ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ ഇന്ന് സ്ഥാനമൊഴിയും
text_fieldsന്യൂദൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അൽതമാസ് കബീ൪ വ്യാഴാഴ്ച വിരമിക്കും. പുതിയ ചീഫ് ജസ്റ്റിസായി തമിഴ്നാട് സ്വദേശി പി. സദാശിവം വെള്ളിയാഴ്ച ചുമതലയേൽക്കും. 2012 സെപ്തംബ൪ 29നാണ് രാജ്യത്തെ 39ാമത് ചീഫ് ജസ്റ്റിസായി അൽതമാസ് അധികാരമേറ്റത്.
ബംഗാളിൽ ജനിച്ച അൽതമാസ് കൽക്കട്ട യൂനിവേഴ്സിറ്റിയലാണ് നിയമ പഠനം നടത്തിയത്. ട്രേഡ് യൂനിയൻ നേതാവായിരുന്ന അൽതമാസിൻെറ അഛൻ ജഹാംഗീ൪ കബീ൪, പശ്ചിമ ബംഗാളിലെ ബി.സി. റോയ്, പി.സി. സെൻ മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. 2005ൽ അൽതമാസ് ത്സാ൪ഖണ്ഡ് ഹൈകോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി. 2005 സെപ്തംബ൪ 9നാണ് സുപ്രീംകോടതി ജസ്റ്റിസായി നിയമിതനായത്.
മുൻഗാമിയായിരുന്ന എസ്.എച്ച്. കപാഡിയയെ പോലെ അൽതമാസ് കബീറും മിതഭാഷിയും മാധ്യമങ്ങളിൽ നിന്നും അകന്നു നിന്ന വ്യക്തിയായിരുന്നു. ഒമ്പത് മാസമാണ് അൽതമാസ് കബീ൪ ചീഫ് ജസ്റ്റിസ് പദവി വഹിച്ചത്. ഇക്കാലയളവിൽ സ്ത്രീ സുരക്ഷ സംബന്ധിച്ചും മനുഷ്യാവകാശവുമായി ബന്ധപ്പെട്ടും സുപ്രധാനമായ വിധികൾ അദ്ദേഹത്തിന്റെനേതൃത്വത്തിലുള്ള ബഞ്ച് പുറപ്പെടുവിച്ചു. കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികരെ വിചാരണ ചെയ്യാൻ കേരളത്തിന് അവകാശമില്ലെന്ന് വിധിച്ചത് അൽതമാസ് കബീറായിരുന്നു. കൂടാതെ, ക൪ണാടകയിലെ സ്വതന്ത്ര എം.എൽ.എമാരുടെ കേസും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സമാജ്വാദി പാ൪ട്ടി നേതാക്കളായ മുലായം സിങ് യാദവിനും മകൻ അഖിലേഷ് യാദവിനുമെതിരെ സി.ബി.ഐ അന്വേഷണം ശരിവെച്ചതും അൽതമാസ് കബീറിൻെറ നേതൃത്വത്തിലുള്ള ബഞ്ചായിരുന്നു.
എം.ബി.ബി.എസ്, ദന്തൽ പ്രവേശനത്തിന് ദേശീയ തലത്തിൽ ഏകീകൃത പരീക്ഷ വേണ്ടെന്ന വ്യാഴാഴ്ചത്തെ സുപ്രധാന വിധി പുറപ്പെടുവിച്ചതും അൽതമാസ് കബീറിൻെറ നേതൃത്വത്തിലുള്ള ബഞ്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
