വിദ്യാഭ്യാസ കച്ചവടം: വിപരീത ചിന്തകള്‍
text_fieldsകേരളത്തിലെ ഉന്നത പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ലാഭം കൊയ്യാനുള്ള കച്ചവടസംവിധാനം മാത്രമാണ്. വിദ്യാഭ്യാസത്തിൻെറ സാമൂഹിക തലമാണ് അതിലൂടെ നഷ്ടമാകുന്നത്. രാഷ്ട്രത്തിൻെറ മനുഷ്യവിഭവശേഷിയുടെ പരിശീലനമോ രൂപപ്പെടുത്തലോ ഒന്നും സ്വാശ്രയ വിദ്യാഭ്യാസ മുതലാളിമാരുടെ അജണ്ടയിൽ ഉണ്ടാകില്ല. പാവപ്പെട്ടവനും കാശില്ലാത്തവനും പഠിക്കേണ്ട എന്നാണ് അവ൪ക്ക് ഉപദേശിക്കാനുണ്ടാവുക.
ഒരു സാധാരണക്കാരൻ വിദ്യാഭ്യാസ മുതലാളിയായ കഥ
വിദ്യാഭ്യാസം കച്ചവടമായ കാലത്ത് ചാകര വീണുകിട്ടിയ ഒരാൾ. നമുക്കയാളെ കുട്ടപ്പൻ എന്നു വിളിക്കാം. എളിയ നിലയിൽനിന്ന് വന്നതിൻെറ എല്ലാ നല്ല ഗുണങ്ങളും കാണിക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം എന്ന് എടുത്തുപറയണം. അയാളൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ജോസഫിൻെറ വിദ്യാഭ്യാസ പരിഷ്കരണത്തിൻെറ നാളുകൾക്കു മുമ്പ് അങ്ങിങ്ങ് ചില സീറ്റുകൾ തരപ്പെടുത്തിയും തിരുവനന്തപുരത്ത് ചില ഫയലുകൾ നീക്കിയും കണക്കുപറയാതെ ചില്ലറ നേടിയുമായിരുന്നു തുടക്കം. പ്ളസ്ടു വ്യാപകമായി വിതരണം ചെയ്യപ്പെട്ടപ്പോൾ കേരളത്തിൻെറ ഒരു ഭാഗത്ത് അതിൻെറ ഒത്താശക്കാരനോ ഇടനിലക്കാരനോ ആയി മാറി. ഒന്നുകിൽ രണ്ടോ മൂന്നോ അധ്യാപക/അനധ്യാപക പോസ്റ്റ്, അതല്ളെങ്കിൽ ഇത്ര ലക്ഷം രൂപ. ബിസിനസിൻെറ സൂത്രവാക്യം ലളിതമായിരുന്നു. കിട്ടുന്നതിൽ പാതിയല്ല, നേരത്തേ നിശ്ചയിച്ചുറപ്പിച്ച തുകയുടെ നിശ്ചിത ശതമാനമായിരുന്നു വരുമാനം. കാണക്കാണെ കുട്ടപ്പനു തോന്നി, താനെന്തിനു ഏജൻറാകണം! അങ്ങനെയാണ് അദ്ദേഹം തന്നെ കോളജ് തുടങ്ങുന്നത്.
അപ്പോഴേക്കും വിദ്യാഭ്യാസ കച്ചവടത്തിൻെറ എല്ലാ അസ്തിവാരങ്ങളും കേരളത്തിൽ അരക്കിട്ടുറപ്പിക്കപ്പെട്ടിരുന്നു. കുടുംബ ട്രസ്റ്റുകൾപോലും ‘മൈനോറിറ്റി’ പദവിക്കായി ദൽഹിക്ക് വണ്ടികയറുന്ന അവസ്ഥ. കുട്ടപ്പനും സ്വകാര്യ പ്രഫഷനൽ കോളജ് ലഭിച്ചു. അസൂയാലുക്കൾ എതി൪ത്തതിനാൽ അനുരഞ്ജനത്തിൻെറ ഭാഗമായി കോടികൾക്ക് കോളജ് വിറ്റ് ആ൪ക്കും അത്ര വലിയ ശല്യമില്ലാത്തിടത്ത് മറ്റു കോളജുകൾ തരപ്പെടുത്തി. ഏക്ക൪കണക്കിന് സ്ഥലത്ത് സുന്ദരമായ കാമ്പസ് പണിത് വിദ്യാഭ്യാസ വിചക്ഷണരെ വാടകക്കെടുത്ത് വിദ്യാഭ്യാസ പ്രക്രിയയുടെ ശക്തമായൊരു കണ്ണിയായി മാറി. എല്ലാം നേടിയത് വിദ്യാഭ്യാസ കച്ചവടത്തിലൂടെ കിട്ടിയ ലാഭത്തിൽനിന്ന്.
