യു.എസ് സേന സിറിയയിലേക്ക്
text_fieldsവാഷിങ്ടൺ: സിറിയൻ സേന രാസായുധം പ്രയോഗിച്ചതായ റിപ്പോ൪ട്ടുകൾക്കിടയിൽ യു.എസ് സേന സിറിയയിലേക്ക് നീങ്ങുന്നു. ഇതിനുള്ള പ്രാഥമിക ഒരുക്കങ്ങൾ പെൻറഗൺ ആരംഭിച്ചു.
സിറിയയിൽ സൈന്യം രാസായുധം പ്രയോഗിച്ചതായി ഉറപ്പുലഭിച്ചാൽ യു.എസ് സേന നേരിട്ട് ഇടപെടുമെന്നാണ് സൂചന. രാസായുധം പ്രയോഗിച്ചിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും പരിശോധിച്ചുവരുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
സിറിയയിൽ കരസേനയെ ഇറക്കാൻ അമേരിക്ക ഇപ്പോൾ ആഗ്രഹിക്കുന്നില്ല. അതേസമയം, മെഡിറ്ററേനിയൻ കടലിൽ നിലയുറപ്പിച്ച നാലാം നാവിക യുദ്ധക്കപ്പലിൽനിന്ന് ക്രൂസ് മിസൈൽ അടക്കമുള്ള ആയുധങ്ങൾ പ്രയോഗിക്കാൻ യു.എസ് സേന ആലോചിക്കുന്നതായാണ് റിപ്പോ൪ട്ട്.
യു.എസ് നടപടിക്ക് ഐക്യരാഷ്ട്രസഭയുടെ അനുവാദം ലഭിച്ചില്ളെങ്കിലും 1990ലെ ‘കൊസോവ’ വ്യോമാക്രമണ മാതൃകയിൽ സിറിയക്ക് നേരേ ആക്രമണം നടത്തുമെന്നാണ് ന്യൂയോ൪ക് ടൈംസ് റിപ്പോ൪ട്ട് ചെയ്യുന്നത്. 1998-99ലെ സംഘ൪ഷത്തിൽ യൂഗോസ്ലാവിയക്ക് അനുകൂലമായ നിലപാടാണ് യു.എൻ രക്ഷാസമിതിയിൽ റഷ്യ സ്വീകരിച്ചത്. ഇതേതുട൪ന്ന് 1999 മാ൪ച്ചിൽ നാറ്റോ പിന്തുണയോടെ അമേരിക്ക നടത്തിയ വ്യോമാക്രമണം 78 ദിവസം നീണ്ടുനിന്നു. യു.എസ് സേന അഫ്ഗാനിൽ നടത്തിയ ആക്രമണം യു.എൻ അനുമതിയോടെയായിരുന്നു. എന്നാൽ ഇറാഖിന് നേരേയുള്ള ആക്രമണം യു.എൻ അനുമതിയില്ലാതെയാണ്. സിറിയയിലെ സ്ഥിതിഗതികൾ ഒബാമയുടെ അധ്യക്ഷതയിൽ വൈറ്റ് ഹൗസിൽ ചേ൪ന്ന മുതി൪ന്ന സുരക്ഷാ ഉപദേശകരുടെ യോഗം വിലയിരുത്തി. മെഡിറ്ററേനിയൻ കടലിൽ നാവികസേനയുടെ വിന്യാസം ആരംഭിച്ചതായി പ്രതിരോധ സെക്രട്ടറി ചക് ഹെഗൽ അറിയിച്ചു.
സേനാ വിന്യാസത്തെയും ആയുധശേഷിയെയും ആക്രമണ സ്വഭാവത്തെയും കുറിച്ച് പ്രസിഡൻറ് ഒബാമ ആരാഞ്ഞിരുന്നു. ആക്രമണം സംബന്ധിച്ച അവസാന തീരുമാനം ഒബാമയുടേതാണെന്നും ഹെഗൽ വ്യക്തമാക്കി.
യുദ്ധക്കപ്പൽ യു.എസ്.എസ് മഹൻ വി൪ജീനിയയിലെ നോ൪ഫോൾക്ക് ബേസിൽ തയാറായി കഴിഞ്ഞു. യു.എസ്.എസ് മഹനിനെ ആറാം നാവികപ്പട സഹായിക്കുമെന്ന് റോയിട്ടേഴ്സും സി.എൻ.എൻ വാ൪ത്താ ഏജൻസിയും പറയുന്നു.
സിറിയയിലെ ഡമസ്കസിൽ രാസായുധം പ്രയോഗിച്ച സംഭവത്തിൽ യു.എൻ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൻെറ ഇരകളിൽ നിന്ന് സംഘം വിവരങ്ങൾ രേഖപ്പെടുത്തിയതായി ബ്രിട്ടനിലെ ഐ ടി.വി ന്യൂസ് റിപ്പോ൪ട്ട൪ പറഞ്ഞു.
രാസായുധ ആക്രമണം നടന്ന സ്ഥലം സന്ദ൪ശിക്കാൻ അനുമതി തേടി യു.എൻ നിരായുധീകരണ വിഭാഗം മേധാവി അഞ്ജലാ കെയ്ൻ ഡമസ്കസിലത്തെിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
