തിരുവനന്തപുരം: ആ൪.എസ്. എസ് പ്രവ൪ത്തകൻ തമലം കാമരാജ് നഗ൪ കൊച്ചുതോപ്പ് വീട്ടിൽ വിനുമോനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പൂജപ്പുര പൊലീസ് പിടികൂടി. തമലം സ്വദേശികളായ മുരളി, പ്രേമൻ എന്നിവരാണ് പിടിയിലായതെന്നാണ് ലഭിക്കുന്ന വിവരം.
ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്നാണറിയുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള നാലുപേരിൽ രണ്ട് പേരാണ് പൊലീസിൻെറ പിടിയിലായത്. ഒളിവിലുള്ള രണ്ടുപേ൪ക്കുവേണ്ടി അന്വേഷണം ഊ൪ജിതമാക്കിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പ്രതികളുടെ സുഹൃത്തുക്കളായ മൂന്നുപേരെ പൂജപ്പുര പൊലീസ് ചോദ്യംചെയ്തിൻെറ അടിസ്ഥാനത്തിലാണ് രണ്ടുപേരെ പിടികൂടാനായതെന്നാണ് സൂചന.
ജില്ലയിലെ ഒരു ഒളിസങ്കേതത്തിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. എന്നാൽ ഇക്കാര്യം പൊലീസ് ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ച പുല൪ച്ചെ രണ്ടരയോടെയാണ് നാലംഗ സംഘം വിനുമോനെ ബൈക്ക് തടഞ്ഞുനി൪ത്തി വെട്ടിക്കൊലപ്പെടുത്തിയത്. മണൽകടത്തുമായി ബന്ധപ്പെട്ട ത൪ക്കത്തെ തുട൪ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സി.പി.എം പ്രവ൪ത്തകനായിരുന്ന വിനുമോൻ ആ൪.എസ്. എസിൻെറ സജീവപ്രവ൪ത്തകനായി മാറുകയായിരുന്നു. ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകളുമുണ്ട്.
മ്യൂസിയം സി.ഐ ജയചന്ദ്രൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
തമലത്തും പരിസരപ്രദേശങ്ങളിലും ഏ൪പ്പെടുത്തിയ പൊലീസ് പിക്കറ്റങ് ഇപ്പോഴും തുടരുന്നുണ്ട്.