ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് മൊറട്ടോറിയം
text_fieldsന്യൂദൽഹി: രാജ്യത്ത് ജനിതകമാറ്റം വരുത്തിയ ഭക്ഷ്യ വിളകൾ പരീക്ഷിക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ശിപാ൪ശ ചെയ്തു.
മോളിക്കുലാ൪ ബയോളജി, ടോക്സികോളജി, ന്യൂട്രീഷൻ സയൻസ്, കാ൪ഷിക, ജൈവ വൈവിധ്യം മേഖലകളിലെ വിദഗ്ധരടങ്ങുന്ന സാങ്കേതിക വിദഗ്ധ സമിതി സമ൪പ്പിച്ച അന്തിമ റിപ്പോ൪ട്ടിലാണ് ശിപാ൪ശ. ഇത്തരം വിളകളുടെ ദീ൪ഘകാല സുരക്ഷിതത്വത്തെക്കുറിച്ച് കൃത്യമായ വിവരമില്ലാത്തതിനാലാണ് സമിതി മൊറട്ടോറിയത്തിന് ശിപാ൪ശ ചെയ്തത്.
ജനിതക മാറ്റം വരുത്തിയ വിളകളിൽ അന്ത൪ലീനമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച വിദഗ്ധ സമിതി അവക്ക് അംഗീകാരം നൽകുന്ന കാര്യത്തിൽ വളരെയധികം മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ് നൽകി.
ഇത്തരം വിളകൾ വാണിജ്യാടിസ്ഥാനത്തിൽ പരീക്ഷിക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ഇടക്കാല റിപ്പോ൪ട്ടിൽ ശിപാ൪ശ ചെയ്തിരുന്നതാണെന്ന് സമിതി അന്തിമ റിപ്പോ൪ട്ടിൽ ഓ൪മിപ്പിച്ചു. ജനിതക മാറ്റം വരുത്തിയ വിളകളുടെ ദീ൪ഘകാല സുരക്ഷിതത്വം തെളിയിക്കുന്ന പഠനങ്ങൾ പുറത്തുവരുന്നതു വരെ പരീക്ഷണങ്ങൾക്ക് വിലക്ക് തുടരണം.
അരി, വഴുതന, കടുക് തുടങ്ങി ഇന്ത്യ കേന്ദ്രീകരിച്ച് ഉൽപാദിപ്പിക്കുന്ന വിളകളുടെ ജനിതക മാറ്റം വരുത്തിയ ഇനങ്ങൾ അനുവദിക്കരുത്. ‘ഹെ൪ബിസൈഡ് ടോളറൻറ്’ വിളകൾ സുസ്ഥിര കൃഷിക്കും ഗ്രാമീണ ജീവിതോപാധികൾക്കും പരിസ്ഥിതിക്കും അങ്ങേയറ്റം ഹാനികരമാണെന്നും ഇന്ത്യൻ സാഹചര്യത്തിന് ഒട്ടും യോജിച്ചതല്ളെന്നും റിപ്പോ൪ട്ടിലുണ്ട്.
രാജ്യത്തിൻെറ ഭക്ഷ്യ ആവശ്യം നേരിടാൻ ജനിതക മാറ്റം വരുത്തിയ വിളകൾ അനിവാര്യമാണെന്ന നിലപാടിൽ കേന്ദ്ര കൃഷി മന്ത്രി ശരദ് പവാ൪ ഉറച്ചുനിൽക്കുമ്പോഴാണ് കോടതി നിയോഗിച്ച വിദഗ്ധ സമിതി അവയുടെ പരീക്ഷണം ഒഴിവാക്കാൻ ശിപാ൪ശ നൽകിയിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ ബിൽ അവതരിപ്പിച്ച മന്ത്രിസഭാ യോഗത്തിലും ശരദ് പവാ൪ തൻെറ നിലപാട് ശക്തമായി അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
