തബൂക്ക്: മൂടാത്ത കുഴൽക്കിണറിൽ അബദ്ധത്തിൽ വീണുപോയ ആറു വയസ്സുകാരി ലമാ അ൪റൗഖിക്കു വേണ്ടിയുള്ള തിരച്ചിൽ ഉത്തരസൗദിയിലെ അതിശൈത്യം വകവെക്കാതെ തുടരുന്നു. അരാംകോയുടെ സഹായത്തോടെ സിവിൽ ഡിഫൻസ് തുടങ്ങിയ പുതിയ ദൗത്യം വൈകാതെ ലക്ഷ്യം കാണും എന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും.
കിണറിനു സമീപം താൽക്കാലിക ആശുപത്രി സ്ഥാപിക്കാൻ തബൂക്ക് അമീ൪ ഫഹദ് ബിൻ സുൽത്താൻ ബിൻ അബ്ദുൽഅസീസ് നി൪ദേശിച്ചു. മോശം കാലാവസ്ഥയിൽ കുട്ടിയുടെ ബന്ധുക്കളുടെയും തൊഴിലാളികളുടെയും ആരോഗ്യസ്ഥിതി പരിഗണിച്ചാണിത്. കുഞ്ഞിൻെറ ഭൗതികശരീരം കണ്ടെടുക്കുന്നതിനു ഏതു വിധ സഹായവും നൽകാൻ തയാറാണെന്ന് അമീ൪ പ്രസ്താവിച്ചു. ഹഖ്ൽ പ്രാദേശികഭരണാധികാരിക്ക് അദ്ദേഹം ഇതുസംബന്ധിച്ച നി൪ദേശങ്ങൾ നൽകി.
കിണറിൻെറ വായ്വിസ്താരം വ൪ധിപ്പിച്ചു അടിയിലേക്കു കുഴിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തിവരുന്നത്. കുഞ്ഞിൻെറ ബന്ധുക്കൾ സമീപത്ത് ടെൻറ് കെട്ടി രക്ഷാപ്രവ൪ത്തനം നിരീക്ഷിച്ചുവരികയാണ്. ശൈത്യം പൂജ്യം ഡിഗ്രിയിലും താഴേക്കു പോയ കഴിഞ്ഞ ദിവസം ബന്ധുക്കൾ സ്ഥലം വിട്ടെങ്കിലും സമീപത്തെ കാറിൽ കയറിയിരുന്ന് പിതാവ് അവിടെ തന്നെ കഴിച്ചു കൂട്ടി.