കണ്ണീരുണങ്ങാത്ത ചാല ദുരന്തത്തിന് ഒരാണ്ട്; പാഴ്വാക്കുകള്‍ക്കും
text_fieldsകണ്ണൂ൪: അഴീക്കൽ കോസ്റ്റ് ഗാ൪ഡ് സ്റ്റേഷൻ എസ്.ഐ രാജൻ ചാല ദുരന്തത്തിൽ വെന്തുമരിക്കുമ്പോൾ കൂടെ കരിഞ്ഞുപോയ മറ്റൊരു കരളുണ്ടായിരുന്നു. പതിനെട്ടുകാരിയായ മകൾ നിഹാരാജ്. ഏക മകളെയും ഭ൪ത്താവിനെയും നഷ്ടപ്പെട്ട ഭാര്യ ഇന്ദുലേഖക്ക് വിധിച്ചത് 40 ശതമാനം വെന്തുരുകിയ ശരീരമാണ്. അതിൻെറ നീറ്റൽ ഇപ്പോഴും മാറിയിട്ടില്ലാത്ത ഇന്ദുലേഖയുടെ ഉള്ളിലെ മറ്റൊരു ഗദ്ഗദമാവുകയാണ് സ൪ക്കാറിൻെറ പാഴ്വാക്ക്.
പൊലീസ് ഉദ്യോഗസ്ഥൻെറ ഭാര്യയെന്ന നിലയിൽ വകുപ്പ് തലത്തിൽ ആശ്രിത ജോലി നേടുകയെന്നത് ഇന്ദുലേഖക്ക് കൂടുതൽ വിയ൪പ്പൊഴുക്കേണ്ടതില്ലാത്ത അവകാശമാണ്. പക്ഷേ, ഭ൪ത്താവിൻെറ ജീവന് പകരം കിട്ടുന്ന ജോലി സ്വീകരിക്കാൻ പാകപ്പെടാത്ത വ്രണിതമനസ്സ് പൊലീസ് അധികൃത൪ക്ക് അനുഗ്രഹമായതു പോലെ! ഒരു ദുരന്തത്തിൽ വെന്തുരുകിയ സ്ത്രീക്ക് കിട്ടേണ്ട സ൪വീസ് അവകാശം കൈനീട്ടി നൽകാനുള്ള ഒൗദാര്യ മനസ്സോടെ ഇതുവരെയും ഒരു പൊലീസ് അധികാരിയും അവരെ സമീപിച്ചിട്ടില്ല. ഇന്ദുലേഖയുടെ സഹോദരൻ മുൻകൈയെടുത്ത് രേഖകൾ ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് സമ൪പ്പിച്ചതൊഴിച്ചാൽ ഒരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല.
ആശ്രിത൪ക്ക് ജോലി നൽകുമെന്ന സ൪ക്കാ൪ വാഗ്ദാനം നടപ്പാക്കുന്നതിൻെറ പ്രാഥമിക നടപടി ദുരന്ത ഗ്രാമത്തിന് ഇനിയും പരിചിതമല്ല. ആശ്രിത൪ക്ക് ജോലി നൽകുന്നതിന് അതിൻെറ രേഖകൾ പോലും ശേഖരിക്കാനാവാത്ത വിധം 20 പേ൪ വെന്തുമരിച്ച ഈ ദുരന്തത്തിൻെറ തുട൪ നടപടിയിൽ നിന്ന് മുഖം തിരിഞ്ഞു നിൽക്കുകയാണെന്നാണ് ഗ്രാമത്തിലെ പരിഭവം. ദുരന്തത്തിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും എല്ലാം ചേ൪ന്ന് നൽകിയ വാഗ്ദാനങ്ങളിൽ പലതും ബാക്കിതന്നെ.
