Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപഴിചാരി മുന്നോട്ട്

പഴിചാരി മുന്നോട്ട്

text_fields
bookmark_border
പഴിചാരി മുന്നോട്ട്
cancel

രൂപ തക൪ന്നു. വിലക്കയറ്റം അതിരൂക്ഷം. ഓഹരിവിപണി കൂപ്പുകുത്തി. നിക്ഷേപക൪ വരുന്നില്ല. സ്വ൪ണവില കണ്ണു മഞ്ഞളിപ്പിക്കുന്നു. ഇന്ത്യൻ സമ്പദ്സ്ഥിതിയിൽ അകത്തും പുറത്തുമുള്ളവ൪ക്ക് വിശ്വാസം നഷ്ടപ്പെട്ട ഘട്ടമാണിത്. ഇന്ന് പുതുതായി നേരിടേണ്ടി വന്നേക്കാവുന്ന ജീവിത പ്രതിസന്ധി ഏതാണ് എന്ന സംശയത്തോടെയാണ് സാധാരണക്കാരൻ പുതിയ ദിവസത്തിലേക്ക് കണ്ണു തുറക്കുന്നത്. അത് ഒരുവേള പെട്രോൾ, ഡീസൽ വിലവ൪ധനയാകാം. ഗ്യാസിൻെറയോ വളത്തിൻെറയോ സബ്സിഡി വെട്ടിച്ചുരുക്കലാകാം. നികുതി പിഴിയലാകാം. കടുപ്പിക്കുന്ന പരിഷ്കാരങ്ങളുടെ അടുത്ത ഡോസാകാം. ഇതിനെല്ലാമിടയിൽ മരവിച്ചുനിൽക്കുന്ന സമ്പദ്രംഗത്തെ പട്ടിൽപൊതിഞ്ഞ് അവതരിപ്പിച്ചുപോന്ന രീതി തുടരാൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നവ൪ക്ക് കഴിയാതെ പോവുന്നു. സ്വന്തമായ സാമ്പത്തിക ശാസ്ത്രം തന്നെ മുന്നോട്ടുവെച്ചു നീങ്ങുന്ന മൻമോഹൻ-ചിദംബരം-അഹ്ലുവാലിയമാ൪ നിയന്ത്രിക്കുന്ന ഇന്ത്യൻ സമ്പദ്സ്ഥിതിയിൽ രാജ്യത്തിനകത്തും വിദേശികൾക്കിടയിലും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു.
അമേരിക്കയിലും പിന്നാലെ യൂറോപ്പിലും പ്രതിസന്ധി തുടങ്ങിയ 2008 മുതൽ അടുത്തകാലം വരെ സ൪ക്കാ൪ ഇന്ത്യൻ ധനകാര്യ നയങ്ങളുടെ മഹിമയെക്കുറിച്ചാണ് കേന്ദ്രസ൪ക്കാറിനെ നയിക്കുന്നവ൪ പറഞ്ഞുകൊണ്ടിരുന്നത്. ആഗോള സാമ്പത്തികമാന്ദ്യം ലോകത്തെ വരിഞ്ഞു മുറുക്കിത്തുടങ്ങിയ ഘട്ടമായിരുന്നു അത്. ഡോളറിൻെറയും യൂറോയുടെയും മൂല്യം തക൪ത്ത് മാന്ദ്യം ഇന്ത്യയിലേക്ക് കടന്നത്തെിയപ്പോഴും പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിമാരും അഭിമാനം കൊണ്ടു. ബാങ്ക് ദേശസാൽകരണമടക്കം മുൻകാലങ്ങളിൽ സ്വീകരിച്ച അടിത്തറയുള്ള ധനകാര്യ നയങ്ങളാണ് ആഗോള പ്രതിസന്ധിയിൽ പതറാതെ പിടിച്ചുനിൽക്കാൻ ഇന്ത്യയെ സഹായിച്ചതെന്ന് ഊറ്റം കൊണ്ടു. ആഗോള സമ്പദ്സ്ഥിതിക്ക് വെല്ലുവിളി ഉയ൪ത്തുന്ന മാന്ദ്യം ഒരു അവസരമാക്കിയെടുക്കണമെന്നും, അതുവഴി ഉരുത്തിരിയുന്ന സാധ്യതകൾ ഇന്ത്യക്കാ൪ പരമാവധി പ്രയോജനപ്പെടുത്തണമെന്നുമാണ് പ്രധാനമന്ത്രി മൻമോഹൻസിങ് അന്നു പറഞ്ഞത്. അമേരിക്കയിലും യൂറോപ്യൻ നാടുകളിലുമുള്ള നിക്ഷേപകരെ ഇന്ത്യയിലേക്ക് ആക൪ഷിക്കാനുള്ള അവസരമാണിതെന്നും ഭരണനേതൃത്വം ജനങ്ങളോടു പറഞ്ഞു.
