കൊച്ചി രാജാവിന്റെ കൊട്ടാരം ഗരിമ തിരിച്ചുപിടിക്കുന്നു
text_fieldsന്യൂദൽഹി: തലസ്ഥാന നഗരിയിലുള്ള കൊച്ചി രാജാവിൻെറ കൊട്ടാരത്തിൻെറ ഗരിമയും പ്രൗഢിയും തിരിച്ചുപിടിക്കാൻ പദ്ധതി. കേരള ഹൗസിനോട് ചേ൪ന്ന് കിടക്കുന്ന കൊച്ചി ഹൗസ് മോടി കൂട്ടാനുള്ള പദ്ധതിക്കാണ് ഭരണപരമായ അനുമതി ലഭിച്ചത്. പുനരുദ്ധാരണത്തിൻെറ ശിലാസ്ഥാപനം മുഖ്യമന്ത്രി 19ന് നി൪വഹിക്കും.
ദൽഹിയിലെ പഴയ ലുട്ടൻസ് ബംഗ്ളാവ് സോണിലാണ് ഇരുപതാം നൂറ്റാണ്ടിൻെറ ശിൽപകലാ ചാതുര്യമുള്ള ഈ ബംഗ്ളാവ്. പ്രമുഖ പത്രപ്രവ൪ത്തകനും എഴുത്തുകാരനുമായ ഖുശ്വന്ത് സിങ്ങിൻെറ അച്ഛൻ ശോഭൻ സിങ്ങിൽ നിന്ന് കൊച്ചി രാജാവ് വാങ്ങിയതാണ് ഈ ബംഗ്ളാവ്. ‘വൈകുണ്ഠം’ എന്നായിരുന്നു അന്ന് കൊച്ചി ഹൗസിൻെറ പേര്. പൈതൃക മൂല്യമുള്ള കെട്ടിടമായതിനാൽ അപകടാവസ്ഥയിലായിട്ടും പൊളിച്ചുപണിയാൻ പുരാവസ്തുവകുപ്പ് കേരളസ൪ക്കാറിന് അനുമതി നൽകിയിരുന്നില്ല. നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പുനരുദ്ധാരണത്തിന് അനുമതി ലഭിച്ചത്. 2011ലാണ് നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള പദ്ധതി എന്ന നിലയിൽ ന്യൂദൽഹി മുനിസിപ്പൽ കൗൺസിൽ മുമ്പാകെ അപേക്ഷ സമ൪പ്പിച്ചത്.
അഗ്നിശമനസേനാ വകുപ്പ്, ദൽഹി അ൪ബൻ ആ൪ട്ട് കമീഷൻ (ഡി.യു.എ.സി), ഹെറിറ്റേജ് കൺസ൪വേഷൻ കമ്മിറ്റി (എച്ച്.സി.സി) എന്നിവയുടെ അനുമതി നേടാൻ രണ്ടുവ൪ഷമെടുത്തു. കൊച്ചിഹൗസിൻെറ പിറകിലെ അനുബന്ധ കെട്ടിടത്തിൻെറ നി൪മാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചുണ്ണാമ്പ് മിശ്രിതത്തിൽ വാ൪ത്ത കൊട്ടാരത്തിൻെറ പഴയ ഗരിമ നിലനി൪ത്തി ബലപ്പെടുത്തുന്നതാണ് പദ്ധതി. ഇടിഞ്ഞുതക൪ന്ന മേൽക്കൂരയും ഭിത്തികളും മച്ചും പരമ്പരാഗത കുമ്മായക്കൂട്ട് ഉപയോഗിച്ച് തേക്കുകയാണ് ചെയ്യുകയെന്ന് ആ൪ക്കിടെക്ട് അബ്ദുൽ ബാരി പറഞ്ഞു. പുരാതനകാലത്തെ കെട്ടിടം സംരക്ഷിക്കുന്നതിനെക്കാൾ സാഹസമാണ് നിലവിൽ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്ന മന്ദിരം പുനരുദ്ധരിക്കുകയെന്ന് ആ൪ക്കിടെക്ട് പറഞ്ഞു. റസിഡൻറ് കമീഷണ൪, അഡീഷനൽ റസിഡൻറ് കമീഷണ൪ എന്നിവരുടേതടക്കം ദൽഹിയിലെ കേരള ഹൗസിൻെറ പല പ്രധാന ഓഫിസുകളും ഇവിടെയാണ്. അന്ത൪ദേശീയ മാനദണ്ഡമനുസരിച്ചായിരിക്കും അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവ൪ത്തനങ്ങളും നടത്തുകയെന്ന് ബാരി തുട൪ന്നു.
പുനരുദ്ധാരണ ഭാഗമായി കെട്ടിടത്തിൽ നനവ് തട്ടുന്ന ഭാഗങ്ങൾ പിറകിലെ അനുബന്ധ മന്ദിരത്തിലേക്ക് മാറ്റുകയും പൈതൃക മന്ദിരത്തിൻെറ പിറകിലെ മുറ്റം ഹരിതാഭമാക്കുകയും ചെയ്യും. ഓഫിസിൻെറ സുഗമമായ പ്രവ൪ത്തനങ്ങൾക്കുതകുന്ന രീതിയിൽ ലഭ്യമായ സ്ഥലം പുന$ക്രമീകരിക്കും. പരമ്പരാഗത കുമ്മായക്കൂട്ട് ഉപയോഗിച്ച് കെട്ടിടത്തിൻെറ മേൽക്കൂര ജലസംരക്ഷിതമാക്കും. പദ്ധതി പൂ൪ത്തിയായാൽ പൈതൃക സംരക്ഷണ വിദഗ്ധൻെറ ശിപാ൪ശ പ്രകാരം വ൪ഷന്തോറും പരിപാലനത്തിനുള്ള സ്ഥിരം സംവിധാനം ഏ൪പ്പെടുത്തും. ഒന്നര വ൪ഷത്തിനകം പദ്ധതി പൂ൪ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് റസിഡൻറ് കമീഷണ൪ ഗ്യാനേഷ് കുമാ൪ പറഞ്ഞു.
1.81 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സ൪ക്കാ൪ നേരത്തേ ഭരണാനുമതി നൽകിയിരുന്നു. 19 ന് രാവിലെ 11.30 ന് ന്യൂദൽഹി കേരള ഹൗസ് അങ്കണത്തിൽ പദ്ധതിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നി൪വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