കേരളം കണ്ട ഏറ്റവും വലിയ ഗ്യാസ് ടാങ്ക൪ ദുരന്തമായിരുന്നു ചാലയിലേത്. 2012 ആഗസ്റ്റ് 27ന് രാത്രി 11ന് ചാലയിൽ ടാങ്ക൪ പൊട്ടിത്തെറിച്ച് 20 പേരാണ് മരിച്ചത്. 2009 ഡിസംബ൪ 31ന് കരുനാഗപ്പള്ളിയിൽ ടാങ്ക൪ പൊട്ടിത്തെറിച്ച് 12 പേ൪ മരിച്ചതാണ് അതിനുമുമ്പ് നടന്ന ഏറ്റവും വലിയ ദുരന്തം. ദുരന്തത്തിൻെറ ഒന്നാമാണ്ട് ഓ൪മപ്പെടുത്തുന്ന ചടങ്ങുകൾ ഇവിടെ പലരും സംഘടിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഓ൪മകളോട് വിടപറയാനാവാത്ത വേദനയുമായി പല കുടുംബവും ഇവിടെ നിന്ന് കഴിഞ്ഞ ദിവസം മാറി. ഭാര്യയും ഭ൪ത്താവും രണ്ട് ആൺമക്കളും ഒരു മരുമകളും ചേ൪ന്ന അഞ്ച് പേരുടെ കൂട്ടമരണം കണ്ട ദേവി നിവാസിൻെറ വാതിലുകൾ അടഞ്ഞു കിടക്കുകയാണ്. ശേഷിച്ച കുടുംബാംഗങ്ങൾക്ക് ദുരന്തവാ൪ഷികത്തിൽ ദു$ഖം പങ്കുവെക്കാൻ വരുന്നവരെ സ്വീകരിക്കാനുള്ള മനക്കരുത്തില്ല. അതുകൊണ്ടാണ് ദൂരെ മാറിയത്. കൊട്ടാരത്തിൽ റംലയും ഭ൪ത്താവ് റസാഖും രണ്ട് മക്കളും മരിച്ച വീടകം കാക്കുന്നത് റംലയുടെ അനുജത്തി താഹിറയും മക്കളുമാണ്. റംലയുടെ അവശേഷിച്ച രണ്ട് ആൺമക്കളും ഗൾഫിലാണ്. ഇളയവന് ജോലിയില്ല. പക്ഷേ, നാട്ടിൽ വന്ന് വീടും നാടും കാണാവുന്ന ശക്തിയില്ല.ദുരന്തത്തിൽ ശരീരമാകെ വെന്തുരുകിയ ചായക്കടക്കാരൻ സി.പി.ബാബുരാജ് ഇപ്പോൾ ചാലയിലെ മറ്റൊരു കടയിൽ ജോലി ചെയ്യുകയാണ്. 55 ദിവസം പരിയാരത്ത് ചികിത്സിച്ചുവെങ്കിലും ഇനിയും മരുന്ന് കഴിക്കേണ്ട സ്ഥിതിയാണെന്ന് ബാബുരാജ് പറയുന്നു. തുട൪ ചികിത്സയുടെ കാര്യം അന്ന് സ൪ക്കാ൪ പറഞ്ഞതല്ലാതെ ഒരു സംവിധാനവും ഉണ്ടാക്കിയിട്ടില്ല. 40 ശതമാനം പൊള്ളലേറ്റ ഇന്ദുലേഖയുടെ ശരീരത്തിലെ വ്രണങ്ങൾ ഉണങ്ങിയതേ ഉള്ളൂ. പരുപരുപ്പും വൈകൃതവുമുള്ള ശരീരത്തിന് ഇനി ലേസ൪ ചികിത്സ വേണമെന്ന് ഡോക്ട൪മാ൪ നി൪ദേശിച്ചിരുന്നു. ഭീമമായ ചെലവ് വരുന്ന ഈ ചികിത്സക്ക് അവ൪ക്ക് ഒറ്റക്ക് കെൽപില്ല. ദുരന്തമുണ്ടായ ചാല മുതൽ കണ്ണൂ൪ നഗരംവരെ വികസിപ്പിക്കുന്ന പത്ത് കോടിയുടെ പദ്ധതി മുതൽ പലതും വാഗ്ദാനത്തിലൊതുങ്ങി നിൽക്കുമ്പോഴാണ് ഇന്ന് ദുരന്തത്തിൻെറ ഒരാണ്ട് പൂ൪ത്തിയാകുന്നത്. ആശ്രിത൪ക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസം മന്ത്രി കെ.സി.ജോസഫ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഇനിയും കുറ്റപത്രം സമ൪പ്പിക്കാത്തതിലും പ്രതിഷേധമുയ൪ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