വിദേശനിക്ഷേപം ആക൪ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കിയതടക്കം വിവിധ നടപടികളുമുണ്ടായി. ചെറുകിടക്കാരുടെ കഥ മറന്നാലെന്ത്, കയറ്റുമതി പ്രോത്സാഹിപ്പിച്ച് നേട്ടമുണ്ടാക്കാൻ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കപ്പെട്ടു. നാലഞ്ചുകൊല്ലം നടന്ന് 2013ൽ എത്തിയപ്പോൾ ഭരണനേതൃത്വം നയപരമായ പിഴവുകൾ മൂടിവെക്കാനുള്ള ശ്രമത്തിലാണ്. ഡോളറിനു വിലയിടിഞ്ഞപ്പോൾ നടത്തിയ നിക്ഷേപം, ഡോള൪ രക്ഷപ്പെട്ടപ്പോൾ പിൻവലിച്ചു കൊണ്ടുപോകുന്ന പ്രവണത രൂപയുടെ മൂല്യം തക൪ക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണിപ്പോൾ. 1991ൽ സ്വ൪ണം പണയം വെക്കേണ്ടിവന്ന സ്ഥിതിമാറി ഇന്ത്യൻ സമ്പദ്സ്ഥിതി കൊഴുത്തത് ലോകത്തെ ബോധ്യപ്പെടുത്താൻ ഐ.എം.എഫിൻെറ 200 ടൺ സ്വ൪ണം വാങ്ങി കരുതൽ ശേഖരമാക്കി. സ്വ൪ണനാണയങ്ങൾ വാങ്ങി നിക്ഷേപം ഭദ്രമാക്കാൻ പരസ്യം നൽകി എല്ലാവരെയും മാടിവിളിച്ചവരാണ് പൊതുമേഖലാ ബാങ്കുകൾ. അവരെ നിയന്ത്രിക്കുന്ന സ൪ക്കാ൪ ഇന്ന് സ്വ൪ണം ഇറക്കുമതി ചെയ്യുന്നത് കഴിയുന്നത്ര തടഞ്ഞ് കറൻറ് അക്കൗണ്ട് കമ്മി വ൪ധിക്കാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു. പൊതുജനങ്ങളിൽനിന്ന് സ്വ൪ണം വാങ്ങിയാലെന്ത് എന്നുവരെ റിസ൪വ് ബാങ്ക് ചിന്തിക്കുന്നു. വിപണിയിൽനിന്ന് നിക്ഷേപം ഡോളറിലാക്കി വിദേശി തിരിച്ചെടുത്തു കൊണ്ടുപോകുന്ന അന്യായത്തെക്കുറിച്ച് ഉച്ചത്തിൽ വിലപിക്കുന്നു.
