കഴിവുകേട് കരഞ്ഞുതീര്‍ത്തിട്ടെന്ത്?
text_fieldsകേവല സ്വപ്നങ്ങൾ പങ്കുവെക്കുകയും മോഹഭംഗങ്ങൾ അയവിറക്കി നെടുവീ൪പ്പിടുകയുമല്ല ഭരണാധികാരിയുടെ ധ൪മം. അധികാരം കൈയിലിരിക്കുമ്പോൾ ഇച്ഛാശക്തിയോടെ തീരുമാനങ്ങളെടുത്ത് മുന്നോട്ടു പോകാതെ അന്തിച്ചിരിക്കുകയും ഒടുവിൽ കൈവിട്ട സുവ൪ണനിമിഷങ്ങളെ പ്രതി സ്വയം പഴിക്കേണ്ടിവരുകയും ചെയ്യുന്നത് രാജ്യതന്ത്രജ്ഞതയുടെ കുറവുതന്നെ. ശരിതെറ്റുകൾ നി൪ണയിച്ചു പ്രതിസന്ധിയെ മറികടക്കുന്നതിനു പകരം നിക്ഷിപ്ത താൽപര്യങ്ങൾക്കോ തൽപരകക്ഷികളുടെ ഇംഗിതത്തിനോ വിധേയപ്പെട്ടു നീങ്ങുകയും ഒടുവിൽ എൻെറ പിഴ എന്നുപറഞ്ഞു വിലപിക്കുകയും ചെയ്യുന്നത് ഫലത്തിൽ വിശ്വാസമ൪പ്പിച്ച രാഷ്ട്രത്തോടും ജനതയോടും ചെയ്യുന്ന വഞ്ചനയാണ്. കിരാതമായൊരു വംശഹത്യയുടെ പാപക്കറ പുരണ്ട കൈകൾ കണ്ണുംപൂട്ടി കഴുകിക്കളഞ്ഞു കേന്ദ്രാധികാരത്തിലേക്കു രക്ഷപ്പെട്ടുകിട്ടാൻ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഈയിടെ നടത്തിയ ശ്രമം പുച്ഛത്തോടെയാണല്ളോ രാജ്യം കണ്ടത്. ഇപ്പോഴിതാ, കേന്ദ്രത്തിൽ രണ്ട് ഊഴം പൂ൪ത്തിയാക്കി പുറത്തിറങ്ങാൻ നേരം പ്രധാനമന്ത്രി മൻമോഹൻസിങ് ഇന്ത്യ-പാക് ഉഭയകക്ഷി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്തതിൽ സങ്കടപ്പെടുന്നു. അധികാരപദം വിടുംമുമ്പ് പാകിസ്താൻ സന്ദ൪ശിക്കണമെന്ന മോഹം പ്രകടിപ്പിക്കുന്നു.
പാകിസ്താനെ സംവാദത്തിലൂടെ സമവായത്തിൻെറ വഴിയിലേക്കു കൊണ്ടുവന്ന് കശ്മീ൪ പ്രശ്നമടക്കമുള്ള മേഖലയിലെ പ്രതിസന്ധിയെ മറികടക്കാൻ ആഗ്രഹിച്ചു. ഉഭയകക്ഷിബന്ധത്തിൽ ശ്രദ്ധേയമായൊരു വഴിത്തിരിവിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ എത്തി. എന്നാൽ, ജനറൽ മുശ൪റഫിൻെറ തലതിരിഞ്ഞ നീക്കം കാര്യങ്ങൾ അവതാളത്തിലാക്കി-രണ്ടു നാൾ മുമ്പ് ന്യൂഡൽഹിയിലെ വാ൪ത്താസമ്മേളനത്തിൽ മൻമോഹൻ പറഞ്ഞതാണിത്. വഴിത്തിരിവായ ഈ ധാരണ വെളിപ്പെടുത്തണമെന്നാണ് ഇപ്പോൾ ബി.ജെ.പിയുടെ ബഹളം. അതു മുമ്പേ വെളിപ്പെട്ടതാണ്. നിലവിലെ അതി൪ത്തികൾ നിലനി൪ത്തി കശ്മീരികൾക്ക് ഇന്ത്യയിലേക്കും പാകിസ്താനിലേക്കും സഞ്ചാരസ്വാതന്ത്ര്യമുണ്ടായിരിക്കുക, കശ്മീരിന് സ്വാതന്ത്ര്യമല്ല, സ്വയംഭരണാവകാശം നൽകുക, ഇരുവിഭാഗവും ധാരണയുടെ അടിസ്ഥാനത്തിൽ സൈനിക പിന്മാറ്റത്തിനു കളമൊരുക്കുക, ഇന്ത്യ-പാക്-കശ്മീ൪ പ്രാതിനിധ്യമുള്ള സംയുക്ത നിരീക്ഷണ സമിതിക്ക് രൂപംനൽകുക എന്നീ നാലിന നി൪ദേശമായിരുന്നു അത്. വൻശക്തികളും ആയുധക്കച്ചവടക്കാരുമടക്കമുള്ളവരുടെ ബാഹ്യസ്വാധീനത്തിനു വഴങ്ങാത്ത, ഇരുജനതയുടെയും മനമറിഞ്ഞുള്ള പരിഹാരനി൪ദേശം.
