യുനൈറ്റഡ്-ചെല്‍സി മത്സരം സമനിലയില്‍
text_fieldsലണ്ടൻ: തോൽക്കാതിരിക്കാൻ മനസ്സുറപ്പിച്ച് ഇരുനിരയും കരുതയേലാടെ കരുക്കൾ നീക്കിയപ്പോൾ ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ വമ്പന്മാ൪ ഏറ്റുമുട്ടിയ മത്സരം സമനിലയിൽ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റ൪ യുനൈറ്റഡും മുൻ ചാമ്പ്യന്മാരായ ചെൽസിയും ഒപ്പത്തിനൊപ്പംനിന്നു പോരടിച്ചെങ്കിലും മത്സരം ഗോൾരഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.
മാഞ്ചസ്റ്റ൪ യുനൈറ്റഡിൻെറ സൂപ്പ൪ സ്ട്രൈക്ക൪ വെയ്ൻ റൂണിയെ ടീമിലെത്തിക്കാൻ ചെൽസി കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് ഓൾഡ് ട്രാഫോ൪ഡിൽ ഇരുനിരയും സീസണിലെ രണ്ടാം മത്സരത്തിൽ തന്നെ മുഖാമുഖം കണ്ടത്. മുൻ കോച്ച് ജോസ് മൗറീന്യോ ചെൽസിയിൽ തിരിച്ചെത്തിയശേഷം വമ്പൻ പോരിനിറങ്ങിയ കളിയിൽ മികച്ച പ്രകടനം നടത്തി റൂണി കൈയടി നേടിയത് ശ്രദ്ധേയമായി. ചെൽസിയിലെത്താൻ മനസ്സു കൊണ്ട് ഏറെ ആഗ്രഹിക്കുമ്പോഴും യുനൈറ്റഡിൻെറ കുപ്പായത്തിൽ അവ൪ക്കെതിരെ മിന്നുന്ന പ്രകടനവുമായി റൂണി കോച്ച് ഡേവിഡ് മോയെസിന് തക൪പ്പൻ മറുപടി നൽകുകയായിരുന്നു.
റ്യൻ ഗിഗ്സിനെ പുറത്തിരുത്തി റൂണിയെ യുനൈറ്റഡ് പ്ളേയിങ് ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ മൗറീന്യോ ചെൽസി നിരയിൽ ആന്ദ്രേ ഷു൪ലെക്കും കെവിൻ ഡി ബ്രൂയിനും ഇടം നൽകി. യുവാൻ മാറ്റയും ഡെംബാ ബായും കളത്തിലിറങ്ങിയില്ല.
കൊണ്ടും കൊടുത്തും ഇരു ഗോൾമുഖത്തേക്കും പന്ത് മാറി മാറി കയറിയിറങ്ങിയെങ്കിലും ഉറച്ച അവസരങ്ങൾ തുറന്നെടുക്കുന്നതിൽ യുനൈറ്റഡും ചെൽസിയും കാര്യമായി വിജയിച്ചില്ല. ഇരുധ്രുവങ്ങളിലും കാവൽനിരകൾ നിതാന്ത ജാഗ്രത പാലിച്ചപ്പോൾ ഗോളിമാ൪ കാര്യമായി പരീക്ഷിക്കപ്പെട്ടതുമില്ല. റയോ ഫെ൪ഡിനാൻഡും നെമാൻയ വിദിച്ചും ചെങ്കുപ്പായക്കാരുടെ ഡിഫൻഫിൽ പഴുതടച്ചു പ്രതിരോധിച്ചപ്പോൾ ചെൽസി മിഡ്്ഫീൽഡ൪ ഓസ്കറിന് രണ്ടു തവണ അവസരം ലഭിച്ചെങ്കിലും ഡേവിഡ് ഡി ഗീ അനായാസം പന്തു പിടിച്ചെടുത്തു. മറുവശത്ത് റോബിൻ വാൻ പെഴ്സിക്ക് ലഭിച്ച ഗോളവസരത്തിൽ പന്ത് വലയുടെ പുറത്താണ് പതിച്ചത്. റൂണി ഒരു തവണ വല ലക്ഷ്യമിട്ടെങ്കിലും ദു൪ബല ഷോട്ട് പീറ്റ൪ ചെക്കിന് കാര്യമായ വെല്ലുവിളി ഉയ൪ത്തിയില്ല.
രണ്ടാം പകുതിയിൽ റൂണി ഒരുക്കിക്കൊടുത്ത മികച്ച അവസരത്തിൽ പത്തു വാരക്കുള്ളിൽനിന്ന് ഡാനി വെൽബെക്കിൻെറ ഷോട്ട് പുറത്തേക്ക് നീങ്ങി. ടോം ക്ളെവെ൪ലിയുടെ ഷോട്ട് ബോക്സിനുള്ളിൽ ഫ്രാങ്ക് ലാംപാ൪ഡിൻെറ കൈളിൽ തട്ടിയതിന് യുനൈറ്റഡ് പെനാൽറ്റി കിക്കിന് അവകാശ വാദം ഉന്നയിച്ചെങ്കിലും റഫറി ഗൗനിച്ചില്ല.
ഗോൾരഹിത സമനിലയോടെ മൂന്നു കളികളിൽ ഏഴു പോയൻറുമായി ചെൽസിയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
