ജനങ്ങളുടെ സൈ്വരം കെടുത്തുന്ന രാഷ്ട്രീയ കാലുഷ്യം
text_fieldsസോളാ൪ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരളത്തിൻെറ സാമൂഹിക ജീവിതത്തെതന്നെ താളംതെറ്റിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിരിക്കയാണ്. കുറച്ചുദിവസമായി നാട്ടിലുടനീളം രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥയാണ് തുടരുന്നത്. ഏറ്റുമുട്ടലുകളും സംഘട്ടനങ്ങളും മൂലം സാമാന്യജനത്തിന് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത ഭീതിദാന്തരീക്ഷം നിലനിൽക്കുന്നു. ചൊവ്വാഴ്ച തലസ്ഥാന നഗരിയിൽ പ്രതിപക്ഷ പ്രവ൪ത്തകരും പൊലീസും മണിക്കൂറുകളോളം ഏറ്റുമുട്ടിയത് കേരളത്തിൻെറ ജനായത്ത പ്രബുദ്ധതക്ക് മാറ്റുകൂട്ടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നറിയില്ല. ജനജീവിതം ഒരു ദിവസത്തേക്ക് പൂ൪ണമായി സ്തംഭിപ്പിക്കുന്ന ഹ൪ത്താലിലാണ് അത് കലാശിച്ചത്. പ്രക്ഷുബ്ധാവസ്ഥ ഇവിടംകൊണ്ട് അവസാനിക്കുമെന്ന് കരുതാനും നിവൃത്തിയില്ല. സോളാ൪ വിഷയത്തിൽ മുഖ്യമന്ത്രി രാജിവെച്ചേ പറ്റൂ എന്ന ആവശ്യവുമായി പ്രക്ഷോഭപരമ്പരക്കുതന്നെ ഇടതുമുന്നണി ആഹ്വാനം ചെയ്തിരിക്കയാണ്. സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും നീങ്ങുന്ന മാ൪ച്ചുകൾ സമാധാനപരമായി കലാശിക്കുമെന്ന് സംഘാടക൪ക്കോ സ൪ക്കാറിനോ ഉറപ്പുനൽകാൻ സാധ്യമല്ലെന്ന് ഏവ൪ക്കുമറിയാം.
നിയമസഭക്കകത്തും പുറത്തും അരങ്ങേറുന്ന സംഘ൪ഷങ്ങളും അസുഖകരമായ സംഭവവികാസങ്ങളും ജനായത്ത അപചയങ്ങളുടെ മ്ളേച്ഛമുഖമാണ് അനാവൃതമാക്കുന്നത്. സോളാ൪ തട്ടിപ്പ് പോലുള്ള ഒരു വിഷയം കൈകാര്യം ചെയ്തത് അത് അ൪ഹിക്കുന്ന രീതിയിലോ എന്ന് സ൪ക്കാറും പ്രതിപക്ഷവും ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഉയ൪ന്ന ധാ൪മിക-സദാചാര നിലവാരം ഒരു രാഷ്ട്രീയ കക്ഷിയിൽനിന്നും ഇക്കാലത്ത് ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും സാമാന്യ മര്യാദയുടെ നിഷ്ഠകളെങ്കിലും പാലിക്കാൻ തങ്ങൾക്കു ബാധ്യതയുണ്ടെന്ന് രാഷ്ട്രീയനേതൃത്വം വിസ്മരിക്കാൻ പാടില്ലാത്തതാണ്. സംശയത്തിൻെറ നിഴലിൽ, എക്കാലവും അധികാരസോപാനങ്ങളിൽ തുടരാൻ സാധിക്കണമെന്നില്ലെന്ന് ഭരണക൪ത്താക്കൾ ആദ്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള കടുംപിടിത്തവും ബാലിശമായ വാദങ്ങളുമാണ് സോളാ൪ വിവാദത്തെ ഈവിധം ആളിക്കത്തിച്ചത്. അതോടെ നിഷ്ഫലമായത് നിയമസഭയുടെ ബജറ്റ് സമ്മേളനമാണ്. 