ഇങ്ങനെ ലാഭം കിട്ടുന്ന ഏ൪പ്പാടായി വിദ്യാഭ്യാസം മാറിയതുകൊണ്ടാണ് സ്വകാര്യ വ്യക്തികൾ കേരളത്തിൽ യൂനിവേഴ്സിറ്റികൾപോലും തുടങ്ങാൻ ആലോചിച്ചതും അപേക്ഷകൾ അയച്ചതും മദ്യക്കച്ചവടംപോലെ വിദ്യക്കച്ചവടം നടത്തി നാല് കാശുണ്ടാക്കാൻ ശ്രമിക്കുന്നതും. ഇതിനെ വിദ്യാഭ്യാസ കച്ചവടമെന്ന് വിളിക്കുമ്പോൾ വരുന്നു കള്ളക്കണക്കുകൾ നിരത്തി, അ൪ധസത്യങ്ങൾ ഉദ്ധരിച്ച് നവലിബറൽ ചിന്താഗതിക്കാരും അവരുടെ മാധ്യമങ്ങളും.
പത്രപ്രവ൪ത്തനത്തെ കച്ചവടമായി കാണുന്ന ഒരു പത്രമാണ്, കേരളീയ൪ ഉന്നത വിദ്യാഭ്യാസത്തിനായി ക൪ണാടകയെയും തമിഴ്നാടിനെയും ആശ്രയിക്കുന്നതിനാൽ കേരളീയ൪ക്ക് ഓരോ വ൪ഷവും കോടികൾ നഷ്ടമാകുന്നുവെന്ന് മുതലക്കണ്ണീരൊലിപ്പിക്കാൻ തുടങ്ങിയത്. അവ൪തന്നെ വിദ്യാഭ്യാസ പ്രദ൪ശനത്തിലൂടെ വ൪ഷാവ൪ഷം ക൪ണാടക/തമിഴ്നാട് സ്വകാര്യ സ്ഥാപനങ്ങളുടെ ഇടനിലക്കാരാണ്.
സ൪ക്കാറിൻെറ പങ്ക്
അമ൪ത്യ സെന്നിൻെറ വിഖ്യാതമായ ‘കേരള മോഡൽ’ പ്രയോഗത്തിന് അ൪ഹത നേടാൻ മാത്രം ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം നേട്ടം കൊയ്തിട്ടുണ്ട്. അതുപക്ഷേ, കേരളത്തിൽ പഞ്ചനക്ഷത്ര ഹോസ്പിറ്റലുകളും കോ൪പറേറ്റ് സെൽഫ് ഫിനാൻസിങ് സ്ഥാപനങ്ങളും ആരംഭിക്കുന്നതിന് മുമ്പായിരുന്നു എന്ന് മറക്കാതിരിക്കുക. ആരോഗ്യത്തിൻെറയും വിദ്യാഭ്യാസത്തിൻെറയും ജനകീയവത്കരണത്തിലൂടെയാണ് നാം അതു നേടിയെടുത്തത്. ഇന്നത്തെ വേഗത്തിലാണ് സ്വകാര്യവത്കരണം പോകുന്നതെങ്കിൽ അടുത്ത 10 വ൪ഷത്തിനിടയിൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഗതിവിഗതികൾ നിയന്ത്രിക്കുക സ്വകാര്യ മുതലാളിമാരായിരിക്കും. സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിലുകൾ, ഫാക്കൽറ്റി ബോ൪ഡുകൾ, പഠന പരീക്ഷാസമിതികൾ, സ്റ്റുഡൻറ്സ് യൂനിയനുകൾ, അധ്യാപകഅനധ്യാപക സംഘടനകൾ എന്നിവയിലെല്ലാം സ്വകാര്യ/സെൽഫ് ഫിനാൻസിങ് സെക്ടറുകാ൪ മേൽക്കൈ നേടും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ 65 കഴിഞ്ഞ ഒരു സെൽഫ് ഫിനാൻസിങ് കോളജ് പ്രിൻസിപ്പൽ സെനറ്റ് മെംബറായി. ഇനി സിൻഡിക്കേറ്റ് മെംബറുമാകാം. അവിടെ കാര്യങ്ങൾ നടക്കുക ഭൂരിപക്ഷത്തിൻെറ അടിസ്ഥാനത്തിലായിരിക്കും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിൻെറ ഭൂരിപക്ഷവും വ൪ഷങ്ങൾക്കുള്ളിൽ സെൽഫ് ഫിനാൻസിങ് സെക്ട൪ വിഴുങ്ങും. അതിന് തടയിടേണ്ടത് സ൪ക്കാറാണ്.
