കുവൈത്ത് സിറ്റി: 16 വയസ്സിന് താഴെയുള്ളവരാണെങ്കിലും കളത്തിൽ എട്ടടിവീരന്മാരുടെ കരുത്തായിരുന്നു 11 അംഗ ഇന്ത്യൻ സംഘത്തിന്. ഒന്നിനുപിറകെ ഒന്നായി ഇന്ത്യൻ ചുണക്കുട്ടികളുടെ കാലുകളിൽനിന്ന് ചാട്ടുളികൾ പാഞ്ഞുവന്നപ്പോൾ സ്വന്തം വലയിൽനിന്ന് പന്തെുടക്കാനേ ഭൂട്ടാൻ ഗോളി അനൂപ് ഗാലിക്ക് നേരമുണ്ടായിരുന്നുള്ളൂ. അണ്ട൪ 16 ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) ചാമ്പ്യൻഷിപ്പ് യോഗ്യതാ ടൂ൪ണമെൻറിൽ തുട൪ച്ചയായ രണ്ടാം ജയത്തിലേക്കാണ് ഇന്ത്യ മുന്നേറിയത്.
അ൪ദിയ അൽ നാസ൪ ക്ളബിലെ അലി സ്വബാഹ് അൽ സാലിം സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഭൂട്ടാനെ ഒന്നിനെതിരെ എട്ട് ഗോളുകൾക്ക് ഇന്ത്യ നിലംപരിശാക്കുകയായിരുന്നു. മൂന്ന് കളി പൂ൪ത്തിയാക്കിയ ഇന്ത്യക്ക് രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയൻറായി.
ആദ്യ പകുതിയിൽ അഞ്ച് ഗോളുകൾ നേടിയ ഇന്ത്യൻ വലയിൽ ഒരുവട്ടം ഭൂട്ടാനും പന്തെത്തിച്ചുവെങ്കിലും ഇടവേളക്കുശേഷം മൂന്ന് ഗോളുകൾ കൂടി അടിച്ചുകയറ്റി ഇന്ത്യ വിജയം ആധികാരികമാക്കുകയായിരുന്നു. മൈതാനമധ്യത്ത് ഇന്ത്യയുടെ കളിച്ചരട് കൈയിലേന്തിയ ബംഗാൾ താരം പ്രസൂൺജിത് ചക്രവ൪ത്തിയാണ് ഹാട്രിക്കുമായി ഇന്ത്യയുടെ ഗോൾ വേട്ടക്കും ചുക്കാൻ പിടിച്ചത്. ജയാനന്ദ സിങ്, ക്യാപ്റ്റൻ ബേദേശ്വ൪ സിങ്, ജെറി ലാൽറിൻസാല, നൂറുദ്ദീൻ, എഡ്മണ്ട് ലാൽറിൻതിക എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.
ലബനാനെ 1-4ന് തക൪ത്ത മത്സരത്തിൽ നി൪ത്തിയേടത്തുനിന്നായിരുന്നു ഗൗതം ഘോഷിൻെറ കുട്ടികളുടെ തുടക്കം. ചന്തമാ൪ന്ന പാസുകളും ഒഴുക്കുള്ള ചുവടുകളുമായി തുടക്കം മുതൽ എതി൪പാളയത്തിലേക്ക് പടനയിച്ച ഇന്ത്യ അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ വ൪ഷത്തിന് തുടക്കമിട്ടപ്പോൾ 32 മിനിറ്റാവുമ്പോഴേക്കും ഭൂട്ടാൻ വല അഞ്ച് വട്ടം കുലുങ്ങിയിരുന്നു. അഞ്ചാം മിനിറ്റിൽ ഡിഫൻറ൪ ജയാനന്ദ സിങ്ങിൻെറ വകയായിരുന്നു ആദ്യ ഗോൾ. കോ൪ണറിൽനിന്നുള്ള പന്ത് ക്ളോസ് റേഞ്ചിൽനിന്ന് ഉയരക്കാരനായ സ്റ്റോപ്പ൪ ബാക്ക് വലയിലേക്ക് തള്ളുകയായിരുന്നു.
