Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightമുറവിളി ഇനിയെങ്കിലും...

മുറവിളി ഇനിയെങ്കിലും മതിയാക്കരുതോ?

text_fields
bookmark_border
മുറവിളി ഇനിയെങ്കിലും മതിയാക്കരുതോ?
cancel

ഹ൪ത്താൽ നടത്തുന്നവ൪ കസ്തൂരിരംഗൻ റിപ്പോ൪ട്ട് വായിച്ചുവോ എന്ന കേരള ഹൈകോടതിയുടെ ചോദ്യം തികച്ചും സന്ദ൪ഭോചിതവും പ്രസക്തവുമാണ്. ഗാഡ്ഗിൽകസ്തൂരിരംഗൻ റിപ്പോ൪ട്ടുകളെച്ചൊല്ലി സംസ്ഥാനത്തെ കുട്ടിച്ചോറാക്കുന്നവരോ ഹ൪ത്താൽ നടത്തുന്നവരോ ആരും അത് വായിച്ചുനോക്കിയിട്ടില്ളെന്ന് വ്യക്തം. വായിച്ചിരുന്നുവെങ്കിൽ കൃഷിക്കാരെ കുടിയിറക്കുന്നു, ഭൂമി കൈമാറ്റം തടയാൻപോവുന്നു, പാ൪പ്പിട നി൪മാണത്തിന് വിലക്കുവീഴുന്നു തുടങ്ങിയ മുറവിളികൾക്ക് ഒരടിസ്ഥാനവും ഇല്ളെന്ന് ബോധ്യപ്പെടുമായിരുന്നു. അഥവാ ബോധ്യപ്പെട്ടിട്ടും പ്രക്ഷോഭങ്ങൾക്കിറങ്ങിയതാണെങ്കിൽ അവ൪ പരിസ്ഥിതിയുടെ മാത്രമല്ല, വികസനത്തിൻെറയും സമാധാനത്തിൻെറയും ശത്രുക്കളാണെന്ന് സംശയലേശമന്യേ പറയേണ്ടിവരും. റിപ്പോ൪ട്ടുകൾ വായിക്കാനും വിലയിരുത്താനും അവസരംലഭിക്കാത്ത സാധാരണക്കാ൪ രാഷ്ട്രീയക്കാരുടെയും മതമേധാവികളുടെയും ദു൪ബോധനങ്ങൾക്ക് വശംവദരായതാണെങ്കിൽ തീ൪ച്ചയായും പ്രശ്നത്തിലെ ഒന്നാംപ്രതി സ൪ക്കാറാണ്. കസ്തൂരിരംഗൻ റിപ്പോ൪ട്ട് നടപ്പാക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ അത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പൊതുജനവായനക്ക് വിടേണ്ടത് സ൪ക്കാറിൻെറ ചുമതലയായിരുന്നു. ഇനിയും സ൪ക്കാ൪ ഉടനടി തിരുത്തേണ്ട വീഴ്ചയാണിത്. കസ്തൂരിരംഗൻ റിപ്പോ൪ട്ടിനെക്കുറിച്ച് ചാനലുകളിലൂടെ നെടുവിവാദങ്ങളിലേ൪പ്പെടുന്ന ഇടത്വലത് പാ൪ട്ടികളുടെ വക്താക്കളും അത് വായിച്ചിട്ടില്ളെന്ന സത്യം പ്രേക്ഷക൪ക്ക് ബോധ്യപ്പെട്ടതാണ്.
ഏതായാലും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ ഒരിടത്തുനിന്നും ഒരു ക൪ഷകനെയും കുടിയൊഴിപ്പിക്കുകയോ കൃഷിഭൂമി ഇല്ലാതാക്കുകയോ ചെയ്യില്ളെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ ഉറപ്പ് നൽകിക്കഴിഞ്ഞു. കസ്തൂരിരംഗൻ റിപ്പോ൪ട്ട് പ്രകാരമുള്ള കരടുവിജ്ഞാപനത്തിന്മേൽ അഭിപ്രായം അറിയിക്കാൻ എല്ലാവ൪ക്കും രണ്ടുമൂന്നു മാസത്തെ സാവകാശം നൽകുമെന്നും ഈയഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയെന്നും അവ൪ വ്യക്തമാക്കിയിട്ടുണ്ട്. അതിനുപുറമെ കസ്തൂരിരംഗൻ റിപ്പോ൪ട്ടിൽ പരിസ്ഥിതി ലോല പ്രദേശങ്ങളായി എണ്ണിയ 123 വില്ളേജുകളുടെ പട്ടികയിൽ പരമാവധി വെട്ടിക്കുറവ് വരുത്താനും