ഇന്ത്യക്ക് എന്നും തലവേദനയായിരുന്ന തീവ്രവാദപ്രശ്നത്തിന് പരിഹാരമാവുന്ന റോഡ് മാപ്പും ഇതിൻെറ ഭാഗമായുണ്ടായിരുന്നു. രണ്ടാം ഘട്ടത്തിൽ കശ്മീ൪ പ്രശ്നപരിഹാരത്തിനും മൂന്നാം ഘട്ടത്തിൽ ഇരുരാഷ്ട്രങ്ങളുടെയും ക്ഷേമത്തിനുതകുന്ന ശാശ്വത സഹവ൪ത്തിത്വ പരിപാടിയും ആവിഷ്കരിച്ചിരുന്നു. എന്നാൽ, ഈ ശ്രമങ്ങളെല്ലാം ഇരുപക്ഷത്തെയും തൽപരകക്ഷികളുടെയോ ബാഹ്യശക്തികളുടെയോ ഇടപെടലിൽ തട്ടി വീണുടഞ്ഞു. മുംബൈ ഭീകരാക്രമണം മുതൽ ഏറ്റവുമൊടുവിൽ കഴിഞ്ഞ ജനുവരിയിൽ അതി൪ത്തിയിൽ ഇന്ത്യൻ ജവാന്മാ൪ക്കു നേരെ നടന്ന അതിക്രമം വരെയുള്ള സംഭവഗതികൾ നിരീക്ഷിച്ചാൽ ഇത് വ്യക്തമാവും. ഉഭയകക്ഷി സൗഹാ൪ദശ്രമങ്ങളെ പിറകോട്ടു പിടിച്ചുവലിക്കുന്നുവെന്നതാണ് ഏതു അനിഷ്ടസംഭവത്തിൻെറയും ഫലം.
വാജ്പേയിയുടെ കാലത്ത് തുടങ്ങിവെച്ച ഉഭയകക്ഷിബന്ധത്തിലെ ക്രിയാത്മകനീക്കങ്ങൾക്ക് മൻമോഹൻ ഗതിവേഗം പകരുമെന്നായിരുന്നു കണക്കുകൂട്ടൽ. 2004 മുതൽ 2007 വരെ നീണ്ട ചടുലമായ നീക്കങ്ങൾ അതിനു പ്രതീക്ഷ പകരുകയും ചെയ്തു. കശ്മീ൪ പ്രശ്നപരിഹാരത്തിനു സമിതിയെ നിയോഗിച്ചതും അലിഖിത നി൪ദേശങ്ങളുമായി സമവായത്തിനു ശ്രമിച്ചതുമൊക്കെ നല്ല നീക്കവുമായിരുന്നു. എന്നാൽ, ഇന്ത്യ-പാക് ബന്ധങ്ങളിൽ മഞ്ഞുരുക്കമുണ്ടാകുന്നത് ഇഷ്ടപ്പെടാത്ത ആഭ്യന്തരവും ബാഹ്യവുമായ ശക്തികൾ ചരടുവലിക്കുകയായിരുന്നു എന്നും. അവരെ മറികടക്കാനുള്ള ആ൪ജവം ഡോ. സിങ്ങിനുണ്ടായില്ല. ആ സങ്കടം പിരിയാൻ നേരം കരഞ്ഞുതീ൪ക്കുന്നതുകൊണ്ട് ആ൪ക്ക് എന്ത് പ്രയോജനം?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
