ഐക്യശ്രമങ്ങള്‍ക്കിടയിലും മുജാഹിദ് നേതൃത്വത്തില്‍ വീണ്ടും പുറത്താക്കല്‍
text_fieldsകോഴിക്കോട്: ഐക്യശ്രമങ്ങൾക്കിടയിലും കെ.എൻ.എം (കേരള നദ്വത്തുൽ മുജാഹിദീൻ) നേതൃത്വത്തിൽ പുറത്താക്കൽ നടപടി തുടരുന്നു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂ൪, കുവൈത്ത് കേരള ഇസ്ലാഹി സെൻറ൪ പ്രസിഡൻറും ഗൾഫ് ഇസ്ലാഹി സെൻറ൪ കോഓഡിനേഷൻ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായ പി.എൻ. അബ്ദുൽ ലത്തീഫ് മദനി എന്നിവ൪ക്കെതിരെയാണ് പുതുതായി നടപടി വന്നത്. സെപ്റ്റംബ൪ 15ന് എറണാകുളത്ത് ചേ൪ന്ന കെ.എൻ.എം സംസ്ഥാന കമ്മിറ്റിയാണ് ഇവ൪ക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. പറപ്പൂരിനു പകരം കെ.എൻ.എമ്മിൻെറ പുതിയ സെക്രട്ടറിയായി പി.പി. ഉണ്ണീൻകുട്ടി മൗലവിയെ തെരഞ്ഞെടുത്തിട്ടുമുണ്ട്.
കെ.എൻ.എം വിദ്യാഭ്യാസ ബോ൪ഡ് ചെയ൪മാനും മുതി൪ന്ന നേതാവുമായ കരുവള്ളി മുഹമ്മദ് മൗലവിയും അച്ചടക്ക നടപടിയുടെ നിഴലിലാണ്. ഇദ്ദേഹത്തെ നിരീക്ഷിക്കാനായി കെ.എൻ.എം നേതൃത്വം ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സംഘടനയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഐക്യത്തിനായി പ്രമുഖരായ ചിലരെ കണ്ട് ച൪ച്ചകൾ നടത്തിയെന്നതാണ് കുഞ്ഞിമുഹമ്മദ് മദനിയെയും പി.എൻ. അബ്ദുൽ ലത്തീഫ് മദനിയെയും കരുവള്ളി മുഹമ്മദ് മൗലവിയെയുമെല്ലാം നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അനഭിമതരാക്കിയത്.
മുജാഹിദ് പ്രസ്ഥാനത്തിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുഞ്ഞിമുഹമ്മദ് മദനി വിദ്യാ൪ഥി ഘടകമായ എം.എസ്.എമ്മിൻെറയും യുവജന ഘടകമായ ഐ.എസ്.എമ്മിൻെറയും സംസ്ഥാന ഭാരവാഹിയായി പ്രവ൪ത്തിച്ചിട്ടുണ്ട്. കെ.എൻ.എമ്മിനു കീഴിലെ പുളിക്കൽ ജാമിഅ സലഫിയ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവ൪ത്തിച്ചുവരുകയായിരുന്നു.
സംഘടനയിലെ പ്രശ്നങ്ങളെ തുട൪ന്ന് സ്ഥാപനത്തിൻെറ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് അദ്ദേഹം മാറിയത് ഈയടുത്താണ്. വിശുദ്ധ ഖു൪ആന് പരിഭാഷ നി൪വഹിക്കുകയും ഹദീസ് സമാഹരണം പുറത്തിറക്കാൻ നേതൃത്വം നൽകുകയും ചെയ്തിട്ടുള്ള ഇദ്ദേഹം കെ.എൻ.എമ്മിനു കീഴിലെ ഹജ്ജ് ഗ്രൂപ് അമീറായും പ്രവ൪ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഫറോക്കിൽ നടന്ന കെ.എൻ.എം സംസ്ഥാന സമ്മേളനത്തിനുശേഷം സംഘടനയിൽ തുടരുന്ന അച്ചടക്കനടപടികൾക്ക് ഇടക്കാലത്തുണ്ടായ ഐക്യശ്രമത്തിനിടെ ചെറിയ മാറ്റമുണ്ടായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണെന്നാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
സംഘടനയിൽ ഉടലെടുത്ത ജിന്ന് വിവാദത്തെ തുട൪ന്ന് കെ.എൻ.എമ്മിൻെറ വിദ്യാ൪ഥി, യുവജന ഘടകങ്ങളെ സംസ്ഥാനതലംതൊട്ട് ശാഖാതലംവരെ പിരിച്ചുവിടുകയും പകരം കമ്മിറ്റികൾ രൂപവത്കരിക്കുകയും ചെയ്തിരുന്നു. കെ.എൻ.എം ഘടകങ്ങളെ തന്നെയും ചിലയിടങ്ങളിൽ പിരിച്ചുവിട്ടു. ഇതിൻെറ പേരിൽ പലയിടങ്ങളിലും ഇപ്പോഴും പ്രശ്നങ്ങൾ തുടരുകയാണ്. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹുസൈൻ സലഫി കേരള ജംഇയ്യതുൽ ഉലമ (കെ.ജെ.യു) ഫത്വ ബോ൪ഡ് ചെയ൪മാനായിരുന്നു. അബ്ദുൽ ഹഖ് സുല്ലമി, സക്കരിയ സ്വലാഹി, മുജാഹിദ് ബാലുശ്ശേരി, സി.പി. സലീം തുടങ്ങി അനവധി പണ്ഡിതരെയും പ്രഭാഷകരെയും ഇതിനകം പുറത്താക്കിയിട്ടുണ്ട്.
ഇടക്കാലത്തുണ്ടായ കെ.എൻ.എമ്മിലെ ഐക്യശ്രമം സംഘടനയെ സ്നേഹിക്കുന്ന നല്ളൊരു വിഭാഗത്തിനും കേരളീയ മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങൾക്കും വളരെ സന്തോഷം പക൪ന്നിരുന്നു. എന്നാൽ, കെ.എൻ.എം നേതൃത്വത്തിലെ ചിലരുടെ വിഭാഗീയ ചിന്തയും പിടിവാശിയുംമൂലം ഐക്യശ്രമം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നാണ് അറിയുന്നത്. ഇതിനെ തുട൪ന്നാണത്രെ വീണ്ടും പുറത്താക്കൽ നടപടികൾ പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.