ഭക്ഷ്യസുരക്ഷാ ബില്‍: കേരളത്തില്‍ രണ്ടേകാല്‍ കോടി ആളുകള്‍ക്ക് റേഷന്‍ നഷ്ടമാകും
text_fieldsകോട്ടയം: ഭക്ഷ്യസുരക്ഷാ ബിൽ നിയമമാകുന്നതോടെ കേരളത്തിൽ രണ്ടേകാൽ കോടി ആളുകൾക്ക് റേഷൻ ഭക്ഷ്യധാന്യത്തിന് അ൪ഹത നഷ്ടപ്പെടും. സംസ്ഥാനത്തിന് ലഭിക്കുന്ന റേഷൻ വിഹിതം 48 ശതമാനത്തോളം കുറയാൻ ഇടയാക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് ഗുരുതര ഭക്ഷ്യധാന്യ ദൗ൪ലഭ്യവും വിലക്കയറ്റവും സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിൽ റേഷന് അ൪ഹതയുള്ളവ൪ ജനസംഖ്യയുടെ 38.5 ശതമാനമായി ചുരുങ്ങും.
കേരളത്തിൽ 1.84 കോടി ആളുകൾ (42.12 ലക്ഷം റേഷൻ കാ൪ഡുകൾ) എ.പി.എൽ സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിലും 79.9 ലക്ഷം പേ൪ (18.22 ലക്ഷം കാ൪ഡുകൾ) സാധാരണ എ.പി.എൽ വിഭാഗത്തിലും 73 ലക്ഷം പേ൪ (1.46 ലക്ഷം കാ൪ഡുകൾ) ബി.പി.എൽ വിഭാഗത്തിലും 27.57 ലക്ഷം പേ൪ (5.95 ലക്ഷം കാ൪ഡുകൾ) അന്ത്യോദയ വിഭാഗത്തിലുമാണ്. എ.പി.എൽ സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിന് പ്രതിമാസം ഒമ്പത് കിലോ അരിയും രണ്ട് കിലോ ഗോതമ്പും എ.പി.എല്ലിന് 10 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും ബി.പി.എല്ലിന് 25 കിലോ അരിയും 10 കിലോ ഗോതമ്പും അന്ത്യോദയക്ക് 35 കിലോ അരി എന്ന രീതിയിലാണ് റേഷൻ വിതരണം. ബിൽ നടപ്പാകുന്നതോടെ മുൻഗണന വിഭാഗത്തിൽപ്പെടുന്ന 1.13 കോടി ആളുകളിൽ ഒരാൾക്ക് അഞ്ച് കിലോ എന്ന തോതിൽ 56600 മെട്രിക് ടൺ അരിയും 5.95 ലക്ഷം വരുന്ന അന്ത്യോദയ വിഭാഗത്തിൽ കാ൪ഡ് ഒന്നിന് 35 കിലോ പ്രകാരം 20853 മെട്രിക് ടൺ അരിയും കിലോക്ക് മൂന്ന് രൂപ നിരക്കിൽ ലഭിക്കും. റേഷൻ വിഹിതത്തിന് അ൪ഹരായവ൪ 1.4 കോടി മാത്രമായി ചുരുങ്ങുന്നു എന്നതാണ് നിയമത്തിൻെറ സവിശേഷത. ബാക്കി 2.25 കോടി ആളുകൾക്ക് പൂ൪ണമായും റേഷൻ നിഷേധിക്കപ്പെടും.
നിലവിൽ 14 മെട്രിക് ടൺ അരിയും 3.73 ലക്ഷം ഗോതമ്പുമാണ് ലഭിച്ചുവരുന്നത്. ബിൽ നിയമമാകുന്നതോടെ ഈ വിഹിതം 9.29 ലക്ഷം മെട്രിക് ടൺ അരി മാത്രമായി ചുരുങ്ങും. റേഷൻ വിഹിതമായി കേരളത്തിന് ഗോതമ്പ് ഉണ്ടാകില്ല. ഇങ്ങനെയാണ് നിലവിലെ റേഷൻ വിഹിതത്തിൽ 48 ശതമാനം കുറവ് വരുന്നത്. കേന്ദ്രവിഹിതത്തിലെ വെട്ടിക്കുറവ് തിരിച്ചറിഞ്ഞ് ബില്ലിനെതിരെ തമിഴ്നാട് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ബിൽ നടപ്പാക്കാൻ സന്നദ്ധമായ സംസ്ഥാനങ്ങളിൽ നിലവിൽ 75 ശതമാനം വരെ ബി.പി.എൽ വിഭാഗമായതിനാൽ മൊത്തവിഹിതം ഗണ്യമായി കുറയുന്നില്ല. റേഷൻധാന്യ ലഭ്യത കുറയുന്നതോടെ കേരളത്തിലെ പൊതു വിപണിയിൽ അരി വില ഇരട്ടിയായി ഉയരും. സംസ്ഥാനത്തിന് ഗോതമ്പ് വിഹിതമില്ലാത്തത് വൻകിട മില്ലുകൾക്ക് ആട്ട, മൈദ എന്നിവ യഥേഷ്ടം വിലകൂട്ടി വിൽക്കാൻ അവസരമൊരുക്കും. അമ്മമാ൪,ഗ൪ഭിണികൾ,14 വയസ്സുവരെയുള്ള കുട്ടികൾ എന്നിവ൪ക്ക് ബില്ലിൽ സൗജന്യ ഭക്ഷണം വ്യവസ്ഥ ചെയ്യുമ്പോഴും അതിനുള്ള ചെലവുകൾ സംസ്ഥാനവും കേന്ദ്രവും സംയുക്തമായി വഹിക്കണമെന്ന വ്യവസ്ഥ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന സ൪ക്കാ൪ ശക്തമായി ഇടപെട്ട് ബില്ലിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തില്ളെങ്കിൽ കേരളത്തിൻെറ പൊതുവിതരണ സംവിധാനം പൂ൪ണമായും തകരുമെന്നാണ് ഈ രംഗത്തുള്ളവ൪ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
