ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്
text_fieldsപോ൪ട് ഓഫ് സ്പെയിൻ: മഹേന്ദ്ര സിങ് ധോണിയുടെ വിമ൪ശക൪ കുറച്ചു കാലത്തേക്കെങ്കിലും ഇനി വായ തുറക്കില്ല. അത്ര കേമമായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻെറ തിരിച്ചുവരവ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുല൪ച്ചെ ശ്രീലങ്കക്കെതിരെ ടീമിന് ഒരു വിക്കറ്റിൻെറ അവിശ്വസനീയ ജയം സമ്മാനിച്ച ധോണി തൻെറ സമ്പാദ്യത്തിലേക്ക് ഒരു കിരീടം കൂടി ചേ൪ത്തു. ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂ൪ണമെൻറിലും ഇന്ത്യ ജേതാക്കളായി. ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ലങ്കക്കാ൪ 48.5 ഓവറിൽ 201 റൺസിന് പുറത്തായി. മറുപടിയായി രണ്ട് പന്തും ഒരു വിക്കറ്റും മാത്രം ശേഷിക്കെ ഇന്ത്യ 203 റൺസെടുത്തു. 52 പന്തിൽ 45 റൺസുമായി പുറത്താവാതെനിന്ന ധോണിയാണ് കളിയിലെ കേമൻ. ടൂ൪ണമെൻറിലുടനീളം മികച്ച ബൗളിങ് പ്രകടനം നടത്തിയ ഭുവനേശ്വ൪ കുമാ൪ മാൻ ഓഫ് ദ സീരീസായി.
അവസാന ഓവറിൽ പതിനൊന്നാമൻ ഇശാന്ത് ശ൪മയും ധോണിയും ക്രീസിൽ നിൽക്കെ ഇന്ത്യക്ക് ആവശ്യം 15 റൺസ്. ധോണിയായിരുന്നു സ്ട്രൈക്കിങ് എൻഡിൽ. ആദ്യ പന്തിൽ റൺ പിറക്കാതിരുന്നതിൻെറ സമ്മ൪ദം മറികടക്കാൻ ക്യാപ്റ്റൻെറ ഒന്നാന്തരമൊരു സിക്സ൪. തുട൪ന്ന് തേഡ്മാനിലൂടെ ബൗണ്ടറി. ലക്ഷ്യം മൂന്ന് പന്തിൽ അഞ്ച് റൺസായി കുറഞ്ഞു. കാത്തുനിൽക്കാൻ ക്ഷമ കാണിക്കാതെ നാലാം പന്ത് എക്സ്ട്രാ കവറിലൂടെ സിക്സറിന് പറത്തി റാഞ്ചിക്കാരൻ ഇന്ത്യക്ക് ജയവും കിരീടവും സമ്മാനിച്ചു. 89 പന്തിൽ 58 റൺസെടുത്ത ഓപണ൪ രോഹിത് ശ൪മയാണ് ടോപ് സ്കോറ൪. 100 പന്തിൽ 71 റൺസുമായി കുമാ൪ സങ്കക്കാര ലങ്കൻ നിരയിലും മിന്നി. ഇന്ത്യക്കായി രവീന്ദ്ര ജദേജയും എതിരാളികൾക്കുവേണ്ടി രംഗന ഹെറാത്തും നാല് വീതം വിക്കറ്റെടുത്തു.
റണ്ണൊഴുകാൻ മടിച്ചുനിന്ന പിച്ചിൽ ലങ്ക കുറിച്ച 202 റൺസ് ലക്ഷ്യം ഇന്ത്യക്ക് എളുപ്പമായിരുന്നില്ല. ഒമ്പതാം ഓവറിൽ ഓപണ൪ ശിഖ൪ ധവാൻ പുറത്താവുമ്പോൾ സ്കോ൪ ബോ൪ഡിൽ 23 റൺസ് മാത്രം. 35 പന്തിൽ 16 റൺസെടുത്ത ധവാനെ ഷമിൻഡ എറംഗയുടെ പന്തിൽ വിക്കറ്റ് കീപ്പ൪ സങ്കക്കാര സ്റ്റമ്പ് ചെയ്തു. അഞ്ച് പന്തിൽ രണ്ട് റൺസെടുത്ത വിരാട് കോഹ്ലിയെയും എറംഗയുടെ ഓവറിൽ സങ്കക്കാര സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഇന്ത്യ രണ്ടിന് 27.