28 ദിവസത്തേക്ക് വിളിച്ചുചേ൪ത്ത സമ്മേളനം ചേ൪ന്നത് കേവലം 12 ദിവസം. അതിൽ സോളാ൪ താപത്തിൽ 10 ദിവസവും സഭ തടസ്സപ്പെട്ടു. നിയമനി൪മാണങ്ങളൊന്നും നടന്നില്ല. ധനാഭ്യ൪ഥനകളിൽ അഞ്ചെണ്ണം മാത്രമാണ് ച൪ച്ചചെയ്തത്. 40 എണ്ണം ച൪ച്ചയൊന്നുമില്ലാതെ പാസാക്കി. ധനവിനിയോഗ ബില്ലിൻെറയും ധനകാര്യബില്ലിൻെറയും ഗതി മറ്റൊന്നായിരുന്നില്ല. അതിനിടയിൽ, വാക്കേറ്റത്തിൻെറയും കൈയേറ്റ ശ്രമങ്ങളുടെയുമെല്ലാം ജുഗുപ്സാവഹമായ രംഗങ്ങൾ സഭാതലത്തിൽ നമുക്ക് കാണേണ്ടിവന്നു. ക്രിയാത്മക ജനാധിപത്യത്തിന് ഈയൊരവസ്ഥ എത്രത്തോളം ഭൂഷണമാണെന്ന സ്പീക്കറുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് ഇരുപക്ഷത്തെയും നേതാക്കളാണ്.
സോളാ൪ തട്ടിപ്പ് ഉയ൪ത്തുന്ന അടിസ്ഥാനപരമായ സമസ്യകളെ പ്രതിപക്ഷ കക്ഷികൾ പോലും ഇതുവരെ സ്പ൪ശിച്ചിട്ടില്ല എന്നതാണ് യാഥാ൪ഥ്യം. അധികാരകേന്ദ്രങ്ങളുടെ തണലിൽ വ്യക്തികളും സംഘങ്ങളും നടത്തുന്ന തട്ടിപ്പുകളുടെയും കൊള്ളയുടെയും ചെറിയൊരു സാമ്പിൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മേനിയഴകുള്ള ഒരു പെണ്ണ് ഇറങ്ങിപ്പുറപ്പെട്ടാൽ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഏതു അധികാര ഉത്തുംഗവും തലകുനിക്കും എന്ന അനിഷേധ്യസത്യത്തെ എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചാലും അപഹാസ്യമാവുകയേയുള്ളൂ. നമ്മുടെ നാട്ടിൽ മാഫിയകൾ തഴച്ചുവളരുന്നതും ചൂഷണത്തിൻെറ ദംഷ്ട്രങ്ങൾ സമൂഹ ഗാത്രത്തിൽ ആഴ്ത്തി ചോര കുടിക്കുന്നതും ഭരണകൂട മെഷിനറിയുടെ കൃപാശിസ്സുകളോടെയാണ്. ഇത്തരം കൂട്ടുകെട്ടുകളുടെ കെട്ടുനാറുന്ന കഥകൾ പുറത്തുവരുമ്പോൾ മാത്രമാണ് സാമാന്യജനത്തിന് തങ്ങൾ ഇതുവരെ കബളിപ്പിക്കപ്പെടുകയാണല്ലോ എന്ന് ബോധമുദിക്കുന്നത്. ഒട്ടനവധി ബിജുരാധാകൃഷ്ണന്മാരും സരിതമാരും ശാലുമാരും അധികാരത്തിൻെറ കോട്ടക്കൊത്തളങ്ങളിൽ സ്വാധീനമുറപ്പിച്ച് തട്ടിപ്പുകളുടെ സാമ്രാജ്യം പണിതുയ൪ത്തി യഥേഷ്ടം ജനങ്ങളെ വഞ്ചിക്കുന്നുണ്ട്. അവ കണ്ടുപിടിക്കപ്പെടുമ്പോൾ അതുവരെ അവ൪ക്ക് തണൽ വിരിച്ചവ൪ തങ്ങൾ പുണ്യവാളന്മാരാണെന്നും കൈകൾ ശുദ്ധമാണെന്നും ജനങ്ങളെ വിശ്വസിപ്പിക്കാൻ പതിനെട്ടടവുകളും പുറത്തെടുക്കാൻ ശ്രമിക്കുക സ്വാഭാവികം. അതിൻെറ ഒച്ചപ്പാടും ബഹളവുമാണ് വിവാദമായി അന്തരീക്ഷത്തെ മലീമസമാക്കുന്നത്. സംശയദൂരീകരണത്തിനല്ല, സ്വയം രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ആരോപണവിധേയരായവ൪ ആവനാഴിയിലെ അവസാനത്തെ അമ്പും പുറത്തെടുക്കുന്നത്. രാഷ്ട്രീയ നൈതികത എന്ന കാലഹരണപ്പെട്ട ഒരു മൂല്യത്തെക്കുറിച്ച് ഒരാളും മിണ്ടുന്നില്ല എന്നതാണ് ഇത്തരം ഘട്ടങ്ങളിൽ മന$സാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നത്. തങ്ങളുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്ന, അല്ലെങ്കിൽ സൽപേരിന് കളങ്കം ചാ൪ത്തുന്ന നിസ്സാരമായ ആരോപണം ഉയരുമ്പോഴേക്കും അധികാരസ്ഥാനം വലിച്ചെറിയാൻ ആ൪ജവം കാട്ടിയ ഒരു തലമുറ കടന്നുപോയിട്ടുണ്ടെന്ന് വിശ്വസിക്കാൻ പോലും സാധ്യമാവാത്ത അധ$പതനമാണ് നമ്മുടെ രാഷ്ട്രീയരംഗം നേരിടുന്നത്.
അക്രമത്തിലൂടെയും മെയ്കരുത്തിലൂടെയും രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം എന്ന ജനാധിപത്യവിരുദ്ധമായ കാഴ്ചപ്പാടാണ് ജനങ്ങളുടെ സൈ്വരം കെടുത്തുന്ന രാഷ്ട്രീയകാലൂഷ്യം വള൪ത്താൻ കാരണമാകുന്നത്. സമാധാനപരമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും തീ൪ത്തും നിഷ്ഫലമാണ് എന്ന പരോക്ഷ പ്രഖ്യാപനത്തിലൂടെയാണ് പ്രതിപക്ഷം ആത്യന്തിക ലക്ഷ്യപ്രാപ്തിക്കായി തെരുവിലിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യം നേടിയെടുക്കാൻ തെരുവിൽ പോ൪ക്കളം തീ൪ത്തതുകൊണ്ട് ഫലമുണ്ടാകുമെന്ന് കരുതുന്നത് മൗഢ്യമല്ലേ? സോളാ൪ തട്ടിപ്പ് കേരളത്തിൻെറ പൊതുബോധത്തെ തൊട്ടുണ൪ത്തിയിട്ടുണ്ട്. അധികാരകേന്ദ്രങ്ങളിൽ ദു$സ്വാധീനമുറപ്പിക്കുന്ന ക്ഷുദ്രശക്തികൾ എത്ര വ്യാപകമായാണ് തട്ടിപ്പിൻെറ നീരാളിക്കൈകൾ നീട്ടിയതെന്നറിഞ്ഞ് ജനം ഞെട്ടിത്തരിച്ചിരിക്കയാണ്. ഇവരെ തലോടി രക്ഷിക്കുന്ന കരങ്ങൾ ഏതെന്നും ജനത്തിന് മനസ്സിലായിട്ടുണ്ട്. കുറ്റവാളികളെ അഖണ്ഡനീയമായ തെളിവുകളുടെ പിൻബലത്തോടെ സമൂഹമധ്യേ തുറന്നുകാണിക്കുകയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അ൪ഹിക്കുന്ന ശിക്ഷ നൽകാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് വേണ്ടത്. ജനം ആഗ്രഹിക്കുന്നതും അതാണ്. നിയമം കൈയിലെടുക്കുമ്പോൾ ആരായാലും അവ൪ സ്വയം ജനശത്രുക്കളായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
