ച൪ച്ചകളോ നി൪ദേശങ്ങളോ തുട൪ന്ന് നടന്ന ‘ഇന്ത്യ വികസന വള൪ച്ചയുടെ അജണ്ട’ എന്ന സെഷനിലും ഉണ്ടായില്ല. മോഡറേറ്ററായ സാം പിത്രോഡ നടത്തിയ വാദമുഖത്തിൽ നൽകപ്പെട്ട ചില സൂചകങ്ങൾ യഥാവിധി വിശദീകരിക്കപ്പെട്ടതുമില്ല. ഗ്രാമവികസന-പാ൪ലമെൻററികാര്യ മന്ത്രി കമൽനാഥും വാണിജ്യ-വ്യവസായ മന്ത്രി ആനന്ദ് ശ൪മയും വിഷയത്തിൻെറ മ൪മം സ്പ൪ശിച്ചില്ല. ഡോ. ജി. മോഹൻ ഗോപാൽ നടത്തിയ വിഷയാവതരണത്തിൽ ഇന്ത്യയുടെ വ്യവസായിക, വാണിജ്യ വള൪ച്ചയെക്കുറിച്ച പ്രത്യാശനൽകുന്ന പഠനങ്ങളുണ്ടെന്നത് മാത്രമാണ് പ്രസ്താവ്യമായ ഏക കാര്യം. ഭരണീയ൪ക്ക് രാജ്യ വികസനത്തിലെ ദീ൪ഘകാലകാഴ്ചപ്പാടിലെ അമൂ൪ത്തതയും അവ്യക്തതയും ഉറപ്പിക്കുകയായിരുന്നു അവരുടെ പ്രഭാഷണങ്ങൾ.
മൂന്നാംദിവസം നടന്ന സംസ്ഥാനങ്ങളുടെ നിക്ഷേപ സാധ്യതകളെക്കുറിച്ച ച൪ച്ചയിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ പ്രഭാഷണം ‘എമ൪ജിങ് കേരള’യുടെ സ്പിരിറ്റാണ് ഉൾക്കൊണ്ടിരുന്നത്. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിദ്യാ൪ഥി, യുവജന സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ കേരള സ൪ക്കാ൪ തുടങ്ങിവെച്ച പുതിയ ചുവടുവെപ്പ് പ്രത്യാശ നൽകുന്നതായി. യുവ സംരംഭക൪ക്ക് സബ്സിഡി നൽകാൻ തീരുമാനിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ആയിരം ആശയങ്ങൾ വിദ്യാ൪ഥി- യുവജനങ്ങളുടേതായി സ൪ക്കാറിന് ലഭിച്ചിട്ടുണ്ട്. വാ൪ഷിക ബജറ്റിൻെറ 40 ശതമാനം ചെലവഴിക്കപ്പെടുന്ന വിദ്യാഭ്യാസരംഗത്തുനിന്ന് ബഹി൪ഗമിക്കുന്ന തൊഴിലില്ലാപ്പട മറ്റൊരു ‘വസന്ത’ത്തിനായി കല്ളെറിയുന്നതിനേക്കാൾ നല്ലത് അവരെ ‘എൻഗേജ്’ ചെയ്യിക്കലാണെന്ന സത്യം ഭരിക്കുന്നവ൪ക്ക് ബോധ്യപ്പെട്ടെങ്കിൽ അത് നല്ലകാര്യം.
