‘ഏറ്റുമുട്ടല്‍ വിദഗ്ധ’ന്‍െറ ഏറ്റുപറച്ചിലുകള്‍ക്കപ്പുറം
text_fieldsഅസത്യത്തിൻെറ സ്വ൪ണത്തളികകൊണ്ട് മൂടിവെക്കാൻ എത്ര ശ്രമിച്ചാലും സത്യം ഒരുനാൾ മുഖം കാണിക്കുകതന്നെ ചെയ്യുമെന്ന ആപ്തവാക്യം പുലരുകയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കാര്യത്തിൽ. മോഡിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി ഉയ൪ത്തിക്കാട്ടി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനഹിതത്തെ അട്ടിമറിക്കാൻ ആ൪.എസ്.എസ് നേതൃത്വം നടത്തുന്ന കൊണ്ടുപിടിച്ച ശ്രമങ്ങൾക്ക് സ്വന്തം പാ൪ട്ടിയിൽനിന്നുതന്നെ എതി൪പ്പുകൾ ഉയരുന്നതിനിടയിൽ സ്വയംകൃതാന൪ഥങ്ങളും അദ്ദേഹത്തിൻെറ സ്വപ്നയാത്രകൾക്ക് മുന്നിൽ കടമ്പകൾ തീ൪ക്കുന്ന കാഴ്ച രാഷ്ട്രീയനിരീക്ഷക൪ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ഏതു കൃത്യങ്ങളും കീ൪ത്തികളുമാണോ മോഡിയെ സംഘ്നേതൃത്വത്തിന് പ്രിയങ്കരനാക്കിയത് അവതന്നെയാണ് അദ്ദേഹത്തിനെതിരെ തിരിച്ചടിക്കാൻ പോകുന്നതെന്നത് കാവ്യനീതിയാവാം. 2002ലെ നരമേധകാലത്ത് ആഭ്യന്തരം കൈയാളിയിരുന്ന, തൻെറ വലംകൈയായ അമിത് ഷായെ തുളസീ റാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽനിന്ന് രക്ഷിക്കാൻ മോഡിയും കൂട്ടരും നടത്തുന്ന വഴിവിട്ട നീക്കങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന സീഡിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ രാഷ്ട്രീയവൃത്തങ്ങളിലുണ്ടാക്കിയ വിവാദം കെട്ടടങ്ങുംമുമ്പ് ‘ഏറ്റുമുട്ടൽ വിദഗ്ധനായി’ കുപ്രസിദ്ധി നേടിയ പൊലീസ് ഡി.ഐ.ജി ഡി.ജി. വൻസാര സ൪വീസിൽനിന്ന് രാജിവെച്ചുകൊണ്ട് അയച്ച കത്ത് മോഡിയുടെ മുഖം കൂടുതൽ വികൃതമാക്കിയിരിക്കുകയാണ്.
ഗുജറാത്ത് വ൪ഗീയാഗ്നിയിൽ കത്തിയെരിയുമ്പോഴെല്ലാം 1987 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ വൻസാര, മോഡിയുടെയും അമിത് ഷായുടെയും വ൪ഗീയ അജണ്ട നടപ്പാക്കാൻ അത്യുത്സാഹം കാണിച്ച പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. രണ്ടായിരത്തോളം നിരപരാധികൾ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തിന് ന്യായീകരണം കണ്ടത്തെുന്നതിന് ഗുജറാത്ത് ‘ജിഹാദി ഭീകരത’യുടെ പിടിയിലാണെന്ന് പ്രചരിപ്പിക്കാനും വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരവധി പേരെ കൂട്ടക്കൊല ചെയ്യാനും ഹിന്ദുത്വ നേതൃത്വം പദ്ധതി ആവിഷ്കരിച്ചപ്പോൾ അത് കാര്യക്ഷമമായി നടപ്പാക്കുന്നതിന് നേതൃത്വം കൊടുത്തത് വൻസാര എന്ന പിന്നാക്ക ജാതിക്കാരനായിരുന്നു. എന്നാൽ, മനുഷ്യാവകാശ പ്രവ൪ത്തകരുടെ നിരന്തര പരിശ്രമത്തിൻെറ ഫലമായി സുപ്രീംകോടതിയുടെ നി൪ദേശ പ്രകാരം ഏറ്റുമുട്ടലുകളെ കുറിച്ച് സി.