ബ്ളേഡ് രാജാക്കന്മാരുടെ സ്വന്തം പൊലീസ്
text_fieldsകോഴിക്കോട്ടെ ബ്ളേഡ് പലിശയുടെ ആസ്ഥാനം ബാലുശ്ശേരിയാണ്. എത്ര കോടി വേണമെങ്കിലും തൽക്ഷണം കിട്ടാൻ മലപ്പുറം, കണ്ണൂ൪ ജില്ലകളിലെ വ്യാപാരികളും വ്യവസായികളും വണ്ടി കയറുന്നത് ബാലുശ്ശേരിയിലേക്കാണ്. പൊലീസ് സ്റ്റേഷന് 500 മീറ്റ൪ അകലെ പാലക്കുളം പി.എം. ചാക്കോ എന്ന ബ്ളേഡ് രാജാവിനെ മിക്കവ൪ക്കുമറിയാം.
അദ്ദേഹത്തിൻെറ പലിശക്കെണിയിലകപ്പെട്ട് വഴിയാധാരമായവ൪ നൂറുകണക്കിന്. പല കുടുംബങ്ങളും ആത്മഹത്യ ചെയ്തു. പണം പലിശക്ക് നൽകുമ്പോൾ ബ്ളാങ്ക് ചെക്കും മറ്റ് രേഖകളും മാത്രംപോരാ ചാക്കോക്ക് വായ്പാ തുകയുടെ മൂന്നിരട്ടി വിലയുള്ള ഭൂമി അദ്ദേഹത്തിൻെറ പേരിൽ പലിശക്കു വാങ്ങുന്ന ആളുടെ ചെലവിൽ രജിസ്റ്റ൪ ചെയ്തുകൊടുക്കണം. ഇത്തരം ബ്ളേഡ് ഇടപാട് കോഴിക്കോട്ട് മാത്രമാണ് നടക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥ൪ പറയുന്നു. പണം തിരിച്ചടക്കുമ്പോൾ ഭൂമി ഉടമസ്ഥനുതന്നെ തിരിച്ചു രജിസ്റ്റ൪ ചെയ്തുകൊടുക്കുമെന്ന് വാക്കാൽ ഉറപ്പുനൽകും. എന്നാൽ, പലിശ അടക്കുന്നത് മുടങ്ങിയാൽ ചാക്കോ ഭൂമി മറിച്ചുവിൽക്കും. ചിലപ്പോൾ മകൻെറയോ മകളുടെയോ പേരിലേക്ക് മാറ്റും. പത്തു ലക്ഷം വാങ്ങിയ കടക്കാരൻ അതിൻെറ ഇരട്ടി പലിശ മാത്രമായി നൽകിയാലും ചാക്കോ ഭൂമി തിരിച്ചുനൽകില്ല.
ബാലുശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, പേരാമ്പ്ര, നടുവണ്ണൂ൪, വെസ്റ്റ്ഹിൽ, മീഞ്ചന്ത, കോഴിക്കോട്, ചേളന്നൂ൪ തുടങ്ങിയ സബ് രജിസ്ട്രാ൪ ഓഫിസുകളിൽ അഞ്ഞൂറിലേറെ ഭൂമി ഇടപാടുകളാണ് ചാക്കോയുടെ പേരിൽ മാത്രം നടന്നതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, കൂരാച്ചുണ്ട് സബ് രജിസ്ട്രാ൪ ഓഫിസിൽ മാത്രം 200ൽപരം ഭൂമി ഇടപാടുകൾ ചാക്കോയുടെ പേരിൽ നടന്നതായി അനൗദ്യോഗിക വിവരമുണ്ട്. മകൻെറയും ഭാര്യയുടെയും മറ്റ് ബിനാമികളുടെയും പേരിൽ നടക്കുന്ന ഭൂമി രജിസ്ട്രേഷന് പുറമെയാണിത്.
ചാക്കോയുമായി ഇടപാട് നടത്തി ഭൂമി നഷ്ടപ്പെട്ടവരിലേറെയും ഇടത്തരക്കാരാണ്. ബാലുശ്ശേരി പൊലീസിലാണ് പരാതിയുമായി ഇരകളത്തെുക. പൊലീസിന് പക്ഷേ, കേസെടുക്കാൻ താൽപര്യമുണ്ടാവില്ല. പരാതിക്കാരെ പലതും പറഞ്ഞ് തിരിച്ചയക്കും. സി.ഐ മുതൽ കമീഷണ൪ വരെയുള്ളവ൪ക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനാൽ ഉണ്ണികുളം ആനപ്പാറയിലെ അബ്ദുൽ മജീദ് എന്ന ഇര ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും വിജിലൻസിനും പരാതി നൽകി.
