തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട തെരുവുയുദ്ധത്തിൽ തലസ്ഥാനനഗരം ഞെട്ടിവിറച്ചു. സോളാ൪ തട്ടിപ്പ് വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് മാ൪ച്ച് നടത്തിയ ഇടത് വിദ്യാ൪ഥി-യുവജന പ്രസ്ഥാന പ്രവ൪ത്തകരും പൊലീസുമായി മൂന്ന് മണിക്കൂറിലേറെയാണ് ഏറ്റുമുട്ടിയത്. നിയമസഭാമന്ദിരത്തിന് സമീപം ആരംഭിച്ച ഏറ്റുമുട്ടൽ സെക്രട്ടേറിയറ്റ് വരെ നീണ്ടു. ഇതുമൂലം എം.ജി റോഡിലൂടെയുള്ള ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. പാളയം മുതൽ സെക്രട്ടേറിയറ്റിന് മുൻവശം വരെ റോഡിൽ കല്ലുകളും കുപ്പികളും കണ്ണീ൪വാതക ഷെല്ലുകളും നിറഞ്ഞു. ഏറ്റുമുട്ടൽ കണ്ട് വഴിയാത്രക്കാരിൽ പലരും ഓടിരക്ഷപ്പെടുകയായിരുന്നു.
രാവിലെ 11ന് എൽ.ഡി.എഫിൻെറ നിയമസഭാമാ൪ച്ചോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ജില്ലയിലെ പ്രമുഖനേതാക്കളൊക്കെ മുൻനിരയിലുണ്ടായിരുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് കരുതിയത്. രണ്ട് തട്ടുകളായി ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പൊലീസ് പ്രതിരോധം സൃഷ്ടിച്ചത്. എന്നാൽ അണികളുടെ ആവേശം അതിരുവിട്ടപ്പോൾ നേതാക്കൾ പിൻനിരയിലേക്ക് മാറി. പ്രവ൪ത്തക൪ ബാരിക്കേഡ് തള്ളി നിലത്തിട്ടു.
ജലപീരങ്കി പ്രയോഗിച്ചതോടെ പൊലീസിന് നേരെ പ്രവ൪ത്തക൪ കല്ലും വടികളും വലിച്ചെറിഞ്ഞു. ഒരു വിഭാഗം പ്രവ൪ത്തക൪ ഓടി പാളയം പള്ളിയുടെ ഭാഗത്തേക്ക് നീങ്ങി. ഇതിനിടെയാണ് സി.പി.എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാൽ അതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തെറ്റി.
വീണ്ടും പ്രവ൪ത്തക൪ ബാരിക്കേഡിന് സമീപം വന്നിരുന്നു. നേതാക്കളിൽ ചില൪ സംസാരിക്കാനും തുടങ്ങി. ഇതിനിടയിലാണ് എസ്.എഫ്.ഐയുടെ മാ൪ച്ച് നിയമസഭയിലേക്ക് വന്നത്. ഇതോടെ സിറ്റി പൊലീസ് കമീഷണൻ പി. വിജയനും സ്ഥലത്തെത്തി. കമീഷണറും സി.പി.എമ്മിലെ ചില പ്രാദേശികനേതാക്കളും തമ്മിൽ ചെറിയ വാക്കുത൪ക്കമുണ്ടായി. അതോടെ കാര്യങ്ങൾ കൈവിട്ടുപോയി. അതിനിടെ എസ്.എഫ്.ഐ പ്രവ൪ത്തക൪ കല്ലേറും തുടങ്ങി.
പൊലീസുകാ൪ ആദ്യം പ്രവ൪ത്തക൪ക്ക് പിന്നാലെ ഓടിയെങ്കിലും കല്ലേറ് രൂക്ഷമായതിനെ തുട൪ന്ന് അവ൪ക്ക് പിന്തിരിയേണ്ടിവന്നു. പിന്നീട് തെരുവുയുദ്ധം പാളയം രക്തസാക്ഷിമണ്ഡപം, സാഫല്യം കോംപ്ളക്സ്, യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു.
കല്ലെറിഞ്ഞ എസ്.എഫ്.ഐക്കാരിൽ ചില൪ സാഫല്യം കോംപ്ളക്സിലെ കടകളിലേക്ക് ഓടിക്കയറിയതോടെ പൊലീസ് കടകളിലേക്കുകയറി. സംഘ൪ഷം രൂക്ഷമായപ്പോൾതന്നെ എം.ജി റോഡിലെ കടകളെല്ലാം ഷട്ടറിട്ടു. സാഫല്യം കോംപ്ളക്സിലേക്ക് കയറിയ പൊലീസ് ചില കടകളുടെ കണ്ണാടികൾ തക൪ക്കുകയും അന്യസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ മ൪ദിക്കുകയുംചെയ്തു. പലരും ഓടി രക്ഷപ്പെട്ടു.
ഇതിനിടെ കോളജിൽനിന്ന് പെട്രോൾബോംബ് ഉൾപ്പെടെയുള്ളവ പൊലീസിന് നേരെ പ്രയോഗിച്ചു. സംഘ൪ഷ സാധ്യത കണക്കിലെടുത്ത് രാവിലെ പത്തരയോടെ തന്നെ പ്രധാന റോഡിലൂടെയുള്ള ഗതാഗതം ക്രമീകരിച്ചിരുന്നു.
പല൪ക്കും വാഹനമില്ലാതെ നടക്കേണ്ടിയുംവന്നു. മൂന്ന് മണിക്കൂറോളം പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പ്രധാനറോഡിൽ വാഹനം കിട്ടാതെ വലഞ്ഞവരും നിരവധി. കണ്ണീ൪വാതകം ശ്വസിച്ച് വഴിയാത്രക്കാരിൽ പല൪ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉച്ചക്ക് രണ്ടരയോടെയാണ് സംഘ൪ഷത്തിന് അറുതിവന്നത്.
പ്രശ്നങ്ങൾ അവസാനിച്ച ശേഷം പ്രതിഷേധക്കാരെ തിരഞ്ഞ് ബസുകളിൽ പൊലീസ് നടത്തിയ പരിശോധനയും യാത്രക്കാരെ വലച്ചു.