ആവശ്യക്കാരുണ്ടാകുമ്പോൾ അവ൪ക്കുവേണ്ട വിദ്യാഭ്യാസ സൗകര്യമൊരുക്കേണ്ടത് ജനക്ഷേമ സ൪ക്കാറിൻെറ ബാധ്യതയാണ്. സാമൂഹിക നിയന്ത്രണവും ഗവൺമെൻറിൻെറ കടിഞ്ഞാണുമുള്ള ഗവൺമെൻറിതര സംവിധാനങ്ങൾ ഏ൪പ്പെടുത്താവുന്നതേയുള്ളൂ. ഒര൪ഥത്തിൽ അങ്ങനെയാണ് കേരളത്തിൽ സെൽഫ് ഫിനാൻസിങ് സ്ഥാപനങ്ങൾ ഉണ്ടായത്. ബി.എഡ് സ്ഥാപനങ്ങൾ തികയാതെ വന്നപ്പോൾ മിതമായ നിരക്കിൽ യൂനിവേഴ്സിറ്റികൾ ബി.എഡ് ഒരുക്കി. അതുപോലെ സഹകരണ മേഖലയിൽ ഇടതുപക്ഷം എൻജിനീയറിങ് കോളജുകൾ ആരംഭിച്ചു. അവയിലെല്ലാം സ൪ക്കാറിൻെറയോ സ൪ക്കാ൪ സംവിധാനങ്ങളുടെയോ നന്നെ ചുരുങ്ങിയത് സാമൂഹിക സംവിധാനങ്ങളുടെയോ നിയന്ത്രണമുണ്ടായിരുന്നു. അതേസമയം, പിന്നെ നാം കാണുന്നത് ആശുപത്രി മുതലാളിമാ൪ക്ക് മെഡിക്കൽ, ഡെൻറൽ, നഴ്സിങ് കോളജുകൾ കൊടുക്കുന്ന സ൪ക്കാറുകളെയാണ്. കശുവണ്ടി ഫാക്ടറികളിലും പഴയ ഹോട്ടലുകളിലും ബി.എഡ് കോളജുകളോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആരംഭിക്കുന്നിടംവരെ എത്തി കാര്യങ്ങളുടെ ഒഴുക്ക്. മാറിമാറിവന്ന ഗവൺമെൻറുകൾ വിദ്യാഭ്യാസ കച്ചവടത്തിൻെറ ദ൪ഘാസ് നടത്തിപ്പുകാരായി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരത്തിനും സംസ്ഥാപനത്തിനും ഒരു നടപ്പു രീതിയുണ്ടായിരുന്നു. ഒരു കോളജ് ഒരു നാടിൻെറ യഥാ൪ഥ ആവശ്യമായിത്തീരുകയും ചിലരതിനെ ഒടുങ്ങാത്ത ആവശ്യമായി കൊണ്ടുനടക്കുകയും ചെയ്യും. പിന്നീട് യൂനിവേഴ്സിറ്റിയിൽ നൂറുവട്ടം മുട്ടി അംഗീകാരം നേടി, സ൪ക്കാറിന് സമ൪പ്പിച്ച് സൗകര്യമൊരുക്കി കാത്തിരുന്ന് ഗവൺമെൻറിൻെറ നയമനുസരിച്ച് നേടിയെടുക്കുന്നവയായിരുന്നു കോളജുകൾ. അതിനൊരു നടപടിക്രമം ഉണ്ടായിരുന്നു. പൂ൪ത്തീകരിക്കേണ്ട മിനിമം അത്യാവശ്യ ഘട്ടങ്ങൾ ഉണ്ടായിരുന്നു. ഇന്നവയൊക്കെ തരംപോലെ വ്യാഖ്യാനിക്കുന്നു. സ൪ക്കാ൪ നേരിട്ട് കോളജുകൾക്ക് അനുവാദം നൽകി യൂനിവേഴ്സിറ്റികളോട് അംഗീകാരം നൽകാൻ ആജ്ഞാപിക്കുന്നു. മാനദണ്ഡം സാമൂഹികാവശ്യമല്ല; മറിച്ച് ഒഴുക്കാനുള്ള പണവും മേൽചാ൪ത്ത് നേടാനുള്ള പിടിപാടുമാണ്. മറ്റുചില കുറുക്കുവഴികളും മാനേജ്മെൻറുകൾ ചെയ്തുവെക്കും. വിദ്യാഭ്യാസ ഏജൻസികളിൽനിന്ന് ആദ്യം അംഗീകാരം നേടി പിന്നെ കോടതിയെ സമീപിക്കും. ന്യൂനപക്ഷാവകാശമെന്ന ചക്രായുധം പ്രയോഗിക്കും.
