പരസ്യ വിവാദവും രഹസ്യ അജണ്ടകളും
text_fieldsകമ്യൂണിസ്റ്റ് മാ൪ക്സിസ്റ്റ് പാ൪ട്ടിയുടെ പാലക്കാട് പ്ളീനത്തോടനുബന്ധിച്ച് പാ൪ട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ആശംസാ പരസ്യത്തെച്ചൊല്ലി മാധ്യമങ്ങളിൽ നടന്ന വിവാദങ്ങൾ ആ പാ൪ട്ടിയുടെ കാപട്യത്തെയെന്നതിനേക്കാൾ നമ്മുടെ മാധ്യമങ്ങളുടെ കാപട്യത്തെയാണ് വെളിപ്പെടുത്തുന്നത്. മലബാ൪ സിമൻറ്സുമായി ബന്ധപ്പെട്ട അഴിമതികളിലും ആ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥൻെറയും മക്കളുടെയും ദാരുണമായ ദുരൂഹമരണത്തിലും പ്രതിയായ, കുപ്രസിദ്ധനായ ഒരു വ്യവസായി പാ൪ട്ടി പ്ളീനത്തിന് വ്യക്തിപരമായി ആശംസ അ൪പ്പിക്കുന്ന പരസ്യം ദേശാഭിമാനിയിൽ പ്രത്യക്ഷപ്പെട്ടത് അനുചിതമായി എന്ന് മാ൪ക്സിസ്റ്റ് പാ൪ട്ടിയുടെ മുതി൪ന്ന നേതാവായ വി.എസ്. അച്യുതാനന്ദനെപ്പോലെ കരുതുന്ന അനേകം ഇടതുപക്ഷ അനുകൂലികളോടൊപ്പമാണ് ഇതെഴുതുന്നയാളും. എന്നാൽ, ഈ അനൗചിത്യത്തിൻെറ പേരിൽ പാ൪ട്ടിയെ പ്രതിക്കൂട്ടിൽ നി൪ത്തി വിചാരണചെയ്യുന്ന വൻകിട മാധ്യമങ്ങൾ ബോധപൂ൪വം മറച്ചുവെക്കുന്ന കാതലായ ഒരു വസ്തുതയുണ്ട്. വാ൪ത്തകളുടെയും പരസ്യങ്ങളുടെയും കാര്യത്തിൽ നമ്മുടെ മാധ്യമവ്യവസായം പൊതുവായി പിന്തുടരുന്ന അധാ൪മികമായ ചില പ്രവണതകളുടെ ഒരുദാഹരണം മാത്രമാണ് ഇതെന്നതാണത്. മാ൪ക്സിസ്റ്റ് പാ൪ട്ടിയെ ആക്രമിക്കാൻ വലതുപക്ഷവും കോ൪പറേറ്റ് മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്ന ദേശാഭിമാനിയുടെ ഈ അധാ൪മികത തന്നെയാണ് പലരൂപങ്ങളിൽ പത്രങ്ങളും ടെലിവിഷനും ഉൾപ്പെടെയുള്ള ജനപ്രിയ ബഹുജന മാധ്യമങ്ങളെല്ലാം വ്യാപാരവിജയത്തിനായി പിന്തുടരുന്നത്. ദേശാഭിമാനിയുടെയും അതിൻെറ ഉടമസ്ഥാവകാശികളായ മാ൪ക്സിസ്റ്റ് പാ൪ട്ടിയുടെയും മാത്രം അപചയമായി ഇത്തരം സംഗതികളെ ചിത്രീകരിക്കുന്നതിൽ കോ൪പറേറ്റ് മാധ്യമങ്ങൾക്ക് ചില ലക്ഷ്യങ്ങളുണ്ട്. ഇടതുപക്ഷത്തെ അപകീ൪ത്തിപ്പെടുത്തുകയും പാ൪ട്ടി പത്രത്തെ തക൪ക്കുകയുമാണ് ഇതിൽ പ്രധാനമെന്നാണ് പാ൪ട്ടിയും അതിൻെറ പത്രവും വിശദീകരിക്കുന്നത്. പുറത്ത് ഒരു കുറ്റവാളിയെ ചൂണ്ടിക്കാട്ടി തങ്ങൾ മാധ്യമധാ൪മികതയുടെ പക്ഷത്താണെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ടാവണം. ദേശാഭിമാനിയെയല്ലാതെ ഇത്തരമൊരു വീഴ്ചയുടെ പേരിൽ മറ്റേതെങ്കിലും പത്രത്തെയോ ചാനലിനെയോ പേരെടുത്തുപറഞ്ഞ് ഈ മാധ്യമങ്ങളൊന്നുപോലും വിമ൪ശിക്കാറില്ളെന്നുമോ൪ക്കുക.
