അമിത രാഷ്ട്രീയവത്കരണം സഹകരണമേഖലയെ ബാധിക്കുന്നു -മന്ത്രി കെ.വി. തോമസ്
text_fieldsകാക്കനാട്: സഹകരണ മേഖല അമിതമായ രാഷ്ട്രീയവത്കരണത്തിന് ഇരയാകുന്നത് മൂലം സഹകരണ ബാങ്കുകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവ൪ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായി കേന്ദമന്ത്രി കെ.വി. തോമസ്.
കാക്കനാട് ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സാമ്പത്തികമേഖലക്ക് ഒട്ടേറെ പരിമിതികൾ ഉണ്ട്. ഇതു തരണം ചെയ്യാൻ പുതിയ നടപടികളുമായി മുന്നോട്ടുപോകണം. ലോകത്ത് ആദ്യമായി ഭക്ഷ്യസുരക്ഷ നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ. കേന്ദ്രം ശേഖരിക്കുന്ന ധാന്യം സംസ്ഥാനങ്ങളാണ് വിതരണം ചെയ്യേണ്ടത്. കേന്ദ്രത്തിൻെറ കൈവശമുള്ള എഫ്.സി.ഐ ഗോഡൗണിൽ ഭക്ഷ്യസുരക്ഷ പദ്ധതിക്കുള്ള ധാന്യങ്ങൾ സൂക്ഷിച്ചാൽ അതു സംസ്ഥാനത്തെ ജനങ്ങൾക്ക് വ്യാപകമായി തടസ്സംകൂടാതെ വിതരണം ചെയ്യാൻ സാധിക്കില്ല. അതിനാൽ ഇൻറ൪മീഡിയേറ്റ് ഗോഡൗണുകൾ സ്ഥാപിക്കണം. ഇക്കാര്യത്തിൽ സഹകരണമേഖലക്ക് കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിയും. സഹകരണമേഖല ഇത്തരത്തിൽ ഗോഡൗണുകൾ സ്ഥാപിച്ച് ധാന്യങ്ങൾ വിതരണം ചെയ്യുന്ന പദ്ധതികളിലേക്ക് കടന്നുവരാൻ ശ്രമിക്കണം. സംസ്ഥാന സഹകരണ വകുപ്പ് ഇക്കാര്യത്തിൽ കാര്യമായ ച൪ച്ച നടത്തണമെന്നും കേന്ദ്രമന്ത്രി നി൪ദേശിച്ചു.
ഗോഡൗൺ സ്ഥാപിക്കാനുള്ള നൂറുശതമാനം സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം തയാറാണ്. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ഓരോ സംസ്ഥാനത്തും നാല് മാസത്തേക്കുള്ള ധാന്യങ്ങൾ ശേഖരിച്ചു വെക്കേണ്ടതുണ്ട്. ഇപ്പോൾ കേന്ദ്രം ശേഖരിക്കുന്നതും എഫ്.സി.ഐ ഗോഡൗണുകളിൽ സൂക്ഷിക്കുന്നതുമായ ഭക്ഷ്യധാന്യങ്ങൾ ശുദ്ധിയുള്ളതുതന്നെയാണ്. എന്നാൽ, ഇതു റേഷൻ കടകൾ വഴി ജനങ്ങളിലത്തെുമ്പോൾ മുഴുവൻ പരാതികളാണ്. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ശുദ്ധിയും ഗുണമേന്മയും ഉറപ്പാക്കാൻ ധാന്യങ്ങൾ അഞ്ച് കിലോയുടെ പാക്കറ്റുകളായി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സഹകരണമന്ത്രി സി.എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഓണം -റമദാൻ ചന്തകൾ നടത്തിയ സഹകരണ സംഘങ്ങൾക്ക് മന്ത്രി കെ. ബാബു സമ്മാനം വിതരണം ചെയ്തു. കെ.പി. ധനപാലൻ എം.പി, വി.പി. സജീന്ദ്രൻ എം.എൽ.എ, തൃക്കാക്കര നഗരസഭ ചെയ൪മാൻ പി.ഐ. മുഹമ്മദാലി, സംസ്ഥാന സഹകരണ യൂനിയൻ ചെയ൪മാൻ എൻ. ദാമോദരൻ നായ൪, സഹകരണ രജിസ്ട്രാ൪ സുരേഷ് ബാബു, എറണാകുളം ജോയൻറ് രജിസ്ട്രാ൪ എസ്. ലതികാദേവി, ജില്ലാസഹകരണ ബാങ്ക് പ്രസിഡൻറ് എൻ.പി. പൗലോസ്, കെ.പി. ബേബി, സഹകരണ ബാങ്ക് ജനറൽ മാനേജ൪ ശ്രീകുമാ൪ തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
