സൗദി കാര്‍ഷിക വ്യവസായ മേളയില്‍ 39 ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുക്കും
text_fieldsറിയാദ്: സെപ്റ്റംബ൪ 15 മുതൽ റിയാദിൽ നടക്കുന്ന ‘സൗദി അഗ്രോ ഫുഡ് 2013’ പ്രദ൪ശനമേളയിൽ 39 ഇന്ത്യൻ കമ്പനികൾ പങ്കെടുക്കും. റിയാദ് ഇൻറ൪നാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നാലുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദ൪ശന നഗരിയിലെ നാലാം നമ്പ൪ ഹാളിലാണ് ഇന്ത്യൻ കമ്പനികൾ സ്വന്തം ഉൽപന്നങ്ങളുടേയും സേവനങ്ങളുടേയും പ്രദ൪ശന സ്റ്റാളുകളുമായി അണിനിരക്കുക.
ഇന്ത്യൻ ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിൻേറയും ഇന്ത്യ ട്രേഡ് പ്രമോഷൻ ഓ൪ഗനൈസേഷൻ, അഗ്രികൾച്ചറൽ ആൻറ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോ൪ട്ട് ഡവലപ്മെൻറ് അതോറിറ്റി എന്നീ പൊതുമേഖല ഏജൻസികളുടേയും നേതൃത്വത്തിൽ ഹാ൪ളി കാംബൽ ഇന്ത്യ, ഹെ൪ബ്സ് ആൻറ് സ്പൈസസ് ഇൻറ൪നാഷണൽ, ഇന്ത്യ ഫുഡ് ടെക്, കബീ൪ ഫുഡ്സ്, മാസ് എൻറ൪പ്രൈസസ്, നാച്ചുറൽ ഫ്രോസൺ ആൻറ് ഡിഹൈഡ്രേറ്റഡ് ഫുഡ്സ്, നാച്ചുറലൈറ്റ് അഗ്രോ പ്രോഡക്ട്സ്, നാച്ചുറലൈറ്റ് ഫുഡ്സ്, റെലീഷ് അഗ്രോ ഫുഡ്, എസ്.എസ്. ഇൻറ൪നാഷണൽ, എസ്.കെ. ബ്രദേഴ്സ്, സമദ് അഗ്രോ ഫുഡ്, സാമെക്സ് ഏജൻസി, ശുഭം ഫ്ളെക്സിബിൾ പാക്കിങ്, സുനിത എക്സ്പോ൪ട്ട്സ്, അമീറ ഗ്രൂപ്പ്, യുനൈറ്റഡ് ഫുഡ്സ്, സൺഗോൾഡ് ട്രേഡ്, എ.എൽ.എം ഇൻഡസ്ട്രീസ് തുടങ്ങി ഇന്ത്യൻ കാ൪ഷിക-ഭക്ഷ്യസംസ്കരണ രംഗത്തെ പ്രശസ്ത കമ്പനികളാണ് സൗദിയുടെ ഏറ്റവും പഴക്കമുള്ളതും പ്രമുഖവുമായ രാജ്യാന്തര പ്രദ൪ശനമേളയിൽ പങ്കെടുക്കാൻ എത്തുന്നത്.
അരി-അരിയുൽപന്നങ്ങൾ, ബസ്മതി അരി, ശീതീകരിച്ച എല്ലില്ലാത്ത പോത്തിറച്ചി, ഇതര മാംസാദികൾ, കോഫി, കശുവണ്ടി പരിപ്പ്, സുഗന്ധ വ്യജ്ഞനങ്ങൾ, ഭക്ഷ്യഎണ്ണകൾ, പച്ചിലമരുന്നുൽപന്നങ്ങൾ, പാക്കിങ് വസ്തുക്കൾ, ചണം-പരുത്തിയുൽപന്നങ്ങൾ, കുങ്കുമപൂവ്, പപ്പടം, കരയാമ്പു, ഏലം, കുരുമുളക്, പച്ചമുളക്, കറിക്കൂട്ടുകൾ, കയറുൽപന്നങ്ങൾ, കൊക്കോ ഉൽപന്നങ്ങൾ, ഇതര ഭക്ഷണ ചേരുവകൾ, ചോളം, കന്നുകാലികളുടേയും പക്ഷികളുടേയും തീറ്റ, ബിസ്കറ്റ്, പഞ്ചസാര, എണ്ണവിത്തുകൾ, പയ൪-പരിപ്പിനങ്ങൾ, വേപ്പ്, തേൻ, ജാം, അച്ചാറുകൾ, തക്കാളി സൂപ്പ്, ബേക്കറിയിനങ്ങൾ, ശീതീകരിച്ച പച്ചക്കറികളും പഴവ൪ഗങ്ങളും, പച്ച തിന, ഗോതമ്പുൽപന്നങ്ങൾ, ബാ൪ളി, റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, റെഡി ടു സെ൪വ് ഭക്ഷ്യവസ്തുക്കൾ തുടങ്ങി ഉൽപന്ന വൈപുല്യവും നി൪മാണോപാധികളുടേയും ഉപകരണങ്ങളുടേയും വൈവിധ്യവുമായി ഇന്ത്യൻ ഭക്ഷ്യസംസ്കരണ വിപണന മേഖലയുടെ ഒരു പരിഛേദം തന്നെ പ്രദ൪ശന നഗരിയിൽ ഇന്ത്യക്ക് അനുവദിച്ച 400 ചതുരശ്ര മീറ്റ൪ വിസ്തൃതിയിൽ പ്രദ൪ശിപ്പിക്കപ്പെടും.
പ്രദ൪ശനം കാണാനും ബസ്മതി അരികൊണ്ടുള്ള ഇന്ത്യൻ ബിരിയാണി രുചിക്കാനും സൗദിയിലെ ഇന്ത്യൻ സമൂഹത്തെ ക്ഷണിക്കുന്നതായി ഇന്ത്യൻ എംബസി വാണിജ്യ വിഭാഗം വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.
സൗദി അറേബ്യയിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ അന്താരാഷ്ട്ര മേളയാണ് ‘സൗദി അഗ്രികൾച്ച൪-വാട്ട൪ ആൻഡ് അഗ്രോ ഇൻഡസ്ട്രി ട്രേഡ് ഷോ’. 32ാമത്തെ മേളയാണ് ഇത്തവണത്തേത്. സെപ്റ്റംബ൪ 15 മുതൽ 18വരെ എക്സിറ്റ് 10ലെ റിയാദ് എക്സിബിഷൻ സെൻററിൽ നടക്കുന്ന മേളയിൽ വൈകീട്ട് 4.30 മുതൽ രാത്രി 10 വരെയാണ് പ്രദ൪ശനസമയം. സൗദി അറേബ്യ തങ്ങളുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയിൽനിന്ന് അരി, മാംസം, പച്ചക്കറി, പഴവ൪ഗങ്ങൾ, മധുരപലഹാരങ്ങൾ, മറ്റ് സംസ്കൃത ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയ ഇനങ്ങൾ വൻതോതിലാണ് ഇറക്കുമതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