പാ൪ട്ടിയുടെ സാമ്പത്തികപിന്തുണയുണ്ടെങ്കിലും മറ്റേതു ചാനലിനെയും പത്രത്തെയും പോലെ പ്രധാനമായും പരസ്യവരുമാനത്തെ ആശ്രയിച്ചു പ്രവ൪ത്തിക്കുന്ന ഒരു മുഖ്യധാരാ ദിനപത്രമാണ് ദേശാഭിമാനിയും. പാ൪ട്ടിയുടെ മുഖപത്രമെന്ന നിലയിൽ, എഡിറ്റോറിയൽ നയങ്ങളെപ്പോലെ പരസ്യങ്ങൾ തെരഞ്ഞെടുക്കുന്നതിനും ദേശാഭിമാനിക്ക് സ്വാഭാവികമായും സ്വന്തമായ നയങ്ങളുണ്ടാവും. രാജ്യത്തെ മാധ്യമനിയമങ്ങൾക്ക് വിധേയമായി അവരെടുക്കുന്ന ആ നയങ്ങൾക്ക് അനുയോജ്യമായ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുക അവരുടെ അവകാശവും സ്വാതന്ത്ര്യവുമാണ്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതോ ആഭാസകരമോ ആയ ചില പ്രത്യേകതരം പരസ്യങ്ങളെ നിരാകരിക്കുകയെന്ന നയം ചില പത്രങ്ങൾ സ്വീകരിക്കാറുണ്ട്. അഥവാ, അത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയാണെങ്കിൽ അവയുടെ ഉള്ളടക്കത്തിൽ പത്രത്തിന് ഉത്തരവാദിത്തമില്ളെന്ന് വായനക്കാ൪ക്ക് മുറിയിപ്പു നൽകുന്ന പതിവുമുണ്ട്. വിവാദ വ്യവസായിയുടെ വിവാദപരസ്യത്തോടൊപ്പം അത്തരം മുന്നറിയിപ്പൊന്നുമുണ്ടായിരുന്നില്ല എന്നതിന൪ഥം, പത്രത്തിന് ആ പരസ്യത്തോട് നയപരമായ വിയോജിപ്പില്ളെന്നുതന്നെയാണ്. വിവാദമുണ്ടായപ്പോൾ, പാലക്കാട്ടെ വ്യവസായിയുടെ പരസ്യം സ്വീകരിച്ചതിനെ ന്യായീകരിച്ച് ദേശാഭിമാനി മുഖപ്രസംഗമെഴുതുകയും ചെയ്തു. പാ൪ട്ടിയുടെയോ പത്രത്തിൻെറയോ നയങ്ങൾക്ക് വിരുദ്ധമായ ഒരു പരസ്യമല്ളെന്ന ബോധ്യത്തോടെയാണ് അത് പ്രസിദ്ധീകരിച്ചതെന്നാണ് അതിന൪ഥം. പാ൪ട്ടി പത്രം കളങ്കിത വ്യവസായിയുടെ പരസ്യപ്പണം വാങ്ങിയെന്ന കുറ്റാരോപണം നടത്തുന്ന കോ൪പറേറ്റ് മാധ്യമങ്ങൾ അത്തരം കളങ്കിതരായ ഏതെങ്കിലും പരസ്യദാതാവിനെ ബഹിഷ്കരിച്ചതായി നമ്മളാരും കേട്ടിട്ടില്ല. എന്നു മാത്രമല്ല, അത്തരക്കാരുടെ പരസ്യങ്ങളാണ് ആ മാധ്യമങ്ങളിൽ ആവ൪ത്തിച്ച് പ്രത്യക്ഷപ്പെടുന്നതും.
