മോഹനന്‍ മാസ്റ്ററുടെ രഹസ്യ കൂടിക്കാഴ്ച; പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകും
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ റിമാൻഡ് പ്രതി പി. മോഹനൻ മാസ്റ്റ൪ക്ക്, ഭാര്യയും എം.എൽ.യുമായ കെ.കെ. ലതികയുമായും ഡി.വൈ.എഫ്.ഐ നേതാക്കളുമായും കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കിയ സംഭവത്തിൽ എ.ആ൪ ക്യാമ്പിലെ മൂന്ന് പൊലീസുകാ൪ക്കെതിരെ വിശദ അനേഷണം തുടരുന്നു. എ.ആ൪ ക്യാമ്പിലെ എ.എസ്.ഐ ഖാലിദ്, സിവിൽ പൊലീസ് ഓഫിസ൪മാരായ അനൂപ്, ഗണേശൻ എന്നിവ൪ അന്വേഷണ ഉദ്യോഗസ്ഥനായ സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാറിന് വിശദീകരണം നൽകി. സസ്പെൻഷനിലായ മൂവരും എഴുതി നൽകിയ വിശദീകരണത്തിൽ നിരവധി ന്യൂനതകളുള്ളതായി സൂചനയുണ്ട്.
മെഡിക്കൽ കോളജിലെ പരിശോധനക്ക്ശേഷം മടങ്ങവേ മോഹനൻ മാസ്റ്റ൪ ഭക്ഷണം ആവശ്യപ്പെട്ടെന്നും വാഹനം നി൪ത്തിയിടാൻ സൗകര്യമുള്ള സന ഹോട്ടലിൽനിന്ന് ഭക്ഷണം നൽകിയെന്നുമാണ് പൊലീസുകാ൪ നൽകിയ വിശദീകരണം. ഈ ഹോട്ടലിൽ യാദൃശ്ചികമായി കെ.കെ. ലതിക എം.എൽ.എ എത്തിയതാണെന്നും ഇരുവരും സംസാരിക്കുമ്പോൾ തങ്ങൾ ഒപ്പമുണ്ടായിരുന്നെന്നുമാണ് പൊലീസുകാരുടെ മൊഴി. ഇതത്രയും കളവാണെന്ന് വീഡിയോ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്ന് സിറ്റി പൊലീസ്് കമീഷണ൪ പറഞ്ഞു. പ്രതി ഭാര്യയുമൊത്ത് ഭക്ഷണം കഴിക്കുമ്പോൾ ഒരു പൊലീസുകാരൻ അകലെ മാറിനിൽക്കുന്നതാണ് വീഡിയോ ദൃശ്യങ്ങൾ.
ഇരുവരും തമ്മിൽ സംസാരിക്കുന്നതും പ്രതി മൊബൈൽ ഫോൺ ഉയോഗിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജില്ലാ ജയിലിൽനിന്ന് അഞ്ചോ ആറോ കിലോമീറ്റ൪ മാത്രം അകലെയുള്ള മെഡിക്കൽ കോളജിൽ പോയി വരുന്നതിനിടെ ഹോട്ടൽ ഭക്ഷണത്തിൻെറ ആവശ്യമില്ളെന്നും ജയിലിൽ ഉച്ചഭക്ഷണം റെഡിയായിരുന്നെന്നും കമീഷണ൪ പറഞ്ഞു. ജില്ലാ ജയിലിൽ നിന്നും മെഡിക്കൽ കോളജിൽ പോയിവരുന്നതിനിടെ ഭക്ഷണം നൽകാൻ അനുമതിയില്ല.
മോഹനൻ മാസ്റ്ററെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയ വിവരം എങ്ങനെ ചോ൪ന്നുവെന്നതും അന്വേഷിക്കുന്നുണ്ട്. മെഡിക്കൽ കോളജ് പരിസരത്ത് പാ൪ക്കിങ് സൗകര്യമുള്ള മറ്റു ഹോട്ടലുകൾ ഉണ്ടായിട്ടും ദേവഗിരി കോളജ് റൂട്ടിലുള്ള സന ഹോട്ടലിലേക്ക് മോഹനൻ മാസ്റ്ററെ കൊണ്ടുപോയത് ഭാര്യയും പാ൪ട്ടി നേതാക്കളുമായി സൈ്വരമായി സംസാരിക്കാനാണെന്നാണ് കമീഷണറുടെ വിലയിരുത്തൽ.
ഡി.വൈ.എഫ്.ഐ നേതാക്കളായ കെ.കെ. ദിവാകരൻ, പി. നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു കൂട്ടം പാ൪ട്ടി പ്രവ൪ത്തക൪ സന ഹോട്ടലിൽ എത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കെ.കെ. ലതിക എം.എൽ.എ, സസ്പെൻഷനിലായ മൂന്നു പൊലീസുകാ൪, ഡി.വൈ.എഫ്.ഐ നേതാക്കൾ എന്നിവരുടെ ഫോൺ വിവരങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ഹോട്ടൽ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തതിനുശേഷം ഡി.ജി.പിക്ക് വിശദ റിപ്പോ൪ട്ട് നൽകും. മൂന്ന് പൊലീസുകാ൪ക്കെതിരെയും ക൪ശന വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നും തെളിവുകൾ ശേഖരിച്ചതായും കമീഷണ൪ പറഞ്ഞു.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റംഗവും ടി.പി വധക്കേസിലെ 14ാം പ്രതിയുമായ പി. മോഹനൻ റിമാൻഡിൽ കഴിയവെ ഭാര്യയും മറ്റു പാ൪ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവം മീഡിയവൺ ചാനലാണ് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.