ചതഞ്ഞരയുന്ന സാമൂഹിക താൽപര്യങ്ങൾ
കോടതി നിയമമാണ് നോക്കുക. നിയമത്തിന് കണ്ണില്ല. പലപ്പോഴും നിയമജ്ഞന്മാ൪ക്ക് കണ്ണും കാതുമുണ്ടാകാറില്ല. സാമൂഹിക നിയന്ത്രണത്തിനും സ൪ക്കാ൪ നിയമനത്തിനുമിടയിൽ സെൽഫ് ഫിനാൻസിങ് രംഗത്തെ ഒന്നു മെരുക്കിയെടുക്കാൻ ആരു ശ്രമിച്ചാലും കോടതിയതിൽ ഇടപെടും. ഇടപെടുകതന്നെ വേണം. പക്ഷേ, പലപ്പോഴും കോടതി സാമൂഹിക നീതിയുടെയോ സന്ദ൪ഭത്തിൻെറ തേട്ടത്തിൻെറയോ പക്ഷത്തായിരുന്നില്ല. കോടതി നിയമത്തെ വ്യാഖ്യാനിച്ചപ്പോഴൊക്കെ ചതഞ്ഞരഞ്ഞത് സാമൂഹിക താൽപര്യങ്ങളായിരുന്നു. സാമൂഹിക വിദ്യാഭ്യാസ തേട്ടം അനുസരിച്ച്, പ്രാദേശിക ആവശ്യം പരിഗണിച്ച്, മുൻ വിതരണത്തിലെ അപര്യാപ്തതയും ക്രമക്കേടുകളും പരിഹരിച്ച് സ൪ക്കാ൪ സ്ഥാപനങ്ങൾ തുടങ്ങുകയാണ് വേണ്ടത്. അതിനു കഴിയാതെ വന്നാൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് അനിഷേധ്യമായ സംഭാവനകൾ നൽകിയ സാമൂഹിക വിദ്യാഭ്യാസ ഏജൻസികളുടെ കീഴിൽ എയ്ഡഡ് സ്ഥാപനങ്ങൾ അനുവദിക്കാം. സെൽഫ് ഫിനാൻസിങ് മേഖലയിലേക്ക് സഹകരണ പ്ര്സഥാനത്തെ ഇന്നുള്ളതിനെക്കാൾ ശക്തമായി ഇടപെടുത്താവുന്നതാണ്. വഖഫ്/ദേവസ്വം സ്വത്തും അവയുടെ വരുമാനങ്ങളും വിദ്യാഭ്യാസസാമൂഹിക ആവശ്യത്തിനായി വകയിരുത്തുന്നതിൽ യഥാ൪ഥ വിശ്വാസികൾക്ക് എതി൪പ്പുണ്ടാകുമെന്ന് തോന്നുന്നില്ല. ഇതിനൊക്കെ ഉപരി കേന്ദ്ര സ൪വകലാശാലകളെയും സ്ഥാപനങ്ങളെയും കേരളത്തിലെ വിദ്യാ൪ഥികൾക്ക് അ൪ഹമായ പരിഗണന ഉറപ്പുവരുത്തി ഇവിടേക്ക് കൊണ്ടുവരണം.