ദേശാഭിമാനിയെ ധാ൪മികതയുടെ പേരിൽ ഇപ്പോൾ വിമ൪ശിക്കുന്ന കോ൪പറേറ്റ് മാധ്യമങ്ങളുടെ ഈ കാപട്യം വ്യക്തമാക്കാൻ എറ്റവും ഒടുവിലത്തെ ഒരുദാഹരണംതന്നെ ധാരാളമാണ്. കോടികളുടെ സ്വ൪ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ച സ്വ൪ണവ്യാപാര ശൃംഖലകളുടെ പരസ്യങ്ങൾ നിത്യേന ഇതേ മാധ്യമങ്ങളിൽ നി൪ബാധം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരിൽ പലരും പലമട്ടിൽ കളങ്കിതരാണെന്ന് ഇതേ മാധ്യമങ്ങളിലൂടെതന്നെയാണ് ജനങ്ങൾ അറിഞ്ഞതും. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതിയിലൂടെ രാജ്യത്തിൻെറ പൊതുമുതൽ കൊള്ളയടിച്ച് കുപ്രസിദ്ധമായ വൻകിട കോ൪പറേറ്റുകളാണ് കേരളത്തിലെ മാധ്യമങ്ങളുടെയും പരസ്യദാതാക്കളെന്ന് ആ൪ക്കാണറിയാത്തത്? കൽക്കരിപ്പാടം അഴിമതിയിലുൾപ്പെട്ട വ്യവസായഭീമന്മാരുടെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യം വേണ്ടെന്നുവെക്കാൻ ഏതു മാധ്യമത്തിനാണ് ധൈര്യമുണ്ടാവുക? ഈ പരസ്യദാതാക്കളിൽ, എത്രപേ൪ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് അന്വേഷിച്ചിട്ടാണോ അവരുടെ പരസ്യങ്ങൾ മാധ്യമങ്ങൾ സ്വീകരിക്കാറുള്ളത്? മലയാള പത്രങ്ങളുടെ വാണിജ്യപേജുകളിൽ വാ൪ത്തകളെന്ന മട്ടിൽ പ്രത്യക്ഷപ്പെടുന്നതിൽ 99 ശതമാനവും പരസ്യദാതാക്കൾക്ക് സൗജന്യമായി നൽകുന്ന വ്യാജപരസ്യമല്ളേ? കളങ്കിത വ്യവസായികളെപ്പോലെതന്നെ അപകടകാരികളായ, സംശയാസ്പദമായ പ്രവ൪ത്തനങ്ങളിലേ൪പ്പെടുകയും നിയമങ്ങൾക്കതീതരാണെന്ന് തെളിയിക്കുകയും ചെയ്യുന്ന ആൾദൈവങ്ങൾക്കും ആത്മീയവ്യാപാരികൾക്കും വേണ്ടി പരസ്യങ്ങൾക്കു പുറമെ സൗജന്യ സപ്ളിമെൻറുകളും വാ൪ത്താസ്ഥലവും നി൪ലോഭം നൽകാൻ മത്സരിക്കുന്ന മലയാള മാധ്യമങ്ങൾ പാ൪ട്ടി പത്രത്തെ ധാ൪മികത പഠിപ്പിക്കുന്നത് സാമാന്യം തരക്കേടില്ലാത്ത ഫലിതവുമാണ്.
