Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2013 4:24 PM IST Updated On
date_range 22 Aug 2013 4:24 PM ISTസുഗന്ധവിള ഗവേഷണകേന്ദ്രത്തിന്‍െറ പേരില്‍ നിയമന തട്ടിപ്പ്; യുവതിക്കെതിരെ സി.ബി.ഐ അന്വേഷണം
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്രസ൪ക്കാ൪ സ്ഥാപനമായ കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൻെറ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസ൪ച്ച്) പേരിൽ ലക്ഷങ്ങളുടെ നിയമന തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ സി.ബി.ഐ അന്വേഷണം. കോഴിക്കോട് ചെലവൂരിലെ സ്ഥാപനത്തിൽ മുൻ താൽക്കാലിക ജീവനക്കാരിയായ കോഴിക്കോട് കുറ്റിക്കാട്ടൂ൪ സ്വദേശിനി ഇടിയപ്പാത്ത് വീട്ടിൽ ഐ. സുരഭി കൃഷ്ണക്കെതിരെയാണ് (24) എറണാകുളത്തെ സി.ബി.ഐയുടെ അഴിമതി നിരോധവിഭാഗം അന്വേഷണം നടത്തുന്നത്.
വ്യാജ ലെറ്റ൪ഹെഡ് ഉപയോഗിച്ച് നിയമന വാഗ്ദാനം നൽകി പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ഗവേഷണ കേന്ദ്ര ഡയറക്ടറുടെ പരാതിയിൽ ചേവായൂ൪ പൊലീസ് അന്വേഷണം നടത്തിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുട൪ന്നാണ് രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
സുരഭി വ്യാജ ലെറ്റ൪ഹെഡിൽ നിയമന ഉത്തരവ് നൽകിയ യുവാവ് എൽ.ഡി ക്ള൪ക്ക് തസ്തികയിൽ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇതുവരെ 21 ലക്ഷം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച പരാതികൾ ഗവേഷണ കേന്ദ്രത്തിൽ എത്തിയിട്ടുണ്ട്.
വൊക്കേഷനൽ ഹയ൪സെക്കൻഡറി കോഴ്സ് പാസായ ശേഷം യുവതി ഇവിടെ അപ്രൻറീസായും പിന്നീട് കരാ൪ വ്യവസ്ഥയിലും രണ്ടുവ൪ഷത്തിലധികം ജോലി ചെയ്തിരുന്നു. കരാ൪ തീ൪ന്നതോടെ ഇവ൪ പുറത്തായി. ഇതിനുശേഷം ഐ.ഐ.എസ്.ആറിൻെറ എംബ്ളം പതിച്ച രസീത് നൽകി പലരിൽനിന്നും നിയമനത്തിൻെറ പേരിൽ പണം തട്ടിയെന്നാണ് പരാതി.
പണം വാങ്ങിയപ്പോൾ കൊടുത്ത രസീതുമായി ഏതാനും പേ൪ ഐ.ഐ.എസ്.ആ൪ ഡയറക്ടറെ നേരിൽകണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിൻെറ വ്യാപ്തി മനസ്സിലാക്കിയത്. തോട്ടം വികസിപ്പിക്കുന്നതിന് ധനസഹായം നൽകാമെന്ന് വാഗ്ദാനം നൽകിയും ഇവ൪ പലരിൽനിന്നും പണം പിരിച്ചതിൻെറ രസീത് ഉണ്ടെന്ന് ഐ.ഐ.എസ്.ആ൪ വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു. കരാ൪ വ്യവസ്ഥയിൽ ഡാറ്റാ എൻട്രി ഓപറേറ്ററായി ജോലിചെയ്യവെ സംഘടിപ്പിച്ച ലെറ്റ൪ഹെഡ് സ്കാൻ ചെയ്ത് കൂടുതൽ കോപ്പികൾ തയാറാക്കിയതാണെന്ന് സംശയിക്കുന്നു.
ലക്ഷങ്ങൾ നൽകി എൽ.ഡി ക്ള൪ക്ക് തസ്തികയിൽ യുവാവ് നേടിയ നിയമന ഉത്തരവിൽ സ്ഥാപനത്തിൻെറ എംബ്ളവും ഡയറക്ടറുടെ ഒപ്പുമുണ്ട്. ഇതിനുശേഷം നിരവധി പേ൪ ഓഫിസിൽ പരാതിയുമായി എത്തിയെങ്കിലും ആരും പൊലീസിൽ പരാതിപ്പെടാൻ തയാറായിട്ടില്ല. കൈക്കൂലി കൊടുക്കുന്നതും ക്രിമിനൽ കുറ്റമായതിനാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്നാണ് പൊലീസിൽ പരാതിപ്പെടാൻ ആരും തയാറാവാത്തതത്രെ. സ്ഥാപന ഡയറക്ട൪ രേഖാമൂലം നൽകിയ പരാതിയിൽ ചേവായൂ൪ പൊലീസ് സുരഭിയെ ചോദ്യം ചെയ്തിരുന്നു. മെഡിക്കൽ കോളജ് പൊലീസിൻെറ സാന്നിധ്യത്തിൽ പരാതിക്കാരുമായി പ്രശ്നം ഒത്തുതീ൪ത്തെന്ന ഇവരുടെ മൊഴി വിശ്വസിച്ച് തുടരന്വേഷണം മരവിപ്പിക്കുകയായിരുന്നു. കേസ് ഒതുക്കിത്തീ൪ക്കാൻ രാഷ്ട്രീയ സമ്മ൪ദം നടന്നതായും പറയുന്നു.
ലക്ഷങ്ങളുടെ നിയമന തട്ടിപ്പ് സംബന്ധിച്ച് കേസെടുത്ത് ക൪ശന നടപടി സ്വീകരിക്കണമെന്ന് ഐ.ഐ.എസ്.ആ൪ വക്താക്കൾ ആവശ്യപ്പെട്ടെങ്കിലും പണം നഷ്ടപ്പെട്ടവ൪ പരാതി നൽകാൻ മടിക്കുകയാണെന്ന് പൊലീസ് പറയുന്നു. വ്യാജരേഖ ചമച്ചതടക്കം ഗുരുതര ക്രിമിനൽ കുറ്റങ്ങൾ ചെയ്തിട്ടും യുവതിയുടെ മൊഴി വിശ്വസിച്ച് ഒത്തുതീ൪പ്പുണ്ടാക്കിയതിൽ ദുരൂഹതയുണ്ടെന്ന് ഐ.ഐ.എസ്.ആ൪ ജീവനക്കാ൪ ആരോപിച്ചു.
സി.ബി.ഐ അന്വേഷണത്തോടെ കുറ്റക്കാരിയെ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് ജീവനക്കാ൪. അതേസമയം, അന്വേഷണത്തിൻെറ വിശദാംശങ്ങൾ വെളിപ്പെടുത്താൻ എറണാകുളം സി.ബി.ഐ വിഭാഗം തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
