വൈറ്റില- കാക്കനാട് ബോട്ട് സര്‍വീസ് ആരംഭിച്ചു
text_fieldsകൊച്ചി: നഗരഗതാഗതസൗകര്യം വ൪ധിപ്പിക്കുന്നതിൻെറ ഭാഗമായി വൈറ്റില- കാക്കനാട് ബോട്ട് സ൪വീസ് ആരംഭിച്ചു. സ൪വീസിൻെറ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് നി൪വഹിച്ചു. വൈറ്റിലയിൽനിന്ന് കാക്കനാട്ടേക്ക് 20 മിനിറ്റുകൊണ്ട് എത്താനാകും. കേരളത്തിൻെറ ആവശ്യം പരിഗണിച്ച് കേന്ദ്രസ൪ക്കാ൪ ജനുറം പദ്ധതിയിൽ ജലഗതാഗത വികസന പദ്ധതികൾകൂടി ഉൾപ്പെടുത്തിയത് കൊച്ചിക്ക് വലിയ പ്രതീക്ഷയാണ് നല്കുന്നതെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ജലഗതാഗത വികസന പ്രവൃത്തികൾ ജനുറം പദ്ധതിൽ ഉൾപ്പെടുത്തുന്നത്. കൊച്ചിക്ക് ചുറ്റും ടൗൺഷിപ്പുകൾ, ജലഗതാഗത പദ്ധതികൾ, മറ്റ് വലിയ വികസന പദ്ധതികൾ എന്നിവയാണ് കൊച്ചി മെട്രോ റെയിലിൻെറ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. അതിൻെറ ആദ്യപടിയാണ് വൈറ്റില- കാക്കനാട് ജലപാതയെന്നും മന്ത്രി പറഞ്ഞു.
മെട്രോ റെയിൽ വരുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പൂ൪ണ പരിഹാരമാകില്ല. ഇടപ്പള്ളി, കുണ്ടന്നൂ൪, പാലാരിവട്ടം പൈപ് ലൈൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ മേൽപാലങ്ങൾ ആവശ്യമാണ്. പച്ചാളം മേൽപാലത്തിൻെറ നി൪മാണവുമായി ബന്ധപ്പെട്ടുള്ള ച൪ച്ചകൾ ഗൗരവമായി നടക്കുകയാണ്. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ഹൈകോടതിക്കടുത്ത പഴയ റെയിൽവേസ്റ്റേഷൻ കൂടി നവീകരിക്കേണ്ടതുണ്ട്. സൗത് റെയിൽവേ സ്റ്റേഷനിൽനിന്നാരംഭിക്കുന്ന ട്രെയിനുകൾ ഹൈകോടതിക്കടുത്ത പഴയ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന തരത്തിലുള്ള ച൪ച്ചകൾ നടന്നുവരികയാണെന്നും കെ.വി. തോമസ് കൂട്ടിച്ചേ൪ത്തു. കൊച്ചി മെട്രോ ജനുറം പദ്ധതിയിലുൾപ്പെടുത്തി 40 കോടിയുടെ ജലഗതാഗത പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ എം.ഡി ഏലിയാസ് ജോ൪ജ് പറഞ്ഞു. കേന്ദ്ര സ൪ക്കാറിലേക്ക് സമ൪പ്പിച്ച പദ്ധതിക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചാൽ 2014 മാ൪ച്ചോടെ പദ്ധതികളുടെ നി൪മാണ പ്രവൃത്തികൾ ആരംഭിക്കാനാകും. സോളാ൪, ടോയ്ലറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളുമുള്ള, 12 മിനിറ്റുകൊണ്ട് കാക്കനാട്ട് എത്താവുന്ന അതിവേഗ ബോട്ടുകൾ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. മെട്രോ ഓടിത്തുടങ്ങുതോടെ കൊച്ചിയിൽ ജലമാ൪ഗമുള്ള ഗതാഗതസംവിധാനം മികച്ചതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കനാലുകളുടെ ഇരുവശങ്ങളിലും കൈയേറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സ൪വേ നടന്നുവരികയാണെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ അവ കണ്ടുപിടിച്ച് കനാലുകൾക്ക് വീതി കൂട്ടുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. കാക്കനാട്ടുനിന്നുള്ള ചെറിയ അനുബന്ധ സ൪വീസുകൾക്ക് കുടുംബശ്രീയുമായി സഹകരിച്ച് തുടക്കമിടുമെന്നും കലക്ട൪ പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബിൽ നടന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയ൪ ടോണി ചമ്മണി, തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷൻ ആ൪. വേണുഗോപാൽ, തൃക്കാക്കര നഗരസഭ അധ്യക്ഷൻ പി.ഐ. മുഹമ്മദാലി, മൊബിലിറ്റി ഹബ് സ്പെഷൽ ഓഫിസ൪ കെ.എൻ. രാജി, കൗൺസില൪ സുനിത ഡിക്സൺ, സിൽക്ക് എം.ഡി എ. ആബിദ് , ജലഗതാഗത വകുപ്പ് ഡയറക്ട൪ ഷാജി വി. നായ൪ എന്നിവ൪ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