ഒടുവിൽ ബാലുശ്ശേരി പൊലീസ് (ക്രൈം നമ്പ൪ 393/11) മണി ലെൻഡേഴ്സ് ആക്ട് പ്രകാരം കേസെടുത്തു. എന്നാൽ, ഈ കേസിൽ കൃത്യമായി അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ളെന്ന് കാണിച്ച് മജീദ് രണ്ട് വ൪ഷമായി ഉന്നത പൊലീസ് ഓഫിസ൪മാ൪ക്കും ആഭ്യന്തരമന്ത്രിക്കും പരാതി അയച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, സുപ്രീംകോടതിയിൽനിന്ന് ചാക്കോക്ക് മുൻകൂ൪ ജാമ്യം നേടാൻ പൊലിസ് അവസരമൊരുക്കുകയും ചെയ്തു.
ചാക്കോ ഒളിവിലാണെന്നും കണ്ടത്തൊൻ കഴിയുന്നില്ളെന്നുമാണ് ബാലുശ്ശേരി പൊലീസ് പരാതിക്കാരനെ അറിയിക്കാറുള്ളത്. അറസ്റ്റ് ചെയ്യാൻ നിരന്തരം പരിശ്രമം നടത്തിയെന്നും മൊബൈൽ ടവ൪ ലൊക്കേഷൻ കേന്ദ്രീകരിച്ചും മറ്റ് തെളിവ് ശേഖരണത്തിൻെറ അടിസ്ഥാനത്തിലും അന്വേഷണം നടത്തിയെങ്കിലും പിടികൂടാൻ കഴിയുന്നില്ളെന്ന് 2012 ഏപ്രിൽ 30ന് മജീദിന് ബാലുശ്ശേരി സി.ഐ രേഖാമൂലം അറിയിപ്പ് നൽകി. എന്നാൽ, ബാലുശ്ശേരി പൊലീസ് ‘പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച’ ചാക്കോ 2012 ജൂലൈ 15ന് 540/11 നമ്പ൪ കേസിൽ അന്യായക്കാരനായി പേരാമ്പ്ര കോടതിയിൽ ഹാജരായി. ഒന്നും സംഭവിച്ചില്ല.
ചാക്കോയുടെ ഭൂമി തട്ടിപ്പിൻെറ വിവരങ്ങൾ കാട്ടി മജീദ് 2011ൽ ഹൈകോടതിയിൽ പരാതിനൽകി. ഡിവിഷൻ ബെഞ്ച് ഇത് പൊതുതാൽപര്യ ഹരജിയായി പരിഗണിച്ചിരിക്കുകയാണ്. ഇതിൽ മറ്റ് ഇരകൾക്ക് വേണമെങ്കിൽ കക്ഷിചേരാം. ഭൂമിയും മാനവും നഷ്ടപ്പെട്ടവ൪ കേസുമായി നടക്കാൻ സാധിക്കാത്തതിനാൽ ആരും കക്ഷിചേരാൻ പോയിട്ടില്ല. സുപ്രീംകോടതിയിലെ ഉന്നത അഭിഭാഷകരെവെച്ചാണ് ചാക്കോ നിയമ നടപടി സ്വീകരിക്കുക. ഇത് നേരിടാൻ കെൽപില്ലാത്തവരാണ് ഇരകൾ.
ഇതിനിടെ, ചാക്കോക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിട്ടുവെന്ന് താമരശ്ശേരി ഡിവൈ.എസ്.പി ജയ്സൺ കെ. അബ്രഹാം പരാതിക്കാരനായ മജീദിനെ അറിയിച്ചിരുന്നു. പക്ഷേ, ആ അറിയിപ്പിനപ്പുറം ഒരു നടപടിയുമുണ്ടായില്ളെന്ന് മജീദ് പറയുന്നു.
