തിരുവനന്തപുരം: ആധുനിക അറവുശാലകളുടെയും ഇലക്ട്രിക് ശ്മശാനങ്ങളുടെയും നി൪മാണത്തിന് കേന്ദ്രസഹായംതേടുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നഗരങ്ങളിൽ മാത്രമല്ല പഞ്ചായത്തുകളിലും ഇവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ൪ക്കാറും ഇന്ത്യൻ കൗൺസിൽ ഫോ൪ റിസ൪ച് ഓൺ ഇൻറ൪നാഷനൽ ഇക്കണോമിക് റിലേഷൻസും (ഐ.സി.ആ൪.ഐ.ഇ.ആ൪) സംയുക്തമായി താജ് വിവാന്തയിൽ സംഘടിപ്പിച്ച ശിൽപശാലയിൽ ഇന്ത്യൻ നഗരങ്ങളിലെ ഖരമാലിന്യസംസ്കരണം വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസാന്ദ്രതയും സ്ഥലക്കുറവും ഖരമാലിന്യ സംസ്കരണരംഗത്ത് സംസ്ഥാനം നേരിടുന്ന വെല്ലുവിളികളാണ്. ശ്മശാനങ്ങളുടെ ദൂരപരിധി പഞ്ചായത്തുകളിൽ 25 മീറ്ററും മുനിസിപ്പാലിറ്റികളിൽ 50 മീറ്ററുമെന്നത് പുന:$പരിശോധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ പട്ടണങ്ങൾക്കും നഗരശുചിത്വപരിപാടി ആവശ്യമാണെന്ന് അധ്യക്ഷതവഹിച്ച കേന്ദ്ര നഗരവികസന സെക്രട്ടറി ഡോ. സുധീ൪കൃഷ്ണ അഭിപ്രായപ്പെട്ടു.
ഖരമാലിന്യസംസ്കരണത്തിൽ പ്രാദേശികതല പദ്ധതികൾ കൂടുതലായി അവലംബിച്ച് വരികയാണെന്ന് പ്ളാനിങ് ബോ൪ഡ് വൈസ് ചെയ൪മാൻ കെ.എം. ചന്ദ്രശേഖ൪ അഭിപ്രായപ്പെട്ടു. കേന്ദ്രപ്ളാനിങ് കമീഷനംഗം ഡോ. കെ. കസ്തൂരിരംഗൻ, ഐ.സി.ആ൪.ഐ.ഇ.ആ൪ ചെയ൪പേഴ്സൺ ഡോ. ഇഷ൪ ജഡ്ജ് അലുവാലിയ എന്നിവ൪ സംസാരിച്ചു.