ബട് ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമല്ല: ശഹ്സാദ് അഹമ്മദ് കുറ്റക്കാരനെന്ന് ദല്‍ഹി കോടതി
text_fieldsന്യൂദൽഹി: ജാമിഅ മില്ലിയ്യ വിദ്യാ൪ഥികളായ ആതിഫ് അമീൻ (24), മുഹമ്മദ് സാജിദ് (19) എന്നിവ൪ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട പ്രമാദമായ ദൽഹി ബട്ല ഹൗസ് ഏറ്റുമുട്ടൽ വ്യാജമാണെന്ന വാദം ദൽഹി കോടതി തള്ളി. സംഭവ സ്ഥലത്തുവെച്ച് ഏറ്റുമുട്ടൽ വിദഗ്ധൻ മോഹൻചന്ദ് ശ൪മയെ കൊലപ്പെടുത്തിയതിൽ ശഹ്സാദ് അഹ്മദ് കുറ്റക്കാരനാണെന്നും കോടതി വിധിച്ചു.
ദൽഹി സാകേത് കോടതിയിലെ അഡീഷനൽ സെഷൻസ് ജഡ്ജി രാജേന്ദ൪ കുമാ൪ ശാസ്ത്രിയുടേതാണ് ദൽഹി പൊലീസിന് ക്ളീൻചിറ്റ് നൽകുന്ന വിധി. ഉത്ത൪പ്രദേശിലെ അഅ്സംഗഢ് സ്വദേശിയായ ശഹ്സാദിനുള്ള ശിക്ഷ ഈ മാസം 29ന് വിധിക്കും. സംഭവസ്ഥലത്തില്ലാത്ത ശഹ്സാദിനെ കുറ്റക്കാരനായി വിധിച്ച വിചാരണ കോടതിയുടെ നടപടി അംഗീകരിക്കില്ളെന്നും മേൽകോടതിയിൽ അപ്പീൽ നൽകുമെന്നും ശഹ്സാദിൻെറ കുടുംബവും മനുഷ്യാവകാശ പ്രവ൪ത്തകരും അറിയിച്ചു.
2008 സെപ്റ്റംബ൪ 13ന് ദൽഹിയിലെ കരോൾബാഗ്, കൊണാട്ട്പ്ളേസ്, ഗ്രേറ്റ൪ കൈലാഷ്, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടന പരമ്പരക്ക് പിന്നിൽ പ്രവ൪ത്തിച്ച ഇന്ത്യൻ മുജാഹിദീൻ പ്രവ൪ത്തക൪ ജാമിഅ നഗ൪ ബട്ല ഹൗസ് പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ദൽഹി പൊലീസ് വെടിവെപ്പ് നടത്തിയത്. ഇന്ത്യൻ മുജാഹിദീൻ പ്രവ൪ത്തക൪ എൽ-18 കെട്ടിടത്തിലെ 108ാം നമ്പ൪ ഫ്ളാറ്റിൽ താമസിക്കുന്നുണ്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ ചെന്നപ്പോൾ തങ്ങൾക്കുനേരെ വെടിവെപ്പുണ്ടായെന്നും തുട൪ന്ന് തിരിച്ച് വെടിവെച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം. സ്ഫോടനക്കേസിലെ പ്രതികളെന്ന് ദൽഹി പൊലീസ് ആരോപിച്ച മുഹമ്മദ് ആതിഫ് അമീനും മുഹമ്മദ് സാജിദും ദൽഹി പൊലീസ് സ്പെഷൽ സെല്ലിലെ ഏറ്റുമുട്ടൽ വിദഗ്ധനായ ഓഫിസ൪ എം.സി. ശ൪മയും സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. ആതിഫും സാജിദും വെടിവെപ്പ് തുടങ്ങിയപ്പോൾ ശ൪മക്ക് വെടിയേറ്റെന്നും തുട൪ന്ന് ആത്മരക്ഷക്ക് തങ്ങൾ തിരിച്ചുവെടിവെച്ചുവെന്നുമാണ് പൊലീസ് കോടതിയിൽ വാദിച്ചത്. വെടിവെപ്പ് നടന്നപ്പോൾ ശഹ്സാദും മറ്റൊരു പ്രതിയായ ജുനൈദും ഫ്ളാറ്റിൻെറ ബാൽക്കണിയിൽനിന്ന് ചാടി ഓടിരക്ഷപ്പെട്ടുവെന്നും ഒരു വ൪ഷത്തിനുശേഷം ശഹ്സാദിനെ കസ്റ്റഡിയിലെടുത്തുവെന്നും ജുനൈദ് ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് ബോധിപ്പിച്ചു. സംഭവം നടന്ന ഫ്ളാറ്റിൽനിന്ന് മുഹമ്മദ് സെയ്ഫ് എന്ന യുവാവിനെക്കൂടി പൊലീസ് പിടികൂടിയിരുന്നെങ്കിലും വെടിവെപ്പ് നടക്കുമ്പോൾ ബാത്റൂമിലായിരുന്നുവെന്നും സമാധാനപരമായി കീഴടങ്ങിയെന്നും പറഞ്ഞ് ഏറ്റുമുട്ടൽ കേസിൽ അവനെ പ്രതിചേ൪ത്തില്ല. സ്ഫോടനക്കേസിൽ പിന്നീട് പ്രതിചേ൪ത്ത സെയ്ഫ് ഇപ്പോൾ സബ൪മതി ജയിലിലാണ്.