കോട്ടയം ജില്ലയിൽ ബ്ളേഡ് മാഫിയകളുടെ 70 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയെന്നും 14 കേസുകൾ എടുത്തെന്നും ജില്ലാ പൊലീസ് ചീഫ് എം.പി. ദിനേശ് അറിയിച്ചു. സാധാരണ പൊലീസ് സ്റ്റേഷനുകളിൽനിന്ന് ഒരേസമയം, രണ്ടുകേന്ദ്രങ്ങളിലും വലിയ സ്റ്റേഷനുകളിൽനിന്ന് മൂന്ന് കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
ബ്ളേഡുകാരെയും കൊള്ളപ്പലിശക്കാരെയും അകത്താക്കുമെന്ന പ്രഖ്യാപനവുമായി പൊലീസ് നടത്തിയ ശ്രമങ്ങൾ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ മാത്രം ഒതുങ്ങിയെന്ന പരാതിയുമുണ്ട്. തിരുവനന്തപുരം നഗരത്തിൽ ‘ഓപറേഷൻ ബ്ളേഡ്’ എന്നും റൂറലിൽ ‘ഓപറേഷൻ കുബേര’ എന്നും പേരുകളിട്ട് പൊലീസ് ചില കൊള്ളപ്പലിശക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തി. അത്തരത്തിൽ നെയ്യാറ്റിൻകരയിലെ പലിശക്കാരൻെറ വീട്ടിൽനിന്ന് പണവും രേഖകളുമെല്ലാം പിടിച്ചെടുത്തു. പൊലീസിൻെറ നടപടി കണ്ട് പലിശക്കാരന് മോഹാലസ്യം വന്നു. ഉടൻ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, പലിശക്കാരൻ തലസ്ഥാനത്തെ മുന്തിയ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടു. അങ്ങനെ പഞ്ചനക്ഷത്ര ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി. ഒപ്പം വിട്ടതോ ഒരു പൊലീസുകാരനെ മാത്രവും. രാത്രിയോടെ ആശുപത്രിയിൽനിന്ന് പലിശക്കാരൻ മുങ്ങി. അതോടെ, അന്വേഷണവും നിലച്ചു.
ഇത്തരത്തിൽ ബ്ളേഡ് മാഫിയയും പൊലീസും രാഷ്ട്രീയക്കാരും റിയൽ എസ്റ്റേറ്റ്-ഫ്ളാറ്റ് നി൪മാണക്കാരും ചേ൪ന്ന ഒരു വൻ മാഫിയയാണ് സംസ്ഥാനത്തുള്ളത്.
തലസ്ഥാനത്ത് ചാലയിലെ ഒരു വ്യാപാരി ഒരു പലിശക്കാരനിൽനിന്ന് ആറു ലക്ഷം വായ്പയെടുത്തു. മുതലടച്ച് തീ൪ന്നിട്ടും പലിശയിനത്തിൽ കടം വാങ്ങിയതിനേക്കാൾ ഇരട്ടി തുക അടക്കണമെന്ന ആവശ്യം പലിശക്കാരൻ ഉന്നയിച്ചു. പിന്നീടത് ഭീഷണിയായതിനാൽ എ.ഡി.ജി.പി എ. ഹേമചന്ദ്രന് പരാതി അയച്ചു. ഇത്തരം നിരവധി പരാതികൾ ലഭിച്ചതിനാൽ എ.ഡി.ജി.പി നടത്തിയ പ്രാഥമികാന്വേഷണത്തിൽ പൊലീസുകാ൪ ഉൾപ്പെട്ട വൻ സംഘമാണ് പിന്നിലെന്ന് വ്യക്തമായി. അതിൻെറ അടിസ്ഥാനത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചില൪ക്കെതിരെ കേസെടുക്കുകയും ചെയ്തു.
തുട൪ന്ന്, എ.ഡി.ജി.പി നി൪ദേശിച്ചതിൻെറ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണ൪ പി. വിജയൻെറ നേതൃത്വത്തിൽ പൊലീസ് ബ്ളേഡുകാരുടെ വീട്ടിൽ റെയ്ഡ് നടത്താൻ തീരുമാനിച്ചു. പൊലീസിൽ ഒറ്റുകാരുണ്ടെന്ന് അറിയാവുന്ന കമീഷണ൪ പുല൪ച്ചെ അടിയന്തര യോഗം വിളിച്ചശേഷമായിരുന്നു റെയ്ഡിനിറങ്ങിയത്. അതിനാൽ, അത് വിജയംകണ്ടു. ഗുണ്ടാത്തലവന്മാരായ പുത്തൻപാലം രാജേഷ്, ഗുണ്ടുകാട് സാബു ഉൾപ്പെടെയുള്ളവ൪ പിടിയിലായി. എന്നാൽ, ഇവരിൽ ചില൪ മണിക്കൂറുകൾക്കകം പുറത്തിറങ്ങിയെന്നത് സത്യം. എറണാകുളത്തും പലിശക്കാരെ സഹായിക്കുന്ന പൊലീസുകാ൪ കുറവല്ല. പലിശക്കാ൪ക്കായി എഫ്.ഐ.ആറിൽ വരെ കൃത്രിമം കാണിക്കുന്ന പൊലീസുകാരുണ്ട്. അടുത്തിടെ ഇത്തരം ഒരു കേസിൽ എസ്.ഐയെ അന്വേഷണ വിധേയമായി കൊച്ചി റേഞ്ച് ഐ.ജി കെ. പത്മകുമാ൪ സസ്പെൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ വട്ടിപ്പലിശക്കാരന്, വീട്ടിൽനിന്ന് കണ്ടെടുത്ത വ്യാജപ്രമാണങ്ങൾ മറച്ചുവെച്ച്, രക്ഷപ്പെടാൻ അവസരമൊരുക്കിയ കേസിലാണ് നടപടി.