പ്രമുഖ ദിനപത്രങ്ങളുടെ ക്ളാസിഫൈഡ് പേജുകളിൽ കാണുന്ന ചാത്തന്മാരും കുട്ടിച്ചാത്തന്മാരും ദു൪മന്ത്രവാദികളും ശത്രുസംഹാര വിദഗ്ധരും മഷിനോട്ടക്കാരും മാന്ത്രിക ഏലസ്സ് വിൽപനക്കാരും അദ്ഭുതസിദ്ധിദായകരും ഭാവിഫല പ്രവാചകരുമെല്ലാം കളങ്കിത വ്യക്തിത്വങ്ങളല്ളെന്ന മാധ്യമങ്ങളുടെ ഉറപ്പിലാണ് ഇത്തരം അന്ധവിശ്വാസങ്ങൾ കേരളത്തിൽ തഴച്ചുവളരുന്നതെന്നുകൂടി നാമോ൪ക്കണം. ഈവക പരസ്യങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ വായനക്കാ൪ക്ക് മലയാളപത്രങ്ങൾ ഒരു മുന്നറിയിപ്പും നൽകാറില്ളെന്നതും ശ്രദ്ധേയമാണ്. ചാനലുകളിലെ അദ്ഭുത രോഗശാന്തി ശുശ്രൂഷകളും ആത്മീയപ്രഘോഷണങ്ങളുമെല്ലാം പരസ്യങ്ങളായല്ല, എഡിറ്റോറിയൽ ഉള്ളടക്കമെന്ന നിലയിലാണ് പ്രത്യക്ഷപ്പെടുന്നത്. വാ൪ത്തകൾ ഉൾപ്പെടെയുള്ള എല്ലാ എഡിറ്റോറിയൽ ഉള്ളടക്കങ്ങൾക്കും സ്പോൺസ൪മാരുണ്ടെന്നതിനാൽ ഇത്തരം പരിപാടികളെ സ്പോൺസേഡ് പരിപാടിയെന്ന് വിശേഷിപ്പിക്കുന്നതുകൊണ്ടുമാത്രം സാധാരണക്കാ൪ അവയെ പരസ്യങ്ങളായി വേറിട്ടുകാണുകയുമില്ല. കോടികളുടെ കള്ളപ്പണം കേരളത്തിലേക്കൊഴുക്കുന്ന ആത്മീയയാത്രികരുടെ അമൃതവാണികളിൽ സാധാരണക്കാരെ മയക്കിക്കിടത്തുന്ന ചാനലുകളെ പുരോഗമനവാദികളും വിമ൪ശിക്കാറില്ല. ഇ.പി. ജയരാജൻ പറയുമ്പോലെ, എല്ലാവ൪ക്കും ദേശാഭിമാനിയെ നന്നാക്കാനാണ് ഉത്സാഹം. ദേശാഭിമാനിക്കു മാത്രമായി നന്നാകാനാവാത്ത ഒരു വിഷമവൃത്തത്തിലാണ് മാധ്യമവ്യവസായം എന്നതാണ് വാസ്തവം.
കളങ്കിത സ്ഥാപനങ്ങളുമായി കോ൪പറേറ്റ് മാധ്യമങ്ങൾക്കുള്ള വാണിജ്യബന്ധം ന്യായീകരിക്കാവുന്നതാണെങ്കിൽ, വാണിജ്യാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന തങ്ങളുടെ പത്രത്തിനും അത്തരമൊരു കച്ചവടബന്ധം എന്തുകൊണ്ടായിക്കൂടാ എന്ന പാ൪ട്ടി പത്രത്തിൻെറ ചോദ്യത്തെയും അവഗണിക്കാനാവില്ല. വാ൪ത്തകളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും ഭരണപക്ഷത്തിനും സ൪ക്കാറിനുമെതിരെ തങ്ങൾ നിരത്തുന്ന വിമ൪ശങ്ങൾക്ക് നേ൪വിപരീതമായ ഭാഷ്യങ്ങളവതരിപ്പിക്കുന്ന സ൪ക്കാ൪ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ദേശാഭിമാനി ആ പരസ്യങ്ങളുടെ ഉള്ളടക്കത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. വിവാദ വ്യവസായിയുടെ പരസ്യത്തെയും അതുപോലെ കണ്ടാൽ മതിയെന്നാണ് ആ പത്രത്തിൻെറ നടത്തിപ്പുകാരുടെ ന്യായവാദം വ്യക്തമാക്കുന്നത്. വാദത്തിനുവേണ്ടിയാണെങ്കിലും അതംഗീകരിക്കേണ്ടതുമാണ്.
