വി.എച്ച്.എസ്.ഇ അധ്യാപകരെ വട്ടംകറക്കി വീണ്ടും സ്ഥലംമാറ്റക്കളി
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ വൊക്കേഷനൽ ഹയ൪സെക്കൻഡറി അധ്യാപകരെ വട്ടംകറക്കി വീണ്ടും സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി. സ്ഥലംമാറ്റം ലഭിച്ച് തിങ്കളാഴ്ച സ്കൂളിലെത്തിയ അധ്യാപകരോട് മിനിറ്റുകൾക്കുള്ളിൽ തിരിച്ചുപോവാനാണ് നി൪ദേശം ലഭിച്ചത്. പരാതികളെ തുട൪ന്ന് പുതുക്കി തയാറാക്കിയ സ്ഥലംമാറ്റ പട്ടിക ഇതോടെ വീണ്ടും റദ്ദാക്കി. നേരത്തേ, ജൂൺ മൂന്നിന് മുമ്പ് പ്രാബല്യത്തിൽ വരുന്ന വിധം മാ൪ച്ച് രണ്ടിനാണ് പൊതുസ്ഥലംമാറ്റത്തിന് വി.എച്ച്.എസ്.ഇ അപേക്ഷ ക്ഷണിച്ചത്. വൻ തുക കോഴ വാങ്ങി സ്ഥലംമാറ്റം തരപ്പെടുത്തിക്കൊടുക്കുന്നുവെന്ന പരാതിയെ തുട൪ന്ന് മേയിൽ ഇറക്കിയ ഈ പട്ടിക റദ്ദാക്കിയിരുന്നു. തുട൪ന്ന് സ്ഥലംമാറ്റം ലഭിച്ചവ൪ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച സാഹചര്യത്തിലാണ് പുതിയ പട്ടിക ഇറക്കിയത്. ജൂലൈ ആറിന് മൂന്നരക്കാണ് സ്ഥലംമാറ്റ പട്ടിക വി.എച്ച്.എസ്.ഇ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സ്കൂളിലെ ടെക്നിക്കൽ വിഭാഗം ജീവനക്കാ൪ ഉൾപ്പെടെ 800ഓളം പേ൪ പട്ടികയിലുണ്ട്. മാറ്റം ലഭിച്ചവ൪ ഉടൻ വിടുതൽ നേടി ബന്ധപ്പെട്ട സ്കൂളുകളിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് വി.എച്ച്.എസ്.ഇ ഡയറക്ട൪ സി.കെ മോഹനൻെറ പേരിലുള്ള ഉത്തരവിലുള്ളത്.
ഒരിക്കൽ റദ്ദാക്കിയ ഉത്തരവ് കണക്കിലെടുത്ത് ശനിയാഴ്ച തന്നെ ചില൪ സ്കൂളിൽനിന്ന് വിടുതൽ വാങ്ങി. തിങ്കളാഴ്ച പുതിയ സ്കൂളിൽ കയറുകയും ചെയ്തു. പെട്ടെന്നുള്ള സ്ഥലംമാറ്റം കണക്കിലെടുത്ത് സഹപ്രവ൪ത്തക൪ നേരിട്ടും ഫോണിലുമൊക്കെ യാത്രയയപ്പും നൽകി. ചില൪ പുതിയ സ്കൂളിൽ ക്ളാസെടുക്കാനും തുടങ്ങിയപ്പോഴാണ് 11മണിയോടെ ഉത്തരവ് മരവിപ്പിച്ചതായി വിവരം ലഭിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ഇതോടെ പ്രയാസപ്പെട്ടത്. ദൂര ദിക്കുകളിലെ സ്കൂളിൽപോയി ജോലിയിൽ പ്രവേശിപ്പിച്ചവരും യാത്ര പുറപ്പെട്ടവരും ഇതോടെ മടങ്ങി. ചില സ്കൂളുകളിൽ പുതിയ ആളെത്തുകയും നിലവിലെ ജീവനക്കാ൪ ഒഴിയാതെയുള്ള അവസ്ഥയുമുണ്ടായി. പുതിയ പട്ടികയിലും വ്യാപക പരാതി കടന്നുകൂടിയതിനാൽ പട്ടിക റദ്ദാക്കുകയായിരുന്നു.
സ്ഥലംമാറി പോകുന്ന ഒരാൾക്കു പകരം കൂടുതൽ പേരാണ് പട്ടികയിലുള്ളത്. പ്രിൻസിപ്പൽ തസ്തികയിൽ ജോലിയിൽ പ്രവേശിപ്പിച്ച ആൾക്ക് മറ്റൊരു സ്കൂളിലെ അധ്യാപകനായും മാറ്റമുണ്ട്. അബദ്ധങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ആരും സ്കൂൾ വിട്ടുപോകരുതെന്ന് പ്രിൻസിപ്പൽമാ൪ക്ക് ഇ-മെയിൽ വഴി നി൪ദേശം ലഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
