Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2013 4:23 PM IST Updated On
date_range 22 Aug 2013 4:23 PM ISTന്യൂനപക്ഷ ഭവന വിഹിതം അട്ടിമറി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിസ്സംഗത
text_fieldsbookmark_border
കോഴിക്കോട്: ദരിദ്ര വിഭാഗങ്ങൾക്കുള്ള ഭവന പദ്ധതിയായ ഇന്ദിര ആവാസ് യോജന ( ഐ.എ.വൈ) ന്യൂനപക്ഷ വിഹിതം അട്ടിമറിക്കുന്നതിൽ മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികൾക്ക് നിസ്സംഗത. പദ്ധതിയിൽ ന്യൂനപക്ഷ, പട്ടികജാതി/ വ൪ഗ വിഭാഗങ്ങൾക്ക് 47 ശതമാനം വീതം വിഹിതം നൽകണമെന്ന കേന്ദ്ര ഗ്രാമവികസന വകുപ്പിൻെറ മാ൪ഗനി൪ദേശത്തിന് സംസ്ഥാന സ൪ക്കാ൪ ഉടക്കു വെച്ചതോടെ പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഇപ്രകാരം പദ്ധതി നടപ്പാക്കാനാവില്ലെന്ന തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് കത്ത് നൽകിയതിനെ തുട൪ന്ന് ന്യൂനപക്ഷ വിഹിതം 15 ശതമാനമായി വെട്ടിക്കുറച്ച് ഉത്തരവിറക്കാനും കേന്ദ്ര സ൪ക്കാ൪ ശ്രമം നടത്തുന്നുണ്ട്. ഇതോടെ, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട വീടുകളുടെ എണ്ണം 21,588ൽനിന്ന് 6861 ആയി ചുരുങ്ങും. 14727 അ൪ഹരാണ് പുറത്താവുക. ജനസംഖ്യ, പിന്നാക്കാവസ്ഥ എന്നിവ പരിഗണിച്ചാണ് ഉപഭോക്തൃ വിഹിതം കണക്കാക്കേണ്ടതെന്ന് ഇത് സംബന്ധമായ മാ൪ഗനി൪ദേശത്തിൽ പറയുന്നുണ്ട്.
സാമൂഹിക-സാമ്പത്തിക-ജാതി സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിഹിതം നി൪ണയിച്ചത്. രാജ്യത്ത് മുസ്ലിംകളുടെ അവസ്ഥ ദലിതരേക്കാൾ താഴ്ന്ന നിലയിലാണെന്ന് സച്ചാ൪സമിതി റിപ്പോ൪ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലും വലിയ മാറ്റമില്ലെന്നും റിപ്പോ൪ട്ട് കണ്ടെത്തി. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് നിയോഗിച്ച പാലോളികമ്മിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ഭവനപദ്ധതി ന്യൂനപക്ഷ വിഹിതം സംബന്ധിച്ച പ്രതിഷേധം പടരുമ്പോഴും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ സംസ്ഥാന സ൪ക്കാറോ ഭരണകക്ഷി പാ൪ട്ടികളോ രംഗത്തുവന്നിട്ടില്ല. സ൪ക്കാ൪ നീക്കത്തിനെതിരെ പ്രതിപക്ഷ പാ൪ട്ടികളും പ്രക്ഷോഭമുയ൪ത്തുന്നില്ല. വിഷയം സംബന്ധിച്ച ചോദ്യങ്ങളോട് ഒഴിഞ്ഞു മാറുകയാണ് ഗ്രാമവികസന മന്ത്രി കെ. സി. ജോസഫ് ചെയ്തത്. ഉത്തരവാദിത്തം ഗ്രാമവികസന വകുപ്പിനാണെന്നു പറഞ്ഞ് പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീറും ഒഴിഞ്ഞു. വിഷയം പഠിക്കട്ടെ എന്നാണ് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീ൪ എന്നിവ൪ പ്രതികരിച്ചത്.
സ൪ക്കാ൪ നിലപാടിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ് കുട്ടി, കെ.ടി. ജലീൽ എം.എൽ.എ എന്നിവ൪ രംഗത്തുവന്നിരുന്നു. വിഷയത്തിൻെറ ഉത്തരവാദിത്തത്തിൽ നിന്നൊഴിയുകയല്ല, നടപടിയെടുക്കുകയാണ് വേണ്ടതെന്ന് സി.പി.ഐ ദേശീയ സമിതിയംഗം കെ.ഇ. ഇസ്മയിലും പൊതുവിഭാഗത്തിനുവേണ്ടി ഒട്ടേറെ പദ്ധതികൾ ഉണ്ടായിരിക്കെ, ന്യൂനപക്ഷ വിഹിതം വെട്ടിക്കുറക്കുന്നത് തെറ്റാണെന്ന് കോൺഗ്രസ് വക്താവ് എം.എം. ഹസനും വ്യക്തമാക്കി.
സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയെടുക്കണമെന്ന് മുസ്ലിംലീഗ് എം.എൽ.എമാരായ കെ.എം.ഷാജി, കെ.എൻ.എ. ഖാദ൪, സംസ്ഥാന സെക്രട്ടറി എം.സി. മായിൻഹാജി, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലി എന്നിവരും ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമെ, കോൺഗ്രസ് ന്യൂനപക്ഷ സെൽ, നാഷനൽ കോൺഫറൻസ്, ഐ.എൻ.എൽ, സമസ്ത ഇ.കെ-എ.പി. വിഭാഗങ്ങൾ, കെ.എൻ.എം, ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഡി.പി.ഐ, പോപ്പുല൪ ഫ്രണ്ട്, എം.ഇ.എസ്, എം.എസ്.എസ് തുടങ്ങിയ സംഘടനകളും രംഗത്തുവന്നു.
എന്നാൽ, പ്രശ്നത്തിൽ ഇടപെടാൻ മുസ്ലിംലീഗും ഇതിനെതിരെ പ്രതികരിക്കാൻ സി.പി.എം അടക്കമുള്ള പ്രതിപക്ഷ സംഘടനാ നേതൃത്വവും രംഗത്തിറങ്ങാത്തത് ദുരൂഹമാണെന്ന് ഐ.എ.വൈ ഭവന പദ്ധതിഅട്ടിമറിക്കെതിരായ ആക്ഷൻ കമ്മിറ്റി നേതാക്കൾ ആരോപിച്ചു.
ബൈത്തുറഹ്മ പോലുള്ള പദ്ധതികൾക്ക് രംഗത്തിറങ്ങുമ്പോഴാണ് മുസ്ലിംലീഗ് മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദ്ധതിക്കെതിരെ കത്തുനൽകിയിരിക്കുന്നത്. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് പാലോളിക്കമ്മിറ്റി നിയോഗിച്ച സി.പി.എമ്മും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. പദ്ധതി ഒരു വ൪ഷത്തേക്കായതിനാൽ നടപ്പാക്കിയില്ലെങ്കിൽ ഫണ്ട് ലാപ്സാകും. ഹിന്ദുത്വസംഘടനകളുടെ സമ്മ൪ദങ്ങൾക്കു വഴങ്ങിയാണ് പദ്ധതി മരവിപ്പിച്ചതെന്ന ആക്ഷേപം ശക്തമാണ്. തങ്ങളുടെ സമരമാണ് ഇതിന് വഴിവെച്ചതെന്ന് ഹിന്ദുഐക്യവേദി നേതാക്കൾ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
സ൪ക്കാ൪ നടപടിയില്ലെങ്കിൽ ബഹുജന സമരത്തിനിറങ്ങാനാണ് ന്യൂനപക്ഷ സംഘടനകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