കോ൪പറേറ്റ് കമ്പനികളെയും പ്രവാസി പ്രഭുക്കളെയും മാത്രം ലക്ഷ്യംവെച്ച് ‘എമ൪ജിങ് കേരള’യിൽ അവതരിപ്പിക്കപ്പെട്ട വൻകിട വ്യവസായ സംരംഭത്തിൽനിന്ന് വിഭിന്നമായി ‘മൈക്രോഫിനാൻസ്’ അടിസ്ഥാനപ്പെടുത്തി ട്രയാങ്കുല൪ സംരംഭങ്ങൾ ആരംഭിക്കണമെന്ന നി൪ദേശം പിന്നീട് നടന്ന കേരള സെഷനെ ശ്രദ്ധേയമാക്കി. പബ്ളിക്-പ്രൈവറ്റ് പീപ്ൾ പാ൪ട്ണ൪ഷിപ് എന്ന സാധാരണക്കാരുടെ പങ്കാളിത്തത്തോടു കൂടിയ സംരംഭങ്ങളാണ് പ്രവാസികളെ ഏറെ ആക൪ഷിക്കുക എന്ന നി൪ദേശവും സദസ്സിൽ ഉയ൪ന്നുവന്നു. എന്നാൽ, എന്ത് സംരംഭം കേരളത്തിൽ തുടങ്ങണമെങ്കിലും സഹകരണാത്മക രാഷ്ട്രീയ പൊതുനയവും ബന്ദും ഹ൪ത്താലും സമരകോലാഹലങ്ങളുമില്ലാത്ത ശാന്തമായ സാമൂഹികാന്തരീക്ഷവും കൂടിയേ തീരൂ. പ്രവാസികളുടെ ‘മൈൻഡ്സെറ്റ്’ മാറ്റണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് ഉദ്യോഗസ്ഥവൃന്ദത്തിൻെറയും രാഷ്ട്രീയ വൃത്തത്തിൻെറയും ‘മൈൻഡ്സെറ്റ്’ ആദ്യമായി മാറണമെന്ന ശക്തമായ ആവശ്യമാണ് സദസ്സിൽനിന്നുണ്ടായത്.
കേരളത്തിൽ വ്യവസായ സംരംഭങ്ങൾക്ക് അനുകൂലമായ കാലാവസ്ഥയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തിരുത്തിയ ആഭ്യന്തരമന്ത്രി ചെന്നിത്തല, അങ്ങനെ പറയാനാവില്ളെന്നും സുതാര്യതയും സുരക്ഷിതത്വവും ഉത്തരവാദിത്തബോധവും സ൪ക്കാറിൽ നിന്നുണ്ടായാലേ കേരളത്തിൽ നിക്ഷേപിക്കാൻ പ്രവാസികൾ സന്നദ്ധരാവുകയുള്ളൂവെന്നും പറഞ്ഞു. ഇതര സംസ്ഥാനങ്ങളോട് കേരളത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ളെന്ന് അദ്ദേഹം തുറന്നടിച്ചു.
ഗൾഫ് സെഷനിൽ മലയാളികളായ പ്രവാസികളായിരുന്നു ഭൂരിപക്ഷവും. 11 വ൪ഷമായി ആവ൪ത്തിക്കപ്പെടുന്ന പരാതികൾതന്നെയാണ് 12ാം പി.ബി.ഡിയിലും ഉന്നയിക്കപ്പെട്ടത്. നാളിതുവരെ നടത്തിയ പ്രവാസി പരിദേവനങ്ങൾക്ക് പരിഹാരം ഇനിയുമുണ്ടായില്ളെന്നാണ് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാനുള്ളത്. ഗൾഫ് രാഷ്ട്രങ്ങളിലെ വിശിഷ്യാ യു.എ.ഇയിലെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരായ തടവുകാരെ, രണ്ടുവ൪ഷം മുമ്പ് നടന്ന തടവുകാരുടെ കൈമാറ്റ കരാ൪ പ്രകാരം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമവും കേന്ദ്ര സ൪ക്കാ൪ നടത്തിയില്ല എന്ന പരാതി ശക്തമായി ഉയ൪ന്നു. എന്നാൽ, കേരളീയനായ വിദേശകാര്യ സഹമന്ത്രി ഗൾഫിലെ ജയിലിൽ കഴിയുന്നതാണ് ഇന്ത്യൻ ജയിലിനേക്കാൾ തനിക്കിഷ്ടമെന്ന് പറഞ്ഞ ഏതോ ദു൪ഭഗനായ ഒരു പ്രവാസിയുടെ കഥപറഞ്ഞ് പ്രശ്നത്തിൻെറ മാനുഷിക വശം പരിഹാസപൂ൪വം തള്ളിക്കളഞ്ഞത് പ്രതിഷേധത്തിന് കാരണമായി.
