ത്രിവേണിയില്‍നിന്ന് വാങ്ങിയ ആട്ടമാവില്‍ പുഴു; നടപടിയില്ല
text_fieldsബാലരാമപുരം: ഐത്തിയൂരിൽ ത്രിവേണിയുടെ സഞ്ചരിക്കന്ന വാഹനത്തിൽ നിന്നും വാങ്ങിയ ആട്ടമാവിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കാതെ അധികൃത൪. ത്രിവേണിയുടെ പനയാറകുന്നിലെ ഗോഡൗൺ റെയ്ഡ് നടത്തി അധികൃത൪ മടങ്ങിയതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. ബാലരാമപുരം, മാ൪ക്കറ്റ് മുടുക്കിൽ, പുളിമൂട്ടിൽ വീട്ടിൽ, സക്കീ൪ഹുസൈൻ വാങ്ങിയ ആട്ടയിലാണ് പുഴുകണ്ടെത്തിയത്. ത്രിവേണിയിൽ നിന്നും വാങ്ങിയ കടലയിലും പുഴുവിനെ കണ്ടെത്തി. ഭക്ഷണം തയാറാക്കുന്നതിനെടുത്ത മാവിന് പ്രത്യേക മണം അനുഭവപ്പെട്ടതിനെ തുട൪ന്ന് കൂടുതൽ പരിശോധന നടത്തി മാവ് അരിച്ചപ്പോഴാണ് നൂറുകണക്കിന് പുഴുക്കളെ കണ്ടത്.
ബാലരാമപുരത്തെ ആരോഗ്യവകുപ്പിൽ പുഴുവിനെ കണ്ട വിവരം അറിയിച്ചെങ്കിലും മീറ്റിങ്ങാണെന്ന് പറഞ്ഞ് സംഭവ സ്ഥലം സന്ദ൪ശിക്കാതെ പോകുകയായിരുന്നു.
നാട്ടുകാ൪ തിരുവനന്തപുരം ഫുഡ്സേഫ്റ്റി ഡിപ്പാ൪ട്ട്മെൻറിന് നൽകിയ പരാതിയെ തുട൪ന്ന് പനയറക്കുന്നിലെ ത്രിവേണിയുടെ ഗോഡൗൺ പരിശോധന നടത്തി സാംമ്പിൾ ശേഖരിച്ചു. ഇവിടെനിന്നും വിതരണം ചെയ്യുന്ന ഫുഡ് ഉൽപ്പന്നങ്ങളിൾ ഫുഡ്സേഫ്റ്റി നമ്പ൪ പതിച്ചിട്ടില്ലെന്നും കണ്ടെത്തിയട്ടുണ്ട്. എന്നാൽ, പുഴുവിനെ കണ്ടെത്തിയ മാവ് ലഭിച്ച വീട്ടിലെത്തി അധികൃത൪ പരിശോധന നടത്താതെ പോയതും ദുരൂഹതക്കിടയാക്കുന്നു.