ഉന്നത വിദ്യാഭ്യാസത്തിൽ കേരളത്തിൻെറ ആവശ്യം പറഞ്ഞ് അവകാശം ചോദിച്ചുവാങ്ങാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി റെയിൽവേ കാര്യത്തിൽ തമിഴ് സഹോദരന്മാ൪ ചെയ്യുന്നതുപോലെ ഒന്നിച്ചിറങ്ങണം. എന്നിട്ടും കേരളത്തിൻെറ ആവശ്യം പരിഹരിക്കാതെ വന്നാൽ, തീ൪ച്ചയായും നിയന്ത്രിത സെൽഫ് ഫിനാൻസിങ് സ്ഥാപനങ്ങളെ അനുവദിക്കാം. സെൽഫ് ഫിനാൻസിങ് കോളജുകൾക്ക് പ്രത്യേക നിയന്ത്രണമൊന്നും വേണ്ട. എന്നാൽ എയ്ഡഡ്/ സ൪ക്കാ൪ കോളജുകൾ പാലിക്കുന്ന നിബന്ധനകളെങ്കിലും സെൽഫ് ഫിനാൻസിങ് മാനേജ്മെൻറുകൾ ശ്രദ്ധിക്കേണ്ടതില്ളേ?
സെൽഫ് ഫിനാൻസിങ് കോളജുകളുടെ അംഗീകാരം, അധ്യാപക യോഗ്യത, നിയമനം, വിദ്യാ൪ഥി പ്രവേശം, പ്രിൻസിപ്പൽ നിയമനം, റിസ൪വേഷൻ എന്നിവയിലൊന്നും കൃത്യമായ ഒരു നി൪ദേശവും കേരളത്തിലെ യൂനിവേഴ്സിറ്റികളുടെ ആക്ടിലും സ്റ്റാറ്റ്യൂട്ടിലും ഇല്ല എന്നതുതന്നെ ‘തോന്നിയതുപോലെ’യാണ് സെൽഫ് ഫിനാൻസിങ് കോളജുകളുടെ കാര്യം എന്ന സൂചന നൽകുന്നുണ്ട്. അപൂ൪വം ചില കോളജുകൾ നല്ല രീതിയിൽ പ്രവ൪ത്തിക്കുന്നുണ്ടാകും. വിദ്യാ൪ഥികൾ പഠിക്കുന്നതിനു പൈസ കൊടുക്കണമെന്നതും അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം പൊതു ഫണ്ടിൽനിന്നുമാകില്ല എന്നതും ഒഴിച്ചാൽ മറ്റെല്ലാം യു.ജി.സി/ എ.ഐ.സി.ടി/ഗവൺമെൻറ്/യൂനിവേഴ്സിറ്റി നിയമനങ്ങൾക്ക് വിധേയമായാണ് സെൽഫ് ഫിനാൻസിങ് കോളജുകൾ പ്രവ൪ത്തിക്കേണ്ടത്. ഫലത്തിൽ അവയിൽ മിക്കതും അങ്ങനെയല്ളെന്നതാണ് സത്യം.
ഒരുകാര്യം ഉറപ്പുപറയാം; കലാ മണ്ഡലം, കോട്ടക്കൽ ആയു൪വേദ കോളജ് എന്നിവയെ സ൪വകലാശാലകൾ ആക്കിയതുകൊണ്ടോ, അറബിമലയാളം സ൪വകലാശാലകൾ ആരംഭിക്കുന്നതിനാലോ മെഡിക്കൽ സ൪വകലാശാലകൾ തുടങ്ങിവെച്ചതുമൂലമോ, കാ൪ഷിക സ൪വകലാശാലയെ വെട്ടിമുറിച്ചതുകൊണ്ടോ പരിഹരിക്കാവുന്നതല്ല കേരളത്തിൻെറ വിദ്യാഭ്യാസ പ്രശ്നങ്ങൾ. അവയെല്ലാം പുതിയ സാമ്പത്തിക ഭാരം സ൪ക്കാറിൻെറ തലയിൽ കെട്ടിവെക്കുമെന്നല്ലാതെ ഗുണമേന്മയുള്ള ജ്ഞാന നി൪മിതിയിലോ, വിദ്യാഭ്യാസ പ്രക്രിയയിലോ ആശാവഹമായ ഒരു പങ്കും വഹിക്കില്ളെന്നത് ആ൪ക്കാണറിയാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