നിതാഖാത്തിൽ സൗദി രാജാവിൻെറയും അവിടത്തെ ഭരണകൂടത്തിൻെറയും കാരുണ്യാതിരേകംകൊണ്ട് അവിടത്തെന്നെ കഴിഞ്ഞുകൂടാനോ പിഴയും ജയിലും കൂടാതെ തിരിച്ചുവരാനോ സാഹചര്യം ലഭിച്ചത് പ്രവാസികൾക്ക് തങ്ങൾ ചെയ്ത ഏറ്റവുംവലിയ ഒൗദാര്യമായി പ്രവാസി വകുപ്പും വിദേശകാര്യ വകുപ്പും ഊറ്റംകൊള്ളുമ്പോൾ കാര്യത്തിൻെറ യാഥാ൪ഥ്യമറിയുന്ന സാധാരണക്കാരായ പ്രവാസികൾപോലും ചിരിച്ചുപോകും. രണ്ടു വ൪ഷം മുമ്പ് ആരംഭിച്ച നിതാഖാത് വ്യവസ്ഥീകരണം ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്ന് സൗദിയിലുള്ള മുഴുവൻ ഇന്ത്യൻ സംഘടനകളും സ്ഥാനപതികാര്യാലയവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധേയിൽപെടുത്തിയിട്ടും പൊതുമാപ്പും രാജകാരുണ്യവും പ്രഖ്യാപിക്കപ്പെട്ട ശേഷംമാത്രമാണ് ബന്ധപ്പെട്ട മന്ത്രിമാ൪ സൗദി അറേബ്യയിലത്തെിയത്. പ്രവാസികൾക്ക് ഇനിയെന്ത് പ്രശ്നം എന്ന പ്രവാസികാര്യമന്ത്രിയുടെ ചോദ്യം കേട്ട് സൗദിയിൽനിന്നു വന്ന പ്രവാസികൾ ആദ്യ പൊതുമാപ്പ് തീരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് കേന്ദ്രമന്ത്രിമാ൪ സൗദി തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ചക്കത്തെിയത് എന്ന കാര്യം അനുസ്മരിച്ചു. ഇന്ത്യക്ക് ഏറ്റവുമേറെ വിദേശനാണ്യം നേടിത്തരുന്ന ഗൾഫ് പ്രവാസികളുടെ പ്രശ്നങ്ങൾക്ക് തരിമ്പും വില കൽപിക്കാതെ, പടിഞ്ഞാറൻ നാടുകളിൽ ചേക്കേറി ഇന്ത്യൻ പൗരത്വം വലിച്ചെറിഞ്ഞ് സമ്പാദ്യമത്രയും അവിടത്തെന്നെ നിക്ഷേപിച്ചവ൪ക്ക് വീണ്ടും പൗരത്വവും പ്രാമുഖ്യവും കൊടുക്കുന്നതാണ് പ്രവാസികാര്യ വകുപ്പിൻെറ പ്രധാന ദൗത്യമെന്ന് തോന്നിക്കുംവിധമാണ് പെരുമാറ്റമെന്ന് പി.ബി.ഡിയിൽ പങ്കെടുത്ത ഗൾഫ് പ്രവാസികൾ പരാതിപ്പെടുന്നു. ഏതായാലും അടുത്ത പി.ബി.ഡി എവിടെ, ആ൪ നയിക്കും എന്ന ചോദ്യത്തിന് ജനാധിപത്യ വ്യവസ്ഥയിൽ പ്രത്യേക പ്രസക്തി ഇല്ലാത്തതിനാൽ വരുന്നിടത്തുവെച്ച് കാണാമെന്ന് പറഞ്ഞാണ് ഗൾഫ് പ്രവാസികൾ പിരിഞ്ഞുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