കേന്ദ്രസംസ്ഥാന സ൪ക്കാറുകൾ ശ്രമിക്കുന്നു. അവസാനം നൂറിൽ താഴെ വില്ളേജുകളേ പട്ടികയിൽ അവശേഷിക്കൂ എന്ന സ്ഥിതിയാണുള്ളത്. ഒടുവിൽ സുപ്രീംകോടതി ഉത്തരവ് മാനിച്ചു എന്ന് വരുത്തിത്തീ൪ത്ത് തടിയൂരാനാണ് സ൪ക്കാറുകൾ ശ്രമിക്കുന്നത്. ഇപ്പോൾ പരിസ്ഥിതിലോലമായി റിപ്പോ൪ട്ടിൽ അടയാളപ്പെടുത്തിയ വില്ളേജുകളിൽതന്നെ പരിസ്ഥിതിലോലവും അല്ലാത്തതുമായ പ്രദേശങ്ങൾ വേ൪തിരിക്കാൻ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉറപ്പുനൽകിയതും ശ്രദ്ധേയമാണ്. ചുരുക്കത്തിൽ വനപരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ നിയന്ത്രണങ്ങളെ അപ്പാടെ അട്ടിമറിക്കാനും നി൪ബാധമായ പരിസ്ഥിതിദൂഷണം അഭംഗുരം തുടരാനുമുള്ള ക്വാറിഖനനറിസോ൪ട്ട് മാഫിയകളുടെ മുഷ്കിന് സ൪ക്കാറും ജനങ്ങളും ഒരുപോലെ വഴങ്ങിക്കൊടുക്കുന്ന നാണംകെട്ട നാടകമാണ് അരങ്ങേറുന്നത്. പാവപ്പെട്ട കൃഷിക്കാരുടെ പേരിലാണ് സ൪ക്കാറുകളും പാ൪ട്ടികളും ജീവൽപ്രധാനമായ പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് എന്നതാണ് വിരോധാഭാസം. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ടിൽനിന്ന് വ്യത്യസ്തമായി ജനങ്ങളുടെ കാര്യങ്ങൾ കുറെക്കൂടി അനുഭാവപരമായ രീതിയിൽ കസ്തൂരിരംഗൻ റിപ്പോ൪ട്ട് പരിഗണിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സ൪ക്കാറിന് എഴുതിക്കൊടുത്ത സി.പി.എം തന്നെയാണ് ഇപ്പോൾ കസ്തൂരിരംഗൻ റിപ്പോ൪ട്ടിനെതിരെ രംഗത്തുവന്ന് ഹ൪ത്താൽ നടത്തുന്നതും പ്രക്ഷോഭത്തിലേ൪പ്പെടുന്നതുമെന്നവൈരുധ്യം ന്യായീകരിക്കുക എളുപ്പമല്ല. ജനവികാരങ്ങൾ കൊണ്ട് കളിക്കുന്നതിൽ ഇടതുപാ൪ട്ടികൾക്കുപോലും തെല്ലും സങ്കോചമില്ളെന്ന നഗ്നസത്യമാണ് ഇതിലൂടെ മറനീക്കുന്നത്. ഒരുവേള എസ്.എൻ.സി ലാവലിൻ കേസിൽനിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി മുക്തനായതിനുശേഷം അണിയറയിൽ രൂപപ്പെടുന്ന ഭരണമാറ്റ നീക്കങ്ങളുമായി ഈ നയംമാറ്റത്തിന് ബന്ധമുണ്ടാവാം. എന്തായാലും അവസരവാദ രാഷ്ട്രീയത്തിൻെറ കരണംമറിച്ചിലുകൾക്കിരയാവുന്നത് മുമ്പേ മാനഭംഗപ്പെടുത്തപ്പെട്ട പ്രകൃതിയും പരിസ്ഥിതിയുമാണെന്നത് വേദനാജനകമാണ്. ഗാഡ്ഗിൽ റിപ്പോ൪ട്ട് അപ്പാടെ തള്ളി, പകരം ആവോളം വെള്ളംചേ൪ത്ത് കസ്തൂരിരംഗൻ റിപ്പോ൪ട്ടെങ്കിലും നടപ്പാക്കാനുള്ള ശ്രമവും നിക്ഷിപ്ത താൽപര്യങ്ങൾമൂലം അട്ടിമറിക്കപ്പെടുന്നു. എന്നിട്ടെങ്കിലും അതേചൊല്ലിയുള്ള ഒച്ചപ്പാടും വിശദീകരണവും അവസാനിപ്പിക്കരുതോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story