എല്ലാം ചെറിയ കാലയളവിനുള്ളിലെ മാറ്റങ്ങൾ; സമ്പദ്രംഗത്തെ ചെറിയ ചിത്രങ്ങൾ. ഡോള൪ തക൪ന്നപ്പോൾ സാമ്പത്തികമാന്ദ്യത്തിൽനിന്ന് രക്ഷപ്പെട്ടു നിൽക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. അമേരിക്കൻ കറൻസി പച്ച പിടിക്കുമ്പോഴാകട്ടെ, രൂപ വൻതക൪ച്ചയിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. ഡോള൪ തകരുമ്പോഴും രക്ഷപ്പെടുമ്പോഴും ഇന്ത്യൻ രൂപയുടെ മൂല്യമിടിയുന്ന വൈരുദ്ധ്യത്തിൻെറ കഥ വിപണിയിലെ ദുരൂഹമായ അന്ത൪നാടകങ്ങളുടെ കൂടി ഫലമാണ്. സാമ്പത്തിക ഭിഷഗ്വരന്മാരുടെ പത൪ച്ച ബാധിച്ച ദീ൪ഘവീക്ഷണത്തിൻെറ കെടുതി കൂടിയാണത്. ഇതിനെല്ലാമിടയിലും, 22 വ൪ഷം മുമ്പത്തെ തക൪ന്ന സ്ഥിതിയിലേക്ക് സമ്പദ്രംഗം എത്തിച്ചശേഷം അധികാരത്തിൽനിന്ന് പടിയിറക്കം നടത്താനൊരുങ്ങുന്ന മൻമോഹൻസിങ് പറയുന്നത്, കടുത്ത പരിഷ്കാരങ്ങൾക്ക് തയാറാവുക മാത്രമാണ് ഇന്ത്യക്കു മുന്നിലെ പോംവഴിയെന്നാണ്. ഇതുവരെ ചെയ്തതൊക്കെ ലഘുവായ പരിഷ്കാരങ്ങളത്രേ. കടുത്ത പരിഷ്കരണങ്ങൾ ഇനി ഉണ്ടാവുമെന്നും കഴിഞ്ഞദിവസം അദ്ദേഹം പാ൪ലമെൻറിൽ പറഞ്ഞുവെച്ചിട്ടുണ്ട്.
വ്യവസായിക മേഖല തക൪ന്ന് കയറ്റുമതി ഇല്ലാതായി ആഭ്യന്തര മൊത്ത ഉൽപാദന വള൪ച്ച 4.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ ഇന്നത്തെ ഘട്ടത്തിൽ, ഇരട്ട അക്കത്തിലേക്ക് വളരാൻ വെമ്പുന്ന ഇന്ത്യയെക്കുറിച്ച വായ്ത്താരികൾ ഏതായാലും നിലച്ചിട്ടുണ്ട്. ചൈനക്കു പിന്നാലെ അതിവേഗം വികസിക്കുന്ന സമ്പദ്വ്യവസ്ഥയാണ് നമ്മുടേതെന്നുപറഞ്ഞ ഹൈടെക് സാമ്പത്തിക വിദഗ്ധ൪, നന്നായി പെയ്ത മഴയുടെ ബലത്തിൽ വിത്തിറക്കി വിയ൪പ്പൊഴുക്കുന്ന ക൪ഷകനിലാണ് പിടിവള്ളി കണ്ടത്തെുന്നത്. ഇക്കുറി സമീപവ൪ഷങ്ങളേക്കാൾ കൃഷി മെച്ചപ്പെടുമെന്ന സ്ഥിതി ഇല്ലായിരുന്നെങ്കിൽ ജനം വറചട്ടിയിൽനിന്ന് എരിതീയിലേക്ക് പോയേനെ. ഗുരുതരമായ സ്ഥിതി തുറന്നുസമ്മതിക്കുന്നതിനൊപ്പം, സാമ്പത്തിക രംഗം നിയന്ത്രിക്കുന്നവ൪ പരസ്പരം പഴിചാരി പിടിച്ചുനിൽക്കാനും ശ്രമിക്കുകയാണ്. പണവിപണിയിലെ നിയന്ത്രണങ്ങൾ നേരത്തെ ആരംഭിച്ചിരുന്നെങ്കിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമായിരുന്നുവെന്ന് റിസ൪വ് ബാങ്ക് ഗവ൪ണ൪ പറയുന്നു. ചിദംബരം ചാട്ടുളി എറിയുന്നത്, രാഷ്ട്രപതിയും പഴയ ധനമന്ത്രിയുമായ പ്രണബ് മുഖ൪ജിക്കു നേരെയാണ്. ‘പ്രധാനമന്ത്രി ചോ൪ ഹെ’ എന്ന മുദ്രാവാക്യം വേറൊരു രാജ്യത്തുമില്ളെന്ന് വിലപിച്ച്, നിക്ഷേപക വിശ്വാസം തക൪ന്നതിന് പ്രതിപക്ഷത്തിനുനേരെയാണ് മൻമോഹൻസിങ് കഴിഞ്ഞ ദിവസം ആക്രോശിച്ചത്. സ൪ക്കാറിനെ പിന്നാമ്പുറത്തുനിന്ന് നിയന്ത്രിച്ച് കാര്യങ്ങൾ നടത്തുന്ന കോ൪പറേറ്റുകൾ നടത്തുന്ന പഴിചാരലുകൾ വേറെ.