ബി.ഐ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ ഈ മനുഷ്യൻെറ കൈക്കാണ് ആദ്യമായി വിലങ്ങുവീണത്. മോഡിയെ വധിക്കാൻ വന്ന ഭീകരൻ എന്ന മുദ്രകുത്തിയായിരുന്നു നിരപരാധികളെ ഇയാൾ വെടിവെച്ചു കൊന്നുകൊണ്ടിരുന്നത്. അങ്ങനെ, 2007 ഏപ്രിലിൽ അറസ്റ്റിലായത് മുതൽ ഗുജറാത്തിലെ സബ൪മതി ജയിലിലും മുംബൈയിലെ തലോജ ജയിലിലുമായി ആറു വ൪ഷം കഴിച്ചുകൂട്ടേണ്ടിവന്നിട്ടും തനിക്കോ തൻെറ കാലാൾപ്പടയായി വ൪ത്തിച്ച ആറ് ഐ.പി.എസുകാരടക്കമുള്ള 32 പൊലീസ് ഓഫിസ൪മാ൪ക്കോ ഗുജറാത്ത് സ൪ക്കാറിൽനിന്ന് പ്രതീക്ഷിച്ചത്ര സഹായ സഹകരണങ്ങൾ ലഭിക്കാത്തത്തിൻെറ കുണ്ഠിതമാണ് രാജിക്കത്തിൻെറ രൂപത്തിൽ ചില തുറന്നുപറച്ചിലുകൾക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. അതേസമയം, രാഷ്ട്രീയ മേലാളന്മാ൪ക്കുവേണ്ടി തങ്ങൾ ചെയ്ത അപരാധങ്ങളിൽ പശ്ചാത്തപിക്കാനോ ഭീകരവേട്ടയുടെ പേരിൽ ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങളിൽ മന$സ്താപം രേഖപ്പെടുത്താനോ ഇയാൾ തയാറായിട്ടില്ല എന്നതിൽനിന്നുതന്നെ ജയിൽജീവിതം മാനസാന്തരത്തിന് നിമിത്തമായിട്ടില്ളെന്ന് വ്യക്തമാവുന്നുണ്ട്. നീതികിട്ടാനുള്ള സ൪വകവാടങ്ങളും കൊട്ടിയടക്കപ്പെടുമ്പോൾ വാളൂരുകയാണ് ധ൪മം എന്ന ഗുരുഗോവിന്ദ സിങ്ങിൻെറ തിരുമൊഴി ഉദ്ധരിച്ചാണ് വ്യാജ ഏറ്റുമുട്ടലുകൾക്കു പിന്നിലെ യഥാ൪ഥ പ്രതികൾ ആരാണെന്ന് താൻ തുറന്നുപറയാൻ പോവുകയാണെന്ന് വൻസാര മുന്നറിയിപ്പ് നൽകുന്നത്.
പൊലീസ് ഉദ്യോഗസ്ഥരായ തങ്ങൾ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞകൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും സൊഹ്റാബുദ്ദീൻ, തുളസീറാം, സാദിഖ് ജമാൽ, ഇശ്റത്ത് ജഹാൻ കേസുകളിലെല്ലാം തങ്ങൾക്ക് അപ്പപ്പോൾ മാ൪ഗനി൪ദേശം നൽകി മേൽനോട്ടം വഹിച്ചവരും പൂ൪ണ ഉത്തരവാദികളാണെന്നുമാണ് വൻസാരക്ക് പറയാനുള്ളത്. ഗാന്ധിനഗറിലെ അധികാരസോപാനമല്ല , തങ്ങൾ ഇന്ന് കഴിയുന്ന സബ൪മതി ജയിലോ തലോജ ജയിലോ ആണ് ഈ നേതാക്കൾക്ക് അ൪ഹതപ്പെട്ട ഇടമെന്നു വാദിക്കുന്നത് കൂട്ടുപ്രതികളായ മോഡിയും അമിത് ഷായും പുറത്ത് വിലസുന്നതുകണ്ട് മനംനൊന്താവണം. രാജ്യത്തിൻെറ ഒരു ഭാഗത്തും ഇത്രയധികം പൊലീസ് ഉദ്യോഗസ്ഥ൪ ഒരുമിച്ച് ഇത്രയും നീണ്ടകാലം തുറുങ്കലിൽ കഴിയേണ്ടി വന്നിട്ടില്ളെന്ന് പരിഭവം കൊള്ളുന്ന വൻസാര, ഗുജറാത്തിലേത് പോലെ രാജ്യത്തെവിടെയും പൊലീസ് അടക്കമുള്ള ഭരണയന്ത്രം ഇമ്മട്ടിൽ വ൪ഗീയവത്കരിക്കപ്പെടുകയോ ജന ഘാതകരായി അധ$പതിക്കുകയോ ചെയ്തിട്ടില്ല എന്ന യാഥാ൪ഥ്യം മന$പൂ൪വം വിസ്മരിക്കുകയാണ്.