കൊള്ളപ്പലിശ സംഘങ്ങളുടെ പറുദീസയാണ് കൊല്ലം ജില്ലാ ആസ്ഥാനവും ഗ്രാമങ്ങളും. കൊല്ലം സിറ്റി പൊലീസ് കഴിഞ്ഞ ഡിസംബ൪ അവസാനമാണ് അന്വേഷണം തുടങ്ങുന്നത്. ആയിരവും പതിനായിരവും മാത്രമല്ല, ലക്ഷക്കണക്കിന് രൂപ ദിവസവും പലിശക്ക് നൽകി വൻലാഭമുണ്ടാക്കുന്ന സംഘങ്ങൾ ഏറെക്കാലമായി ഇവിടെ വിഹരിക്കുന്നു. പലിശ ഇടപാടിലൂടെ പലരും കോടീശ്വരന്മാരായതായും അന്വേഷണത്തിൽ ബോധ്യമായി.
ഇടുക്കിയിൽ ബ്ളേഡ് കാരണം ജോലി പോയ ഒരു ‘പാവ’ത്തെ കാണാം. രാജാക്കാട് എസ്.ഐയാണദ്ദേഹം. പലിശക്കാരനു കേസിൽനിന്നു രക്ഷപ്പെടാൻ പണംവാങ്ങി പഴുതൊരുക്കിയെന്നതിനാണ് എസ്.ഐ കെ.എൽ. സണ്ണിയെ മാ൪ച്ചിൽ സസ്പെൻഡ് ചെയ്തത്. ബൈസൺവാലി സ്വദേശി ബൈജുവെന്ന പലിശക്കാരനെ റിമാൻഡ് ചെയ്യാതിരിക്കാനാണ് എസ്.ഐ ഒത്താശചെയ്തത്. ബൈജുവിൻെറ വീട്ടിൽനിന്ന് 40ൽ അധികം അനധികൃത പണമിടപാടു രേഖകൾ കണ്ടെടുത്തിരുന്നു. ബെജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് സ്റ്റേഷൻപരിധിയിൽ ആയതിനാൽ തുട൪നടപടികൾക്കായി പിടിച്ചെടുത്ത രേഖകളും മറ്റും എസ്.ഐയെ ഏൽപിച്ചു. എന്നാൽ, കോടതിക്കു കൈമാറാൻ തയാറാക്കിയ റിപ്പോ൪ട്ടിൽ പിടിച്ചെടുത്ത മുദ്രപത്രങ്ങളും മറ്റു പണമിടപാടു രേഖകളും ഇടംപിടിച്ചില്ല. കേസ് ദു൪ബലപ്പെടുത്തി പ്രതിയെ സംരക്ഷിച്ചെന്ന പരാതിയിലാണ് എസ്.ഐ സസ്പെൻഷനിലായത്.
പൊലീസ് മിക്കയിടത്തും ബ്ളേഡ് മാഫിയകൾക്കൊപ്പമായതിനാൽ ഇവരുടെ കെണിയിൽപെടുന്നവ൪ക്ക് മോചനം അകലെയാണ്. രാഷ്ട്രീയക്കാ൪, അഭിഭാഷക൪ എന്നിവരുമായി ചേ൪ന്ന് ‘ബ്ളേഡ് നെറ്റ്വ൪ക്’ അതിശക്തമാണ്. മാഫിയകളുടെ നീരാളി പിടിത്തത്തിൽനിന്ന് ജനങ്ങൾ മോചിതരാകണമെങ്കിൽ ഒന്നുകിൽ ക൪ശന നിയമങ്ങൾ ഉണ്ടാക്കുകയും ഉള്ള നിയമങ്ങൾ ശക്തമാക്കുകയും വേണം. അതിന് സാധ്യത കുറവാണ്. മറിച്ചുള്ള ഏക സാധ്യത ജനങ്ങൾ സ്വയം ബ്ളേഡ് മാഫിയക്കെതിരെ രംഗത്തുവരുകയാണ്.
(തയാറാക്കിയത്: ബിജു ചന്ദ്രശേഖ൪, ബിനു ഡി., ഷാജിലാൽ, ടി. ജുവിൻ, കള൪കോട് ഹരികുമാ൪, നിസാ൪ പുതുവന, സക്കീ൪ ഹുസ്സയിൻ, എം. ഷിയാസ്, സി. മുഹമ്മദലി, അക്ബറലി പുതുനഗരം, വി. മുഹമ്മദലി, പി. ഷംസുദ്ദീൻ, രവീന്ദ്രൻ രാവണേശ്വരം, സൂപ്പി വാണിമേൽ.
സങ്കലനം: ആ൪.കെ. ബിജുരാജ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
