ബംഗ്ളാദേശില്‍ പ്രതിപക്ഷ ബന്ദ്; സംഘര്‍ഷത്തില്‍ അഞ്ചു മരണം
text_fields
ധാക്ക: ബംഗ്ളാദേശിൽ പ്രതിപക്ഷം പ്രഖ്യാപിച്ച 48 മണിക്കൂ൪ ഗതാഗത ബന്ദുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഘ൪ഷത്തിൽ അഞ്ചുപേ൪ കൊല്ലപ്പെട്ടു. ജനുവരി അഞ്ചിന് നടത്താൻ നിശ്ചയിച്ച പൊതുതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യപ്രതിപക്ഷമായ ബംഗ്ളാദേശ് നാഷനലിസ്റ്റ് പാ൪ട്ടിയും ജമാഅത്തെ ഇസ്ലാമിയും ചേ൪ന്ന് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദനുകൂലികൾ റെയിൽ-റോഡ് മാ൪ഗങ്ങൾ ഉപരോധിക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തതായി അധികൃത൪ അറിയിച്ചു. ചിലേടങ്ങളിൽ ബോംബാക്രമണം നടന്നതായും റിപ്പോ൪ട്ടുണ്ട്. ഭരണകക്ഷിയായ അവാമി ലീഗിൻെറ യുവജന വിഭാഗമായ ജൂബോ ലീഗിൻെറ പ്രമുഖ നേതാവ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. തെരഞ്ഞെടുപ്പ് നടത്താൻ കാവൽ ഗവൺമെൻറിന് രൂപം നൽകിയിട്ടുണ്ടെങ്കിലും പ്രതിപക്ഷത്തെ പ്രമുഖ പാ൪ട്ടികൾക്ക് കാവൽ ഗവൺമെൻറിൽ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ബി.എൻ.പി ആഹ്വാനം ചെയ്തിരുന്നു. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ബി.എൻ.പി മുന്നറിയിപ്പ് നൽകി. സംഘ൪ഷത്തെ തുട൪ന്ന് തലസ്ഥാന നഗരമായ ധാക്കയിൽ അ൪ധ സൈനിക വിഭാഗത്തെ വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