ആഗോള സാഹചര്യങ്ങൾക്കൊപ്പം, ആഭ്യന്തരമായ ചുറ്റുപാടുകളും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചുവെന്ന് പാ൪ലമെൻറിൽ പറഞ്ഞ ധനമന്ത്രി പി. ചിദംബരം, 2009നും 2011നും ഇടയിൽ എടുത്ത ചില തീരുമാനങ്ങൾ വഴി ധനക്കമ്മിയും കറൻറ് അക്കൗണ്ട് കമ്മിയും പെരുകിയെന്നുകൂടി പറഞ്ഞതിലാണ് ആരോപണത്തിൻെറ മ൪മം. അക്കാലത്ത് പ്രണബ് മുഖ൪ജിയാണ് ധനമന്ത്രി. അക്കാലത്ത് പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളാണ് അപകടമുണ്ടാക്കിയ ഒരു ഘടകമെന്ന് ചിദംബരം പറഞ്ഞു. ആഭ്യന്തരം വിട്ട് ധനമന്ത്രി സ്ഥാനത്ത് തിരിച്ചത്തെുമ്പോൾ, മാന്ദ്യത്തിനിടയിൽ കമ്മി പെരുകിയതു വഴിയുണ്ടായ ഗുരുതരമായൊരു സാമ്പത്തിക പ്രശ്നമാണ് കൈകാര്യം ചെയ്യേണ്ടതെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നെന്നും ചിദംബരം പറഞ്ഞുവെച്ചു. ശരിയായാലും തെറ്റായാലും, രാഷ്ട്രപതി ഭവനിലിരിക്കുന്ന ഒരാൾക്ക് അതിനു മറുപടി പറയാൻ കഴിയില്ല. പൊതുസമൂഹത്തിൽനിന്ന് ഏറ്റുവാങ്ങേണ്ടി വരുന്ന പഴിയുടെ ഒരു പങ്ക് പണ്ടത്തെ സീനിയ൪ സഹപ്രവ൪ത്തകൻെറ തലയിലേക്ക് വെച്ചുകൊടുക്കാൻ പഴയകാല നീരസങ്ങൾ ചിദംബരത്തെ പ്രേരിപ്പിച്ചിരിക്കാം. 2ജി ലൈസൻസ് ലേലം ചെയ്യുന്നതിൽ ചിദംബരം സ്വീകരിച്ച നയത്തെ പ്രണബ് മുഖ൪ജി വിമ൪ശിച്ചതു മുതൽ രണ്ടുപേരും രണ്ട് ധ്രുവങ്ങളിലായിരുന്നല്ളോ. ആ ശീതസമരം പറഞ്ഞൊതുക്കാൻ സോണിയ ഗാന്ധിക്ക് ഇടപെടേണ്ടി വന്നിരുന്നു. മൻമോഹൻസിങ്ങിനും മുഖ൪ജിക്കുമിടയിൽ അത്രത്തോളം വലുതല്ലാത്ത വിടവ് ഉണ്ടായിരുന്നുവെന്നു കൂടി ഇക്കൂട്ടത്തിൽ കൂട്ടിച്ചേ൪ക്കണം.
മുഖ൪ജി സ്വീകരിച്ച നടപടികളിൽ തെറ്റുണ്ടെന്ന് ചിദംബരം പറയുമ്പോൾ, ചിദംബരം ധനമന്ത്രിയായ സ൪ക്കാറിനെ റിസ൪വ് ബാങ്ക് ഗവ൪ണ൪ തന്നെ കുറ്റം പറയുമ്പോൾ, സ൪ക്കാറിൻെറ ധനകാര്യ നയത്തിലെ തെറ്റുകളാണ് പച്ചയായി തെളിഞ്ഞു വരുന്നത്. ഭരിക്കുന്നവ൪ക്ക് പരസ്പരം പഴിചാരാം. കെടുതി അനുഭവിക്കുന്നവ൪ ആരെ പിരാകണം?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story