രണ്ടാം ഗോളിന് അധികം കാത്തുനിൽക്കേണ്ടി വന്നില്ല. വലതുവിങ്ങിൽനിന്ന് ആമി റെനവാദെ ഉയ൪ത്തിനൽകിയ സുന്ദരമായ ത്രുബാൾ ഓടിപ്പിടിച്ച പ്രസൂൺജിത്തിൻെറ കരുത്തുറ്റ ഷോട്ട് 12ാം മിനിറ്റിൽ ഭൂട്ടാൻ ഗോളിയെ കീഴടക്കി. 19ാം മിനിറ്റിൽ വലതുവിങ്ങിൽ കിട്ടിയ ഫ്രീകിക്ക് ഇടതുവിങ് ബാക്ക് ജെറി ലാൽറിൻസാലയുടെ ഇടങ്കാലിൽനിന്ന് വലയിലേക്ക് ഊ൪ന്നിറങ്ങിയപ്പോൾ ഗോളെണ്ണം മൂന്നായി.
പിന്നീടുള്ള പത്ത് മിനിറ്റ് ഗോൾ പിറന്നില്ലെങ്കിലും ഇതിന് പ്രായശ്ചിത്തമായി 31,32 മിനിറ്റുകളിൽ തുടരെ ഗോളുകളെത്തി. ആദ്യം മനോഹരമായ നീക്കത്തിനൊടുവിൽ പ്രസൂൺജിത്തിൻെറ ബൂട്ടിൽനിന്നും തൊട്ടടുത്ത നിമിഷം റീബൗണ്ടിൽനിന്ന് ലക്ഷ്യം കണ്ട നായകൻ ബേദേശ്വ൪ സിങ്ങിൻെറ വകയുമായിരുന്നു ഗോളുകൾ.
ആദ്യപകുതിയിൽതന്നെ അര ഡസൻ തികക്കുമെന്ന ഘട്ടത്തിൽ ഇന്ത്യ ഒട്ടൊന്ന് അലസരായപ്പോൾ 41ാം മിനിറ്റിൽ ഭൂട്ടാൻെറ യോസൽ ഇന്ത്യൻ ഗോളി ധീരജ് സിങ്ങിനെ കീഴടക്കി.
ഇടവേളക്കുശേഷം മൂന്ന് മിനിറ്റിനകം ഹെഡറിലൂടെ പ്രസൂൺജിത് ഹാട്രിക് തികച്ചതോടെ വീണ്ടും ഇന്ത്യൻ ഗോൾ മഴക്ക് തുടക്കമായി. 73ാം മിനിറ്റിൽ പകരക്കാരൻ സ്ട്രൈക്ക൪ എഡ്മണ്ട് ലാൽറിൻതിക ഗോൾ നേടിയ ശേഷം 76ാം മിനിറ്റിൽ വലതുവിങ്ങിൽ മതസരത്തിലുടനീളം പറഞ്ഞുകളിച്ച യു.പിക്കാരൻ നൂറുദ്ദീനും ലക്ഷ്യം കണ്ടതോടെ ഇന്ത്യൻ വിജയം കെങ്കേമമായി.
കളത്തിൽ നീലപ്പടയുടെ മുന്നേറ്റത്തിന് ഗാലറിയിൽ നിരവധി മലയാളികളടക്കമുള്ള കാണികളുടെ ആ൪പ്പുവിളികളും കരുത്തായി. ഒഴിവുദിനത്തിൻെറ ആലസ്യത്തിൽ നൂറകുണക്കിന് ആളുകളാണ് ഇന്ത്യക്കുവേണ്ടി ആരവമുയ൪ത്താൻ എത്തിയത്. ഇന്ത്യൻ അംബാസഡ൪ സതീഷ് സി. മത്തേയും എത്തിയിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2013 10:49 AM GMT Updated On
date_range 2013-09-28T16:19:31+05:30അണ്ടര്‍ 16 ഏഷ്യന്‍ ഫുട്ബാള്‍ യോഗ്യതാ ടൂര്‍ണമെന്‍റ് : ഇന്ത്യ 8 ഭൂട്ടാന്‍ 1
text_fieldsNext Story