കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അൽ ഹമദ് അസ്വബാഹിൻെറ നേതൃത്വത്തിൽ കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽവന്നു. ഇതുസംബന്ധിച്ച അമീരി വിളംബരം അമീ൪ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹ് ഞായറാഴ്ച പുറപ്പെടുവിച്ചു. മന്ത്രിസഭാംഗങ്ങൾ അമീ൪ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രിയടക്കം 16 അംഗങ്ങളാണ് കുവൈത്തിൻെറ 33ാം മന്ത്രിസഭയിലുള്ളത്. രണ്ട് വനിതകളും രാജകുടുംബത്തിൽ നിന്ന് ഏഴുപേരും മന്ത്രിസഭയിൽ ഇടം പിടിച്ചു. മുൻ മന്ത്രിസഭയിലെ ആഭ്യന്തര, പ്രതിരോധ, ധനകാര്യ, കമ്യൂണിക്കേഷൻ, എണ്ണ മന്ത്രിമാ൪ക്ക് സ്ഥാന ചലനം സംഭവിച്ചു. ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ശൈഖ് മുഹമ്മദ് ഖാലിദ് അൽ ഹമദ് അസ്വബാഹിനെ നിയമിച്ചു. ലഫ്. ജനറൽ ശൈഖ് ഖാലിദ് അൽ ജ൪റാഹ് അസ്വബാഹാണ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും. ഉപ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി ശൈഖ് സാലിം അബ്ദുൽ അസീസ് അൽ സൗദ് അസ്വബാഹും കമ്യൂണിക്കേഷൻ മന്ത്രിയായി ഈസ അഹ്മദ് അൽ കന്ദരിയും എണ്ണ മന്ത്രിയായി മുസ്തഫ ജാസിം അൽ ശിമാലിയും നിയമിതനായി.
കാബിനറ്റ് കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്വബാഹിന് ആരോഗ്യ മന്ത്രാലയത്തിൻെറയും ഭവനകാര്യ മന്ത്രി സാലിം മുതീബ് അൽ ഉതൈനക്ക് മുനിസിപ്പൽ കാര്യ മന്ത്രായത്തിൻെറയും ചുമതല കൂടി നൽകി. മുൻ മന്ത്രിസഭയിലെ വനിതാ അംഗങ്ങളായ തൊഴിൽ-സാമൂഹിക കാര്യ മന്ത്രി ദിക്റ ആഇദ് അൽ റശീദിയും ആസൂത്രണ-വികസന, പാ൪ലമെൻററി കാര്യ മന്ത്രി ഡോ. റോള അൽ ദശ്തിയും സ്ഥാനം നിലനി൪ത്തി. മുൻ മന്ത്രിസഭയിലെ മറ്റു മന്ത്രിമാരെല്ലാം തൽസ്ഥാനത്ത് തുടരുകയാണ്.