തലയറ്റ കങ്കാരുവിന്‍െറ വാലാടുന്നു
text_fieldsനോട്ടിങ്ഹാം: വാലറ്റത്തിൻെറ പ്രകടനത്തിനു മുന്നിൽ മുൻനിരക്കാ൪ ഇതുപോലെ നാണംകെട്ട അവസരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ നന്നേ കുറവായിരിക്കും. പന്തെറിയാൻ വന്നവ൪ ബാറ്റിങ്ങിൻെറ ഭാരം പേറുകയും മുൻനിരയിൽ പാഡുകെട്ടിയവ൪ക്ക് കണ്ടു പഠിക്കാൻ മിന്നുന്ന ഇന്നിങ്സുകൾ പുറത്തെടുക്കുകയും ചെയ്ത ദൃശ്യങ്ങളാണ് ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റിൽ കണ്ടത്. ഏകപക്ഷീയമാകുമായിരുന മത്സരം ആവേശഭരിതമാക്കിയത് അവസാന വിക്കറ്റിൽ രണ്ടിന്നിങ്സിലും ആസ്ട്രേലിയ നടത്തിയ അതിഗംഭീര ചെറുത്തു നിൽപ് വഴിയാണ്.
ആസ്ട്രേലിയൻ ടീമിലെ മുൻനിരക്കാരുടെ ആത്മവിശ്വാസത്തിന് ഇതിലും വലിയൊരു തിരിച്ചടി കിട്ടാനില്ല. തങ്ങളെല്ലാവരും കൂടി രണ്ടിന്നിങ്സുകളിലുമായി ഒരു 14 റൺസ് കൂടി എടുത്തിരുന്നെങ്കിൽ എന്ന് അവരിപ്പോൾ ഒന്നിച്ചു ചിന്തിക്കുന്നുണ്ടാവും. രാജ്യാന്തര ക്രിക്കറ്റിൻെറ പോരിടത്തിൽ ആദ്യമായി പാഡുകെട്ടിയ ആഷ്ടൺ ആഗ൪ എന്ന പത്തൊമ്പതുകാരൻ 11ാമനായിറങ്ങി കാഴ്ചവെച്ചത് മൈക്കൽ ക്ളാ൪ക്കിനും ഷെയ്ൻ വാട്സനുമൊക്കെ ഏതു കാലവും ഓ൪മയിൽ സൂക്ഷിച്ചുവെക്കാൻ പോന്നൊരു മാസ്മരിക ഇന്നിങ്സാണ്. അരങ്ങേറ്റ ടെസ്റ്റിൽ രണ്ടു റൺസിന് സെഞ്ച്വറി നഷ്ടമായെങ്കിലും സാങ്കേതികക്ഷമതയും ജാഗ്രതയുമൊക്കെ സന്നിവേശിപ്പിച്ച ഒന്നാന്തരം ഇന്നിങ്സായിരുന്നു ആഗറിൻേറത്. ഒമ്പതിന് 11 റൺസെന്ന നിലയിൽ പരുങ്ങിയ ഓസീസിൻെറ അവസാന വിക്കറ്റിൽ ആഗറും ഫിൽ ഹ്യുസും (81 നോട്ടൗട്ട്) ചേ൪ത്തത് 163 റൺസ്.
പിന്നീട് രണ്ടാം ഇന്നിങ്സ്. ഇത്തവണ ബ്രാഡ് ഹഡിനും ജെയിംസ് പാറ്റിൻസണുമായിരുന്നു ക്രീസിലെ അവസാന ജോടി. ഒമ്പതിന് 231 റൺസെന്ന നിലയിൽ ക്രീസിൽ ഒത്തുചേ൪ന്ന അവ൪ വിജയത്തിനരികെവരെ ടീമിനെ നയിച്ചാണ് 14 റൺസിനിപ്പുറം ഓസീസിന് വിറപ്പിച്ച് കീഴടങ്ങിയത്.
മത്സരത്തിൻെറ രണ്ടിന്നിങ്സിലുമായി ആസ്ട്രേലിയയുടെ അവസാന വിക്കറ്റ് കൂട്ടുകെട്ട് സ്കോ൪ബോ൪ഡിലത്തെിച്ചത് 228 റൺസാണ്. ബാക്കി 18 കൂട്ടുകെട്ടുകളിലായി മൊത്തം 348 റൺസ് മാത്രമാണ് ഓസീസ് സ്വന്തമാക്കിയതെന്നോ൪ക്കുക. ഓസീസിൻെറ നാലു മുൻനിര കുട്ടുകെട്ടുകൾ രണ്ടിന്നിങ്സിലുമായി നേടിയത് 214 റൺസ് മാത്രമാണ്. പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റുകളിൽ വാലറ്റം കാഴ്ചവെച്ച പ്രകടനം മുൻനിരക്ക് പ്രചോദനമായാൽ അതുതന്നെയാകും ഓസീസിൻെറ വലിയ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
