കണ്ണൂ൪: നഗരത്തിലും പരിസരത്തും വാടക വീട് അന്വേഷിച്ചെത്തുന്നവ൪ ശ്രദ്ധിക്കുക. കാര്യം സാധിക്കാൻ നിങ്ങൾ അൽപം ബുദ്ധിമുട്ടും. പുറത്തു നിന്നുള്ള ജോലിക്കാരുടെ എണ്ണം കൂടിയിട്ടും നഗരത്തിൽ വാടകക്കു താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ തീരെ കുറവാണ്. സ്ഥലം മാറിയും മറ്റും
ജോലിക്കുവേണ്ടി എത്തുന്ന ഉദ്യോഗസ്ഥരെയും അധ്യാപകരെയുമൊക്കെയാണ് വീടില്ലാ പ്രശ്നം ഏറെ അലട്ടുന്നത്.
ഇനി സാഹസപ്പെട്ട് വീട് ഒപ്പിച്ചെടുത്താൽ തന്നെ വാടക കേട്ട് ഞെട്ടേണ്ടി വരും. താങ്ങാനാവാത്ത സംഖ്യയാണ് വാടകയിനത്തിൽ ഈടാക്കുന്നത്.
അത്യാവശ്യം സൗകര്യങ്ങളുമായി കുടുംബസമേതം താമസിക്കാൻ പറ്റുന്ന വീടിന് കുറഞ്ഞത് 10,000 രൂപയെങ്കിലും വാടക നൽകണം. ഇതിൻെറ അഞ്ചു മുതൽ പത്തിരട്ടി വരെ സെക്യൂരിറ്റി തുകയായും നൽകണം.
മുകളിലെ മുറികൾ മാത്രമാണ് എടുക്കുന്നതെങ്കിലും സൗകര്യങ്ങൾക്കനുസരിച്ച് എട്ടായിരം മുതലാണ് വാടക.
കുടുംബങ്ങളല്ലാതെ താമസിക്കുന്നവ൪ക്ക് മുറി ലഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും വേണ്ട. പേയിങ് ഗസ്റ്റുകളെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്ന രീതിയും നഗരവാസികൾക്കില്ലാത്തതിനാൽ വിദ്യാ൪ഥിനികളും നഴ്സുമാരുമൊക്കെ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഫ്ളാറ്റുകൾ വാടകക്കു ലഭിക്കുമെങ്കിലും പതിനായിരത്തിനു മുകളിലേക്കാണ് വാടക ഈടാക്കുന്നത്.
നഗരത്തിൽ ഒരു വ൪ഷം വാടക കൊടുക്കുന്ന പണമുണ്ടെങ്കിൽ ഉൾനാട്ടിൽ അഞ്ചു സെൻറ് സ്ഥലം വാങ്ങിക്കാമെന്നതാണ് സ്ഥിതി.
പ്രതിവ൪ഷം അഞ്ചു ശതമാനം വാടക വ൪ധിപ്പിക്കാമെന്നാണ് നിയമമെങ്കിലും ഇരുപതു ശതമാനത്തിലധികമാണ് പല ഉടമകൾ ഓരോ വ൪ഷവും കൂട്ടുന്നത്. ഇത് എതി൪ത്താൽ വീട് ഒഴിയാൻ പറയുകയും ചെയ്യും.
കോ൪പറേഷൻ പദവിയുള്ള കോഴിക്കോടും കൊച്ചിയിലും സൗകര്യങ്ങളുള്ള വീടുകൾക്ക് കണ്ണൂരിൽ നൽകുന്നതിലും കുറവു വാടക നൽകിയാൽ മതി.
നഗരസഭയുടെ പരിധിക്കു പുറത്തു വീട് അന്വേഷിച്ചാലും അമിത തുക തന്നെയാണ് നൽകേണ്ടത്. വാടക വീടുകളുടെ അമിത വാടക നിയന്ത്രിക്കുന്നതിനുള്ള നടപടികളുണ്ടാവാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.