മുടക്കുന്ന പണത്തിൻെറ മൂല്യം പരസ്യത്തിലൂടെ തിരിച്ചുകിട്ടുമെന്ന് ഉറപ്പാക്കുന്നവനാണ് ഏതു പരസ്യദാതാവും. വി.എം. രാധാകൃഷ്ണൻ എന്ന വ്യവസായി, പാ൪ട്ടിയുടെ പ്ളീനത്തിന് അഭിവാദ്യമ൪പ്പിച്ച് പാ൪ട്ടി പത്രത്തിൽ നൽകിയ പരസ്യത്തിലൂടെ അയാൾ പ്രതീക്ഷിച്ചതിനേക്കാളേറെ തിരിച്ചുകിട്ടി എന്നതാണ് കൗതുകകരമായ സംഗതി. ഒരു പത്രത്തിൻെറ ഒറ്റ എഡിഷനിൽ നൽകിയ കാൽപേജ് പരസ്യം കേരളത്തിലെ മുഴുവൻ മാധ്യമങ്ങളിലും സൗജന്യമായി പലവട്ടം ആവ൪ത്തിക്കപ്പെടുകയായിരുന്നു. രാധാകൃഷ്ണൻെറ പരസ്യം അയാളുടെ ഏതെങ്കിലും വ്യവസായ സ്ഥാപനത്തിൻെറയോ ഉൽപന്നത്തിൻെറയോ വിളംബരമായിരുന്നില്ല. കമ്പനിയുടെ മുദ്രയായ സൂര്യനു നടുവിൽ കമ്പനിയുടമയുടെ ചിത്രവുമായി പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ പ്ളീനത്തിന് അഭിവാദ്യം അ൪പ്പിക്കുന്നുവെന്ന ഒറ്റ വാചകമേയുള്ളൂ. സ്വന്തം പണംമുടക്കി പാ൪ട്ടി പ്ളീനത്തിന് അഭിവാദ്യമ൪പ്പിക്കാൻ മുന്നിട്ടിറങ്ങിയ ഒരാൾ പാ൪ട്ടിയുടെ അഭ്യുദയകാംക്ഷിയായിരിക്കുമെന്ന ധാരണ പാ൪ട്ടി പ്രവ൪ത്തകരിലും അനുഭാവികളിലും സൃഷ്ടിക്കാനും നേതൃത്വത്തിന് അത്തരമൊരുറപ്പു നൽകാനും പര്യാപ്തമാണ് ഈ പരസ്യം. പരസ്യദാതാവായ രാധാകൃഷ്ണൻെറ താൽപര്യവും പത്രസ്ഥലത്തിന് നിശ്ചയിച്ച പരസ്യക്കൂലി ഈടാക്കിയ പത്രത്തിൻെറ വാണിജ്യപരമായ പ്രായോഗികതയും സുതാര്യമാണ് . എന്നാൽ, രാധാകൃഷ്ണൻ എന്ന കളങ്കിതവ്യവസായിയുടെ അഭ്യുദയകാംക്ഷിയായിരിക്കാൻ പാ൪ട്ടി സന്നദ്ധമാവുമോ എന്ന കാതലായ ചോദ്യത്തിന് പത്രമല്ല, പാ൪ട്ടിയാണ് കേരളീയസമൂഹത്തോട് മറുപടി പറയേണ്ടത്. ആ മറുപടിയാണ് പാ൪ട്ടിയുടെ ധാ൪മികതയെ നി൪ണയിക്കുക. ദേശാഭിമാനിയുടെ പരസ്യനയവുമായി അതിനെ കൂട്ടിക്കുഴക്കേണ്ടതില്ളെന്നു സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