അതേസമയം, വെടിവെപ്പിനുശേഷം ഓടിരക്ഷപ്പെട്ടവരെന്ന് ദൽഹി പൊലീസ് പറയുന്ന ശഹ്സാദും ജുനൈദും ഫ്ളാറ്റിലേ ഉണ്ടായിരുന്നില്ളെന്നാണ് സബ൪മതി ജയിലിൽനിന്ന് വീഡിയോ കോൺഫറൻസ് വഴി കോടതിക്ക് നൽകിയ മൊഴി. ഫ്ളാറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലാവരെയും എന്തിനാണെന്നുപോലും പറയാതെ പൊലീസ് തോക്കിൻമുനയിൽ പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും മുഹമ്മദ് സെയ്ഫ് ബോധിപ്പിച്ചു. പുല൪ച്ചെ തോക്കുചൂണ്ടി തന്നെ ഫ്ളാറ്റിൽനിന്ന് ഇറക്കിക്കൊണ്ടുവരുമ്പോൾ വെടിയൊച്ച കേട്ടുവെന്നും അതിനുശേഷം മുഖം മൂടിക്കെട്ടി തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുകയായിരുന്നുവെന്നും സെയ്ഫ് കോടതിയിൽ പറഞ്ഞു. കുറ്റം സമ്മതിച്ച് സമാധാനപരമായി കീഴടങ്ങിയ ഇന്ത്യൻ മുജാഹിദീൻ പ്രവ൪ത്തകനാണെന്ന ദൽഹി പൊലീസിൻെറ വാദവും സെയ്ഫ് കോടതിയിൽ നിഷേധിച്ചിരുന്നു.
വെടിവെപ്പ് നടന്ന ഫ്ളാറ്റിൽനിന്ന് പിടികൂടിയ സെയ്ഫിൻെറ മൊഴി തള്ളിക്കളഞ്ഞാണ് ദൽഹി പൊലീസ് ഇൻസ്പെക്ട൪ ശ൪മയുടെ കൊലപാതകത്തിൽ ശഹ്സാദ് അഹ്മദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തെിയത്. ശഹ്സാദ് വെടിവെപ്പ് നടന്ന സമയത്ത് ബട്ല ഹൗസ് പ്രദേശത്തുണ്ടായിരുന്നില്ളെന്ന പ്രതിഭാഗം അഭിഭാഷകൻെറ വാദം കോടതി തള്ളി. വെടിവെപ്പ് നടന്ന കെട്ടിടത്തിൻെറ ബാൽക്കണി ഗ്രിൽസ് കൊണ്ട് അടച്ചതിനാൽ ചാടാൻ കഴിയില്ളെന്നും കെട്ടിടത്തിൻെറ പിറകുവശത്തുനിന്ന് താഴോട്ട് ചാടിയാൽ തൽക്ഷണം മരിച്ചുപോകുമെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് നേരിട്ട് മനസ്സിലാക്കാൻ സംഭവം നടന്ന സ്ഥലം ജഡ്ജി പരിശോധിക്കണമെന്ന പ്രതിഭാഗത്തിൻെറ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, വിധി അംഗീകരിക്കില്ളെന്നും നീതിക്കായുള്ള നിയമയുദ്ധം തുടരുമെന്നും ബട്ല ഹൗസ് ഏറ്റുമുട്ടൽ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതിൽ പ്രധാന പങ്കുവഹിച്ച ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷൻ പ്രതിനിധി മനീഷ സേഥി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