രോഹിതും ദിനേശ് കാ൪ത്തിക്കും നടത്തിയ രക്ഷാപ്രവ൪ത്തനം നേരിയ ആശ്വാസം നൽകി. 23ാം ഓവറിലാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. 37 പന്തിൽ 23 റൺസ് നേടിയ കാ൪ത്തിക്കിനെ ജയവ൪ധനെ പിടിച്ചു, ഹെറാത്തിന് വിക്കറ്റ്. സ്കോ൪ മൂന്നിന് 77. രോഹിത്തിനൊപ്പം സുരേഷ് റെയ്നയും പൊരുതി. ഇതിനിടെ രോഹിത്തിനെ (58) ഹെറാത്ത് ബൗൾഡാക്കിയത് ഇന്ത്യക്ക് മറ്റൊരു ആഘാതമായി. 32ാം ഓവറിലായിരുന്നു ഓപണറുടെ മടക്കം. ഇന്ത്യ നാലിന് 139.
ധോണിക്കൊപ്പം അധിക നേരം നിൽക്കാതെ റെയ്ന തിരിച്ചുനടന്നു. 35ാം ഓവ൪ എറിഞ്ഞ സുരംഗ ലക്മൽ റെയ്നയെയും സങ്കക്കാര സ്റ്റമ്പ് ചെയ്തു. 27 പന്തിൽ 32 റൺസടിച്ച റെയ്നയുടെ വെടിക്കെട്ടിന് വിരാമമാകുമ്പോൾ സ്കോ൪ അഞ്ചിന് 145. ഇന്ത്യൻ ക്യാമ്പിൻെറ അവസാന പ്രതീക്ഷകളിലൊരാളായിരുന്ന ജദേജയും (അഞ്ച്) പിന്നാലെ മടങ്ങി. ഹെറാത്തിൻെറ വിക്കറ്റിന് മുന്നിലാണ് ജദേജ കുടുങ്ങിയത്. ഇന്ത്യ ആറിന് 152. നേരിട്ട ആദ്യ പന്തിൽ അശ്വിനെയും ഹെറാത്ത് വിക്കറ്റിന് മുന്നിൽ കുടുക്കി.
ഒരു ഭാഗത്ത് വിക്കറ്റുകൾ മുറക്ക് നിലംപതിക്കുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റൻെറ പോരാട്ടവീര്യം മാത്രമാണ് ലങ്കക്കാ൪ക്ക് അസ്വസ്ഥതയുണ്ടാക്കിയത്. ധോണി ക്രീസിലുണ്ടായിരിക്കെ ഇന്ത്യ തോറ്റ മത്സരങ്ങൾ വിരളമെന്നത് ഇന്ത്യക്ക് ആത്മവിശ്വാസമേകി. അവസാന 10 ഓവറിൽ വേണ്ടിയിരുന്നത് മൂന്ന് വിക്കറ്റ് ശേഷിക്കെ 37 റൺസ്.
42ാം ഓവറിൽ ഭുവനേശ്വറിനെ ലസിത് മലിംഗ എൽ.ബി.ഡബ്ള്യൂവിൽ പുറത്താക്കിയത് മറ്റൊരു തിരിച്ചടി സമ്മാനിച്ചു. 15 പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതെയായിരുന്നു ഭുവനേശ്വറിൻെറ വീഴ്ച. തുട൪ന്നത്തെിയ വിനയ് കുമാ൪ വിക്കറ്റ് കാക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. 47ാം ഓവ൪ വരെയേ വിനയിന് പിടിച്ചുനിൽക്കാനായുള്ളൂ. 16 പന്തിൽ അഞ്ച് റൺസെടുത്ത താരത്തെ നായകൻ എയ്ഞ്ചലോ മാത്യൂസിൻെറ ഓവറിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡ൪ സചിത്ര സേനാനായകെ ക്യാച്ചെടുത്തു. ഇന്ത്യ ഒമ്പതിന് 182. ജയത്തിലേക്ക് 20 റൺസ് ദൂരം.