തങ്ങളുടെ കുത്സിത അജണ്ട നടപ്പാക്കാനും ലക്ഷ്യം കണ്ടാൽ കറിവേപ്പിലപോലെ വലിച്ചെറിയാനും ബ്യൂറോക്രസിയെയും മറ്റു ഭരണകൂട മെഷിനറികളെയും സ൪ക്കാറുകൾ ഉപയോഗിക്കുമെന്ന സത്യം ഉൾക്കൊള്ളാനാവാത്തതാണ് വൻസാരയെപ്പോലുള്ളവരെ ധ൪മരോഷം കൊള്ളിക്കുന്നതെങ്കിൽ അവരുടെ ദു൪ഗതിയോ൪ത്ത് സഹതപിക്കുകയേ നി൪വാഹമുള്ളൂ. ഏറെ പ്രകീ൪ത്തിക്കപ്പെട്ട ഗുജറാത്ത് മോഡൽ വികസനത്തിനുള്ള സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചത് തങ്ങൾ ഭീകരരെ കൊന്നൊടുക്കിയതു കൊണ്ടാണെന്നാണ് ഇയാളുടെ അവകാശവാദം. മോഡി നേടിയെടുത്ത വീരനായക പരിവേഷത്തിന് തങ്ങളുടെ പങ്ക് ചെറുതല്ളെന്ന് ഓ൪മിപ്പിക്കുന്നു. തങ്ങൾ ഇപ്പോൾ അകപ്പെട്ട കുരുക്കിൽനിന്ന് രക്ഷപ്പെടുത്തി കടംവീട്ടാതെ, ദൽഹി അധികാരസോപാനത്തിലേക്ക് കുതിക്കാമെന്ന മോഡിയുടെ മോഹം നടക്കില്ളെന്നാണ്് മുന്നറിയിപ്പ്. ഒന്നുകിൽ ഒരുമിച്ച് നീന്താം; അല്ളെങ്കിൽ ഒന്നിച്ച് മുങ്ങിച്ചാവാം എന്ന് ഗുജറാത്ത് മുഖ്യമന്ത്രിയെ ഓ൪മപ്പെടുത്തുന്ന വൻസാരയുടെ വാക്കുകൾ കടുത്ത മോഹഭംഗം ഉൾവഹിക്കുന്നുണ്ട്. കബന്ധങ്ങൾകൊണ്ട് സ്വപ്നകൊട്ടാരങ്ങൾ കെട്ടിപ്പടുത്ത ഒരു നിഷ്ഠുരൻെറ ജൽപനങ്ങൾക്കപ്പുറം, ഒരു വ്യവസ്ഥിതിയെ കരാളതയിലേക്ക് നയിച്ച പൊലീസ് മേധാവി ഇന്നകപ്പെട്ട നിസ്സഹായതയുടെ കൈകാലിട്ടടിയാണ് നമുക്ക് കേൾക്കാൻ സാധിക്കുന്നത്. ആസുരതയുടെ കാലാൾപ്പടയെ നിയമം ചങ്ങലക്കിട്ട് നി൪ത്തിയിട്ടും സേനാനായക൪ അജയ്യരായി മുന്നേറുന്ന കാഴ്ച ജയിലിൽ കിടന്ന് കണ്ടിരിക്കാൻ വയ്യാത്തതിൻെറ അസഹ്യത ഈ വാക്കുകളിൽനിന്ന് വായിച്ചെടുക്കാം. വൻസാരയും പിണിയാളുകളും മാത്രമല്ല,സാക്ഷാൽ നരേന്ദ്രമോഡിയും അമിത് ഷായുമൊക്കെ നിയമത്തിൻെറ കരവലയത്തിൽ അകപ്പെടുന്നതു വരെ ഇനിയും കുറെ വെളിപ്പെടുത്തലുകളും ഏറ്റുപറച്ചിലുകളും നമുക്ക് കേൾക്കേണ്ടിവന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
