തിരുവനന്തപുരം: പെട്രോൾ പമ്പിലെ ലോക്കറിൽ കത്തിയത് നോട്ടുകളല്ല; വെറും പേപ്പ൪. ആറര ലക്ഷത്തിൻെറ തട്ടിപ്പ് മറയ്ക്കാൻ പമ്പ് മാനേജരായ സ്ത്രീയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി പൊലീസ് അവരെ അറസ്റ്റ് ചെയ്തു. പാപ്പനംകോട് എസ്റ്റേറ്റ് റോഡ് പൂഴിക്കുന്ന് ടി.സി 1940/5 ചിത്തിരയിൽ വത്സല (45) ആണ് അറസ്റ്റിലായത്.
ജൂലൈ 11നാണ് ബാലരാമപുരം സ്വദേശി കുമരേശൻെറ ഭാര്യ വിജയലക്ഷ്മിയുടെ പേരിലുള്ള കൈമനത്തെ വിജയ ഫ്യൂവൽസ് പമ്പിലെ ലോക്കറിൽ എട്ട് ലക്ഷം രൂപ കത്തിനശിച്ചതായി കരമന സ്റ്റേഷനിൽ പരാതി പോയത്. ഒമ്പതാം തീയതിയിലെ കളക്ഷനായ 6,40,000 രൂപയും ഹ൪ത്താൽ ദിനത്തിലെ കളക്ഷനും ചേ൪ത്ത് ആകെ 7,95,575 രൂപയാണ് പമ്പ് രേഖകളിൽ ലോക്കറിൽ കാണേണ്ടിയിരുന്നത്. 11ന് ബാങ്കിലടയ്ക്കാൻ പണം എടുക്കുമ്പോഴാണ് ലോക്കറിൽ വെറും ചാരം കണ്ടത്. പണം കത്തിനശിച്ചതായി ഇതിനെ തുട൪ന്ന് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഫോറൻസിക് വിഭാഗം ഉടനെത്തി സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചിരുന്നു. പ്രാഥമിക നിഗമനത്തിൽതന്നെ സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസിന് സംശയം തോന്നിയിരുന്നു. ഫോറൻസിക് പരിശോധനയിൽ കത്തിനശിച്ചത് കറൻസി നോട്ടുകളല്ലെന്നും പേപ്പറുകൾ കത്തിച്ചശേഷം ചാരം ലോക്കറിൽ നിക്ഷേപിക്കുകയായിരുന്നെന്നും കണ്ടെത്തി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വത്സല ഇവിടെ എട്ട് വ൪ഷമായി മാനേജരാണ്. രണ്ട് വ൪ഷമായി കണക്കുകളിൽ കൃത്രിമം കാട്ടി ആറരലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഈ കൃത്രിമം കണ്ടുപിടിക്കാതിരിക്കാനാണ് പണം കത്തിപ്പോയതായി തെളിയിക്കാൻ സ്ത്രീകൾ മാത്രം ഉപയോഗിക്കുന്ന മുറിയിൽ പേപ്പ൪ കൂട്ടിയിട്ട് കത്തിച്ചശേഷം ചാരം ലോക്കറിൽ കൊണ്ടിട്ടത്.
ഷോ൪ട്ട് സ൪ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് ആദ്യമേതന്നെ കണ്ടെത്തിയിരുന്നു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴും കൃത്രിമം കണ്ടിരുന്നു. അന്വേഷണം ജീവനക്കാരിലേക്ക് തിരിയാൻ ഇതുകാരണമായി. ലോക്കറിൽ പണം സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും വത്സലയാണെന്ന് ജീവനക്കാ൪ മൊഴി കൂടി നൽകിയതോടെ അവരെ പൊലീസ് വിശദമായ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ വത്സല കുറ്റം സമ്മതിക്കുകയായിരുന്നു. തട്ടിയെടുത്ത പണത്തിൽ ഒരുഭാഗം വീട്ടിൽ അടുക്കളയിലെ ഗ്യാസ് സിലിണ്ടറിൻെറ അടിവശത്തുനിന്ന് കണ്ടെടുത്തു. കൂടാതെ കൈമനത്ത് തന്നെയുള്ള ബാങ്ക് ഓഫ് ഇന്ത്യയിൽ മൂന്ന്ലക്ഷം രൂപ സ്വന്തം പേരിൽ നിക്ഷേപിച്ചതായും കണ്ടെത്തി.
ഫോ൪ട്ട് എ.സി കെ.എസ്. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ തമ്പാനൂ൪ സി.ഐ ഷീൻ തറയിൽ, കരമന എസ്.ഐ സുരേഷ് പി. നായ൪, എ.എസ്.ഐ വിജയൻ, വനിത സി.പി.ഒ ഷംലബീഗം, സി.പി.ഒമാരായ ഫൈസൽ, സെൽവരാജ്, സിറ്റി ഷാഡോ ടീമംഗങ്ങൾ ശ്രീകുമാ൪, അജിത് കുമാ൪ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2013 11:50 AM GMT Updated On
date_range 2013-07-16T17:20:44+05:30ലോക്കറില്‍ പണം കത്തിയത് വ്യാജം; പമ്പ് മാനേജരായ സ്ത്രീ അറസ്റ്റില്‍
text_fieldsNext Story