അവസാന വിക്കറ്റായതിനാൽ സ്ട്രൈക്കിങ് എൻഡിൽനിന്ന് മാറാതിരിക്കാനായിരുന്നു ധോണിയുടെ ശ്രമം. മൂന്ന് ഓവറിൽ ആവശ്യം 19 റൺസ്. എന്നാൽ, 48, 49 ഓവറുകളിൽ പിറന്നത് രണ്ട് റൺസ് വീതം. ഇതോടെ 50ാം ഓവറിൽ 15 റൺസ് വേണമെന്നായി. രണ്ട് മത്സരങ്ങളിലെ വിശ്രമത്തിനുശേഷം കളത്തിൽ തിരിച്ചത്തെിയ ധോണി അവസരത്തിനൊത്തുയ൪ന്നതോടെ, ആതിഥേയരായ വെസ്റ്റിൻഡീസ് കൂടി ഉൾപ്പെട്ട ടൂ൪ണമെൻറിലെ കിരീടം ഇന്ത്യക്ക് സ്വന്തമായി. അഞ്ച് ബൗണ്ടറിയും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു ധോണിയുടെ ഇന്നിങ്സ്.
സ്കോ൪ബോ൪ഡ്
ശ്രീലങ്ക: തരംഗ സി ധോണി ബി ഭുവനേശ്വ൪ 11 (29) ജയവ൪ധനെ 22 (28) സങ്കക്കാര സി വിനയ് കുമാ൪ ബി അശ്വിൻ 71 (100) തിരിമന്നെ സി ഭുവനേശ്വ൪ ബി ഇശാന്ത് 46 (72) മാത്യൂസ് സി വിനയ് കുമാ൪ ബി ഇശാന്ത് 10 (24) പെരേര സ്റ്റംപ്ഡ് ധോണി ബി അശ്വിൻ 2 (4) ചാണ്ഡിമൽ സി അശ്വിൻ ബി ജദേജ 5 (7) ഹെറാത്ത് സ്റ്റംപ്ഡ് ധോണി ബി ജദേജ 5 (10) എരംഗ നോട്ടൗട്ട് 5 (12) മലിംഗ സി ഭുവനേശ്വ൪ ബി ജദേജ 0 (2) ലക്മൽ സ്റ്റംപ്ഡ് ധോണി ബി ജദേജ 1 (8) എക്സ്ട്രാസ് 23 ആകെ 48.5 ഓവറിൽ 201ന് ഓൾഒൗട്ട്.
വിക്കറ്റ് വീഴ്ച: 1-27, 2-49, 3-171, 4-174, 5-176, 6-183, 7-193, 8-196, 9-196, 10-201.
ബൗളിങ്: ഭുവനേശ്വ൪ 8-4-24-2 വിനയ് കുമാ൪ 6-1-15-0 ഇശാന്ത് 8-1-45-2 കോഹ്ലി 3-0-17-0 റെയ്ന 6-0-25-0 അശ്വിൻ 10-0-42-2 ജദേജ 7.5-1-23-4.
ഇന്ത്യ: രോഹിത് ബി ഹെറാത്ത് 58 (89) ധവാൻ സ്റ്റംപ്ഡ് സങ്കക്കാര ബി എരംഗ 16 (35) കോഹ്ലി സ്റ്റംപ്ഡ് സങ്കക്കാര ബി എരംഗ 2 (5) കാ൪ത്തിക് സി ജയവ൪ധനെ ബി ഹെറാത്ത് 23 (37) റെയ്ന സ്റ്റംപ്ഡ് സങ്കക്കാര ബി ലക്മൽ 32 (27) ധോണി നോട്ടൗട്ട് 45 (52) ജദേജ എൽ.ബി.ഡബ്ള്യു ബി ഹെറാത്ത് 5 (14) അശ്വിൻ എൽ.ബി.ഡബ്ള്യു ബി ഹെറാത്ത് 0 (1) ഭുവനേശ്വ൪ എൽ.ബി.ഡബ്ള്യു ബി മലിംഗ 0 (15) വിനയ് സി സേനാനായകെ ബി മാത്യൂസ് 5 (16) ഇശാന്ത് നോട്ടൗട്ട് 2 (7) എക്സ്ട്രാസ് 15 ആകെ 49.4 ഓവറിൽ ഒമ്പതിന് 203.
വിക്കറ്റ് വീഴ്ച: 1-23, 2-27, 3-77, 4-139, 5-145, 6-152, 7-152, 8-167, 9-182.
ബൗളിങ്: എരംഗ 9.4-2-50-2 ലക്മൽ 10-1-33-1 മാത്യൂസ് 10-1-38-1 മലിംഗ 10-1-58-1 ഹെറാത്ത് 10-2-20-4.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
